അഞ്ചാംമന്ത്രി: നിര്‍ണായകയോഗം ബുധനാഴ്ച

ദില്ലിയില്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് പ്രതിനിധികളുമായി ചര്‍ച്ച നടത്തിയ ശേഷം കെപിസിസി അധ്യക്ഷന്‍ രമേശ് ചെന്നിത്തല വാര്‍ത്താസമ്മേളനത്തിലാണ് ഇക്കാര്യം വ്യക്തമായത്. താന്‍ തല്‍ക്കാലം മന്ത്രിസഭയിലേക്കില്ലെന്നും ചെന്നിത്തല വ്യക്തമാക്കി. ബുധനാഴ്ചത്തെ യോഗത്തില്‍ പ്രശ്‌നങ്ങള്‍ക്ക് അന്തിമമായ പരിഹാരമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
അഞ്ചാംമന്ത്രി നല്‍കാനാവില്ലെന്ന സന്ദേശം ലീഗിന് കോണ്‍ഗ്രസ് കൈമാറിയിട്ടുണ്ട്. സ്പീക്കര്‍ പദവിയോ രാജ്യസഭാ സ്ഥാനമോ നല്‍കി പ്രശ്‌നം ഒതുക്കാനാണ് കോണ്‍ഗ്രസിന്റെ ശ്രമം. ഇക്കാര്യത്തില്‍ ലീഗിനുള്ളില്‍ അഭിപ്രായ സമന്വയമുണ്ടാക്കാനും ശ്രമം നടക്കുന്നുണ്ട്. ഈ പ്രശ്‌നം പരിഹരിച്ചുകഴിഞ്ഞാല്‍ അനൂപിന്റെ സത്യപ്രതിജ്ഞ വ്യാഴാഴ്ച തന്നെ നടത്താനാണ് കോണ്‍ഗ്രസ് ആലോചിക്കുന്നത്.
അതേസമയം ലീഗിന്റെ അഞ്ചാം മന്ത്രി പ്രശ്‌നത്തില്‍ ബുധനാഴ്ച തീരുമാനമുണ്ടാകുമെന്ന് മന്ത്രി പി.കെ.കുഞ്ഞാലിക്കുട്ടിയും പറഞ്ഞു. ലീഗിന്റെ അഞ്ചാം മന്ത്രി പ്രശ്‌നത്തില്‍ യുഡിഎഫില്‍ പ്രതിസന്ധിയില്ലെന്നും ഇക്കാര്യത്തില്‍ ലീഗിന് ശുഭപ്രതീക്ഷയാണുള്ളതെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
അതിനിടെ ബുധനാഴ്ച ചേരുന്ന യുഡിഎഫ് യോഗത്തില്‍ പങ്കെടുക്കില്ലെന്ന് കേരളാ കോണ്‍ഗ്രസ്-ബി ചെയര്‍മാന്‍ ആര്‍.ബാലകൃഷ്ണ പിള്ള. മന്ത്രിയെ പിന്‍വലിക്കണമെന്ന പാര്‍ട്ടിയുടെ ആവശ്യം യുഡിഎഫ് ഗൗരവമായി പരിഗണിക്കാത്തതില്‍ പ്രതിഷേധിച്ചാണ് ഈ നീക്കം.












Click it and Unblock the Notifications