കടല്‍ക്കൊല: സര്‍ക്കാര്‍ നടപടികള്‍ തൃപ്തികരമെന്ന്
തിരുവനന്തപുരം: കടലില്‍ മത്സ്യത്തൊഴിലാളികളെ വെടിവെച്ച സംഭവത്തില്‍ സര്‍ക്കാര്‍ ഇതുവരെ സ്വീകരിച്ച നടപടികള്‍ തൃപ്തികരമാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. നിയമസഭയില്‍ ഇത് സംബന്ധിച്ച പ്രതിപക്ഷത്തിന്റെ അടിയന്തരപ്രമേയനോട്ടീസിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.
നിയമപരമായി ചെയ്യാന്‍ കഴിയുന്നതെല്ലാം സര്‍ക്കാര്‍ ചെയ്യുന്നുണ്ട്. കേരളത്തിന്റെ നടപടിക്ക് കേന്ദ്രസര്‍ക്കാര്‍ പൂര്‍ണപിന്തുണ നല്‍കിയിട്ടുണ്ട്. ഇന്ത്യന്‍ നിയമത്തിന് വിധേയരാകണമെന്നാണ് ഇറ്റലിയോട് ആവശ്യപ്പെട്ടിരിക്കുന്നത്. സംഭവം നടന്ന ശേഷം കപ്പല്‍ പിന്തുടര്‍ന്ന് കണ്‌ടെത്താനായതും സര്‍ക്കാര്‍ ഉണര്‍ന്നു പ്രവര്‍ത്തിച്ചതുകൊണ്ടാണെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
തീരദേശ സുരക്ഷയ്ക്കായി പത്ത് പോലീസ് സ്റ്റേഷനുകള്‍ കൂടി ആരംഭിക്കും. കോസ്റ്റല്‍ ഹോം ഗാര്‍ഡുകളായി തീരദേശ സ്റ്റേഷനുകളില്‍ മത്സ്യത്തൊഴിലാളികളെ നിയമിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. തുടര്‍ന്നാണ് അടിയന്തരപ്രമേയത്തിന് അനുമതി നിഷേധിച്ചത്.
പ്രതിപക്ഷത്തെ പ്രതിനിധീകരിച്ച് പി.കെ. ഗുരുദാസന്‍ ആണ് അടിയന്തരപ്രമേയത്തിന് അനുമതി തേടിയത്. ഇറ്റലി എന്നു കേള്‍ക്കുമ്പോള്‍ ഭരണപക്ഷത്തിന് മുട്ടുവിറയ്ക്കുകയാണെന്നുള്‍പ്പെടെ രൂക്ഷമായ വിമര്‍ശനമാണ് പി.കെ. ഗുരുദാസന്‍ നടത്തിയത്.
കടലില്‍ പോകാന്‍പോലും കഴിയാതെ മത്സ്യത്തൊഴിലാളികള്‍ ഭീതിയിലാണ്. ചേര്‍ത്തല തീരത്ത് മത്സ്യബന്ധന ബോട്ടില്‍ ഇടിച്ച കപ്പല്‍ എന്തുകൊണ്ടാണ് ചെന്നൈ തീരത്തേക്ക് വിട്ടതെന്നും കേരളത്തില്‍ എത്തിക്കാന്‍ എന്തുകൊണ്ട് നിര്‍ദേശം നല്‍കിയില്ലെന്നും അദ്ദേഹം ചോദിച്ചു.
മുഖ്യമന്ത്രിയുടെ വിശദീകരണത്തെ തുടര്‍ന്ന് അടിയന്തരപ്രമേയത്തിന് അനുമതി നിഷേധിക്കുകയും ചെയ്തു. ഇതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം സഭയില്‍ നിന്ന് ഇറങ്ങിപ്പോയി.












Click it and Unblock the Notifications