2 മാസം: നിരത്തുകളില്‍ പൊലിഞ്ഞത് 698 ജീവനുകള്‍

ജനുവരി, ഫെബ്രുവരി മാസങ്ങളിലുണ്ടായ അപകടമരണത്തിന്റെ 80 ശതമാനത്തോളം കാല്‍നടയാത്രക്കാരും ഇരുചക്ര വാഹന യാത്രക്കാരുമാണ്. കാറിലും ബസിലുമായി യാത്ര ചെയ്ത് മരണത്തിനിരയായവരുടെ എണ്ണം വെറും പത്തു ശതമാനം മാത്രം.
ലൈറ്റ് മോട്ടോര്‍ വെഹിക്കിളുകള്‍ സൃഷ്ടിച്ച അപകടങ്ങളില്‍ 144 പേരും ഓട്ടോറിക്ഷകള്‍ സൃഷ്ടിച്ച അപകടങ്ങളില്‍ 46 പേരും മരിച്ചു. കെഎസ്ആര്‍ടിസി ബസുകള്‍ സൃഷ്ടിച്ച അപകടങ്ങളില്‍ മാസത്തിനിടെ 35 പേര്‍ മരിച്ചു. മറ്റു ഹെവി വെഹിക്കിളുകള്‍ സൃഷ്ടിച്ച അപകടങ്ങളില്‍ 183 പേരും മരണമടഞ്ഞതായാണു കണക്കുകള്‍ വ്യക്തമാക്കുന്നത്.
ഇരുചക്രവാഹനയാത്രക്കാരുടെ മരണങ്ങളില്‍ 90 ശതമാനവും തലയ്‌ക്കേറ്റ ക്ഷതം മൂലമാണ് സംഭവിച്ചിരിക്കുന്നത്. അപകടസമയത്ത് ഹെല്‍മെറ്റ് ഉപയോഗിച്ചിരുന്നുവെങ്കില്‍ ഈ മരണങ്ങളില്‍ പകുതിയിലധികവും ഒഴിവാക്കാമായിരുന്നുവെന്ന് വിദഗ്ധര്‍ പറയുന്നു. ഒരു വാഹനത്തിലും ഇടിക്കാതെ സ്വയം വാഹനമോടിച്ച് മരണത്തെ പുല്‍കിയവരും കുറവല്ല. 122 പേരാണ് ഇപ്രകാരം മരിച്ചത്. ഇതില്‍ 69 പേര്‍ ബൈക്ക് യാത്രികരാണ്
കാല്‍നടയാത്രക്കാരില്‍ മരണമടഞ്ഞ 241 പേരില്‍ 106 പേരും 60 വയസു കഴിഞ്ഞവരാണ്. 50 മുതല്‍ 60 വയസുവരെയുള്ള 42 പേര്‍ മരിച്ചിരുന്നു. കുതിച്ചുപായുന്ന വാഹനങ്ങള്‍ക്കിയിലൂടെ റോഡ് മുറിച്ചുകടക്കാനും ഓടിരക്ഷപ്പെടാനും കഴിയാത്തതാണ് ഇവര്‍ അപകടങ്ങളില്‍പ്പെടുന്നതിന് കാരണമായി ചൂണ്ടിക്കാണിയ്ക്കപ്പെടുന്നത്.
റോഡപകടങ്ങള്‍ വര്‍ധിക്കുന്ന പശ്ചാത്തലത്തില്‍ തീവ്രയത്‌ന പരിപാടിയുമായി പോലീസ് രംഗത്തെത്തിയിട്ടുണ്ട്. ഹെല്‍മറ്റ് പരിശോധന വ്യാപിപ്പിക്കുക, മദ്യപിച്ചു വാഹനം ഓടിക്കുന്നതു തടയുക, കാല്‍നട യാത്രക്കാരുടെ സുരക്ഷിതത്വം ഉറപ്പാക്കുക എന്നിവയ്ക്ക് ഊന്നല്‍ നല്‍കിക്കൊണ്ടുള്ള പരിശോധനകളാണു നടപ്പാക്കുകയെന്ന് ഡിജിപി ജേക്കബ് പുന്നൂസ് അറിയിച്ചു.
ട്രാഫിക് ബോധവത്കരണ പരിപാടികള്‍ ഊര്‍ജിതമാക്കുന്നതിന്റെ ഭാഗമായി റോഡ് സുരക്ഷാ ഫണ്ടില്‍നിന്ന് ഒരു കോടി രൂപ അനുവദിക്കും. പതിനായിരത്തോളം സ്റ്റുഡന്റ് പോലീസ് കേഡറ്റുകള്‍ ഏപ്രില്‍ 17 മുതല്‍ പത്തുദിവസത്തെ ബോധവല്‍ക്കരണ പരിപാടികള്‍ നടത്തുമെന്നും ഡി.ജി.പി അറിയിച്ചു. വരിവരിയായി വാഹനം തടഞ്ഞുനിര്‍ത്തിയുള്ള വാഹന പരിശോധന ഒഴിവാക്കാനും ജനങ്ങളെ ശിക്ഷിക്കുന്നതിന് പകരം ബോധവത്ക്കരിക്കാനും ഡി.ജി.പി നിര്‍ദേശം നല്‍കിയിട്ടുണ്ട്.












Click it and Unblock the Notifications