സമരം,എയര്‍ ഇന്ത്യ സര്‍വീസുകള്‍ റദ്ദാക്കും
ദില്ലി: ഇന്ത്യന്‍ എയര്‍ലൈന്‍സ് വിമാനത്തിലെ ജീവനക്കാരായിരുന്നവരെ ബോയിങ് 787 ഡ്രീം ലൈനറില്‍ പരിശീലനത്തിനയയ്ക്കുന്നതില്‍ പ്രതിഷേധിച്ച് എയര്‍ഇന്ത്യ പൈലറ്റുമാര്‍ പ്രഖ്യാപിച്ച സമരം തുടങ്ങി.

മാനേജ്‌മെന്റ് നടപടി ചോദ്യം ചെയ്തുകൊണ്ട് ജീവനക്കാര്‍ സുപ്രിം കോടതിയെ സമീപിച്ചിരുന്നെങ്കിലും തീരുമാനം അംഗീകരിക്കുകയാണുണ്ടായത്. തിങ്കളാഴ്ച ജീവനക്കാരുടെ സംഘടനാ പ്രതിനിധികളും മാനേജ്‌മെന്റും വ്യോമയാനമന്ത്രാലയത്തിലെ പ്രതിനിധികളും തമ്മില്‍ നടന്ന ചര്‍ച്ചയും പരാജയപ്പെട്ടതിന്റെ പശ്ചാത്തലത്തിലാണ് സമരം തുടങ്ങിയത്.
അര്‍ധരാത്രി ആരംഭിച്ച മിന്നല്‍ പണിമുടക്ക് യാത്രക്കാരെ ദുരിതത്തിലാഴ്ത്തിയിരിക്കുകയാണ്. ദില്ലിയില്‍ നിന്നും ചിക്കാഗോയിലേക്കും ടൊറന്റോയിലേക്കും മുംബൈയില്‍ നിന്ന് ന്യൂജഴ്‌സിയിലേക്കും ഹോങ്കോങിലേക്കും തിരുവനന്തപുരത്ത് നിന്ന് മസ്‌കത്തിലേക്കുമുള്ള സര്‍വീസുകള്‍ ഇതിനകം റദ്ദാക്കി കഴിഞ്ഞു. 300 ഓളം പൈലറ്റുമാരാണ് അസുഖമുണ്ടെന്ന് കാരണം പറഞ്ഞ് ജോലിക്ക് ഹാജരാകാതിരിക്കുന്നത്.
നേരത്തെ ഇന്ത്യന്‍ എയര്‍ലൈന്‍സിന്റെ ഭാഗമായിരുന്ന ജീവനക്കാരും എയര്‍ഇന്ത്യയിലെ ജീവനക്കാരും തമ്മിലുള്ള സൗന്ദര്യപിണക്കം പലപ്പോഴും കമ്പനിയുടെ പ്രവര്‍ത്തനങ്ങളെ തന്നെ താറുമാറാക്കിയിട്ടുണ്ട്. ഡ്രീം ലൈനര്‍ വിമാനം വാങ്ങുന്നത് എയര്‍ ഇന്ത്യയാണെന്നും അതുകൊണ്ട് എയര്‍ഇന്ത്യ ജീവനക്കാരെയാണ് പരിശീലനത്തിന് അയയ്‌ക്കേണ്ടതെന്നുമാണ് ജീവനക്കാരുടെ വാദം.












Click it and Unblock the Notifications