മണപ്പുറം, മുത്തൂറ്റ് ഓഹരികള്‍ ഇടിഞ്ഞു

ചൈനയിലെ വളര്‍ച്ചാനിരക്കിലുണ്ടായ തിരിച്ചടിയാണ് വിപണിയെ കാര്യമായി സ്വാധീനിച്ചത്. യൂറോപ്യന്‍ വിപണികളെല്ലാം തന്നെ വന്‍ നഷ്ടത്തിലാണ് വില്‍പ്പന തുടരുന്നത്. മുംബൈ ഓഹരി സൂചികയായ സെന്‍സെക്‌സ് 405.24 പോയിന്റ് താഴ്ന്ന് 17196.47ലും ദേശീയ സൂചികയായ നിഫ്റ്റി 136.50 പോയിന്റും താഴോട്ടിറങ്ങി.
സ്വര്‍ണപണയത്തിന്റെ കാര്യത്തില്‍ റിസര്‍വ് ബാങ്ക് മുന്നോട്ടുവെച്ച കര്‍ശനനിര്‍ദ്ദേശങ്ങള്‍ മണപ്പുറം ഫിനാന്‍സിയേഴ്‌സിനും മുത്തൂറ്റ് ഫിനാന്‍സിനും കനത്ത തിരിച്ചടി നല്‍കി. 45.30ല്‍ വില്‍പ്പന തുടങ്ങിയ മണപ്പുറം 18.54 നഷ്ടത്തോടെ 36.90ലും മുത്തൂറ്റ് 9.64 ശതമാനം നഷ്ടത്തോടെ 146.65ലും വില്‍പ്പന അവസാനിപ്പിച്ചു. ജെഎസ് ഡബ്ല്യയു എനര്‍ജി, എച്ച്ഡിഐഎല്‍, ജെഎസ്ഡബ്ല്യു സ്റ്റീല്‍ ഓഹരികള്‍ക്കും തിരിച്ചടിയേറ്റു. ചെറുകിട നിക്ഷേപകര്‍ക്ക് ഏറെ പ്രിയപ്പെട്ട ടാറ്റാ സ്റ്റീല്‍ 21.45 പോയിന്റ് താഴ്ന്ന് 450.50ലാണ് ക്ലോസ് ചെയ്തത്.
ലയനം സംബന്ധിച്ച് പുറത്തുവന്ന ചില വാര്‍ത്തകള്‍ടെക് മഹീന്ദ്ര, സത്യം കംപ്യൂട്ടേഴ്‌സ് തുടങ്ങിയ ഓഹരികളെ മുന്നോട്ടുയര്‍ത്തി. ഹിന്ദ് കോപ്പര്‍, കോള്‍ ഇന്ത്യ, കാസ്‌ട്രോള്‍ ഇന്ത്യ, അശോക് ലെയ്‌ലന്റ് കമ്പനികള്‍ക്ക് നല്ല ദിവസമായിരുന്നു.
വര്‍ധിപ്പിച്ച റെയില്‍വേ നിരക്കുകള്‍ കുറയ്ക്കാനുള്ള തീരുമാനം കേന്ദ്രഗവണ്‍മെന്റിലുള്ള വിശ്വാസം തകര്‍ക്കുന്ന നടപടിയായാണ് പല വിദേശകമ്പനികള്‍ കണ്ടത്. സാമ്പത്തികപരിഷ്‌കരണ നടപടികളുമായി മുന്നോട്ടുപോകാന്‍ മന്‍മോഹന്‍ സിങിന് കഴിയില്ലെന്നതിന്റെ പ്രഖ്യാപനം കൂടിയായിരുന്നു ഇത്. പത്തുവര്‍ഷത്തിനുശേഷമുള്ള നാമമാത്രമായ ചാര്‍ജ്ജ് വര്‍ധന പോലും നടപ്പാക്കാന്‍ കഴിയാത്ത വിധം സര്‍ക്കാര്‍ ദുര്‍ബലമായിരിക്കുന്നു.
എന്താണ് മണപ്പുറത്തിനും മുത്തൂറ്റിനും പറ്റിയത്?
മണപ്പുറവും മുത്തൂറ്റും നോണ്‍ ബാങ്കിങ് ഫിനാന്‍സിങ് സ്ഥാപനങ്ങളാണ്. ഇത്തരം സ്ഥാപനങ്ങള്‍ സ്വര്‍ണ പണയത്തില്‍ നല്‍കുന്ന വായ്പയ്ക്ക് ചില നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ റിസര്‍വ് ബാങ്ക് തീരുമാനിക്കുകയായിരുന്നു.
ഇനി മുതല്‍ പണയം വെയ്ക്കുന്ന സ്വര്‍ണത്തിന്റെ 60 ശതമാനം മാത്രമേ വായ്പയായി അനുവദിക്കാനാവൂ. ഇത് പരമാവധിയായതിനാല്‍ കമ്പനികള്‍ക്ക് അതിലും താഴെയുള്ള ഏതെങ്കിലും ഒരു നിരക്ക് നിശ്ചയിക്കേണ്ടി വരും. കൂടാതെ സ്വര്‍ണ നാണയങ്ങളും സ്വര്‍ണബാറുകളും പണയത്തിനെടുക്കരുതെന്ന നിര്‍ദ്ദേശവും നല്‍കിയിട്ടുണ്ട്.
കഴിഞ്ഞ ഏതാനും വര്‍ഷങ്ങള്‍ കൊണ്ട് മുത്തൂറ്റും മണപ്പുറവും അദ്ഭുതകരമായ വളര്‍ച്ചയാണ് സ്വന്തമാക്കിയത്. ബാങ്കിങ് മേഖലയ്ക്കും ചെറുകിട നിക്ഷേപകര്‍ക്കും കനത്ത തിരിച്ചടിയാണ് ഈ വളര്‍ച്ച കൊണ്ടുണ്ടായിട്ടുള്ളത്.












Click it and Unblock the Notifications