പുതിയ ഡാം വേണമെന്ന ആവശ്യത്തില്‍ ഉറച്ചുനില്‍ക്കും

തിരുവനന്തപുരത്ത് മന്ത്രിസഭായോഗത്തിന് ശേഷം വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ഇത് സംബന്ധിച്ച വിവാദങ്ങളും മന്ത്രിസഭായോഗം ചര്‍ച്ച ചെയ്തതായി മുഖ്യമന്ത്രി പറഞ്ഞു.
വ്യവസ്ഥകളോടെ ആണെങ്കിലും പുതിയ ഡാമിന് പച്ചക്കൊടി കിട്ടിയിട്ടുണ്ട്. അതിനാല്‍ ഉന്നതാധികാര സമിതി റിപ്പോര്‍ട്ട് പുതിയ ഡാമിന്റെ കാര്യത്തില്‍ കേരളത്തിന് അനുകൂലമാണെന്ന് കാബിനറ്റ് വിലയിരുത്തി. വിഷയത്തില്‍ അന്തിമ തിരുമാനം എടുക്കേണ്ടത് ഉന്നതാധികാര സമിതിയല്ല, സുപ്രീം കോടതിയാണ്. റിപ്പോര്‍ട്ട് സുപ്രീം കോടതി പരിഗണിക്കുമ്പോള്‍ കേരളത്തിന്റെ നിലപാടുകള്‍ ശക്തമായി ഉന്നയിക്കും.
ജസ്റ്റീസ് കെ.ടി. തോമസിന്റെ നിലപാടുകളില്‍ സര്‍ക്കാര്‍ പൂര്‍ണ തൃപ്തമാണ്. സംസ്ഥാനത്തിന്റെ താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്നതിന് അദ്ദേഹം പരമാവധി ശ്രമിച്ചിട്ടുണ്‌ടെന്നും ഉമ്മന്‍ചാണ്ടി വിശദീകരിച്ചു. അണക്കെട്ടിന്റെ സുരക്ഷയുടെ കാര്യം പ്രതിപാദിക്കുന്ന ഒരു ഭാഗത്ത് മാത്രം അദ്ദേഹം വേണ്ട രീതിയില്‍ പറഞ്ഞിട്ടില്ല. എന്നാല്‍ വിയോജനക്കുറിപ്പില്‍ അണക്കെട്ടിലെ ജലനിരപ്പ് 136 അടിയില്‍ കൂട്ടരുതെന്ന് അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.
കെ.ടി. തോമസ് കേരളത്തിന്റെ പ്രതിനിധിയാണ്. പക്ഷെ കേരളത്തിന്റെ അഭിഭാഷകനായി അദ്ദേഹം നിലനില്‍ക്കണമെന്ന് പറയാനാകില്ലെന്നായിരുന്നും മുഖ്യമന്ത്രി പറഞ്ഞു. നിലവിലെ ഡാം സുരക്ഷിതമാണെന്ന റിപ്പോര്‍ട്ടിലെ പരാമര്‍ശത്തില്‍ ജസ്റ്റീസ് കെ.ടി. തോമസ് വിയോജനക്കുറിപ്പ് രേഖപ്പെടുത്താഞ്ഞതിനെതിരേ ജലവിഭവമന്ത്രി പി.ജെ. ജോസഫ് പരസ്യമായി രംഗത്തെത്തിയിരുന്നു. കേരളത്തിന്റെ വാദങ്ങള്‍ കെ.ടി. തോമസ് വേണ്ട വിധത്തില്‍ അവതരിപ്പിച്ചില്ലെന്നും പി.ജെ. ജോസഫ് കുറ്റപ്പെടുത്തിയിരുന്നു.












Click it and Unblock the Notifications