കാബൂളില്‍ സ്‌ഫോടന പരമ്പരയും വെടിവെപ്പും

അഫ്ഗാന്‍ പാര്‍ലമെന്റിനു സമീപവും സ്‌ഫോടനം നടന്നു. തന്ത്ര പ്രധാന മേഖലയില്‍ നടന്ന ആക്രമണത്തില്‍ സ്‌ഫോടന പരമ്പരയും വെടിവെയ്പും ഉണ്ടായി. ബ്രിട്ടീഷ്, അമേരിക്കന്‍ എംബസികള്‍ക്ക് തൊട്ടടുത്താണ് സ്‌ഫോടനം ഉണ്ടായിരിക്കുന്നത്. സ്‌ഫോടനത്തെ തുടര്‍ന്ന് ബ്രിട്ടീഷ്, അമേരിക്കന്‍ എംബസികള്‍ അടച്ചു.
സ്‌ഫോടനത്തിന്റെയും വെടിവെപ്പിന്റെയും ഉത്തരവാദിത്വം താലിബാന്‍ ഏറ്റെടുത്തു. അഫ്ഗാന്‍ പാര്‍ലമെന്റ്, നാറ്റോ ആസ്ഥാനം എന്നിവയാണ് താലിബാന്‍ ലക്ഷ്യമിട്ടതെന്നാണ് റിപ്പോര്‍ട്ടുകള്‍.
ജര്‍മ്മന്‍ എംബസിക്കു സമീപത്തു നിന്നും പുകപടലങ്ങള്‍ ഉയര്‍ന്നതായാണ് ദൃക്‌സാക്ഷികള്‍ സാക്ഷ്യപ്പെടുത്തുന്നത്. അഫ്ഗാന്‍ സേനയ്ക്ക് സുരക്ഷാ ചുമതലയുള്ള മേഖലകളില്‍ ആണ് ആക്രമണം ഉണ്ടായിരിക്കുന്നത്.
പാര്‍ലമെന്റിനും റഷ്യന്‍ എംബസിക്കും നേരെ റോക്കറ്റ് ആക്രമണം നടന്നതായി പാര്‍ലമെന്റ് വക്താവ് അറിയിച്ചു. അഫ്ഗാന്‍ പ്രസിഡന്റിന്റെ കൊട്ടാരം, തുര്‍ക്കി, ഇറാന്‍ എന്നീ രാജ്യങ്ങളുടെ എംബസികളും സ്‌ഫോടനം നടന്ന പരിസരത്തു തന്നെയാണ്.
ആകെ ഏഴു സ്‌ഫോടനങ്ങള്‍ നടന്നു എന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്. കനത്ത സുരക്ഷാ സംവിധാനങ്ങളുള്ള തന്ത്രപ്രധാന മേഖലകളിലാണ് ആക്രമണം ഉണ്ടായിരിക്കുന്നത് എന്നത് സംഭവത്തിന്റെ ഗൗരവം വര്‍ദ്ധിപ്പിക്കുന്നു.
കാബൂളിലെ പഞ്ചനക്ഷത്ര ഹോട്ടലിനു നേരെയും ആക്രമികള്‍ വെടിവെപ്പ് നടത്തി എന്നും റിപ്പോര്‍ട്ട് ഉണ്ട്.












Click it and Unblock the Notifications