വാഹനം തകര്‍ത്തു: നടി ബോധംകെട്ടു വീണു
കായംകുളം: നാടകസംഘത്തിന്റെ വാഹനത്തിന് നേരെ ആക്രമണം. ബുധനാഴ്ച വൈകിട്ട് നാലരയോടെ കായംകുളം-തിരുവല്ല സംസ്ഥാനപാതയില്‍ കാക്കനാട് ജംഗ്ഷനിലായിരുന്നു സംഭവം. വാഹനത്തിന്റെ ഗ്ലാസുകള്‍ അടിച്ചുതകര്‍ത്ത സംഘം അഭിനേതാക്കളെ കയ്യേറ്റം ചെയ്തു. സംഭവത്തെ തുടര്‍ന്ന് നാടകസംഘത്തോടൊപ്പമുണ്ടായിരുന്ന നടി ബോധംകെട്ടു വീണു.
സംഭവത്തിന് മുന്‍പ് ബൈക്ക് യാത്രക്കാരും നാടകസംഘത്തിന്റെ വാഹനമോടിച്ചിരുന്ന ഡ്രൈവറും തമ്മില്‍ വാക്കേറ്റമുണ്ടായിരുന്നു.
നാടക സംഘത്തിന്റെ വാന്‍ കായംകുളം മുക്കവലയില്‍ ഗതാഗതക്കുരുക്കില്‍പ്പെട്ടതിനെ തുടര്‍ന്ന് വാനിനു മുമ്പിലുണ്ടായിരുന്ന ബൈക്ക് യാത്രക്കാരോട് ബൈക്ക് മാറ്റാന്‍ നാടകസംഘത്തിന്റെ ഡ്രൈവര്‍ ആവശ്യപ്പെട്ടതാണ് വാക്കേറ്റത്തിന് ഇടയാക്കിയത്.
തുടര്‍ന്ന് നാട്ടുകാര്‍ പ്രശ്‌നത്തില്‍ ഇടപെടുകയും ഇരുകൂട്ടരേയും ശാന്തരാക്കുകയുമായിരുന്നു. അവിടെ നിന്ന് യാത്ര തുടര്‍ന്ന നാടക സംഘം കാക്കനാട്ടെത്തിയപ്പോള്‍ മൂന്നു ബൈക്കുകളിലായി വന്ന ഒന്‍പതംഗ സംഘം വാന്‍ തടഞ്ഞു. അക്രമി സംഘം തുവാല കൊണ്ട് മുഖം മറച്ചിരുന്നുവെന്ന് വാനിലുള്ളവര്‍ പറയുന്നു.
ഇവര്‍ വാനിനുളളില്‍ കയറി അഭിനേതാക്കളെ കൈയേറ്റം ചെയ്യുകയായിരുന്നു. തുടര്‍ന്ന് വാനിലുണ്ടായിരുന്ന നടി ബോധംകെട്ടു വീണു. ഇവരെ സമീപത്തെ വീട്ടിലെത്തിച്ച പ്രാഥമിക ശുശ്രൂഷ നല്‍കി. ഈ സമയത്ത് അക്രമിസംഘം ബൈക്കുകളില്‍ രക്ഷപെട്ടു. സംഭവത്തില്‍ കായംകുളം പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.












Click it and Unblock the Notifications