കോക്പിറ്റില്‍ പാമ്പ്; വിമാനം താഴെയിറക്കി
കാന്‍ബറ: പറക്കുന്നതിനിടെ കോക്ക്പിറ്റിനുള്ളില്‍ പാമ്പിനെ കണ്ടതിനെത്തുടര്‍ന്ന് ആസ്‌ത്രേലിയയില്‍ ചരക്കുവിമാനം അടിയന്തരമായി നിലത്തിറക്കി. പെപ്പിമെനര്‍ട്ടിയില്‍ നിന്നു ഡാര്‍വിനിലേക്കു പുറപ്പെട്ട എയര്‍ ഫ്രണ്ടിയര്‍ വിമാനമാണു പറന്നുയര്‍ന്ന് 20 മിനിറ്റിനുശേഷം തിരിച്ചിറക്കിയത്.
വിമാനം പറന്നുയര്‍ന്ന ഉടനെയാണ് കോക്ക്പിറ്റിനുള്ളിലെ ഡാഷ് ബോര്‍ഡിനുള്ളില്‍ നിന്ന് ക്ഷണിയ്ക്കപ്പെടാത്ത അതിഥി തല പൊന്തിച്ച് കാര്യമന്വേഷിച്ചത്.
ഡാഷ് ബോര്‍ഡില്‍ നിന്നു ട്രാന്‍സ്മിറ്റ് ബട്ടണു സമീപത്തുകൂടി പാമ്പ് പുറത്തേക്കു തലനീട്ടുകയായിരുന്നുവെന്ന് പൈലറ്റ് പറയുന്നു. കണ്‍ട്രോള്‍ ടവറിലേക്ക് ആശയവിനിമയം നടത്തുന്നതും ഇതോടെ ദുഷ്‌കരമായി. വിമാനത്തില്‍ പാമ്പ് കയറിയതിനാല്‍ തിരിച്ചുവരികയാണെന്നായിരുന്നു പൈലറ്റ് കണ്‍ട്രോള്‍ റൂമിലേക്ക് കൈമാറിയ സന്ദേശം.
വിമാനം തിരിച്ചിറക്കിയശേഷം പാമ്പു പിടിത്തക്കാരെത്തി അരിച്ചുപെറുക്കിയെങ്കിലും ഒന്നും കണ്ടെത്താനായില്ല. ഒടുവില്‍, കെണിയില്‍ കുടുങ്ങിയ എലിയെ വിമാനത്തില്‍ വച്ചിരിക്കുകയാണ് അധികൃതര്‍. എലിയെ തിന്നാന്‍ എത്തുമ്പോള്‍ കക്ഷി കുടുങ്ങുമെന്നാണ് അവരുടെ പ്രതീക്ഷ. അതുവരെ വിമാനം പാര്‍ക്കിങ് മേഖലയിലേക്ക് മാറ്റിയിരിക്കുകയാണ്.


Click it and Unblock the Notifications