ടിപി വധം: കൊടി സുനിയുടെ ജീവന് ഭീഷണി
കണ്ണൂര്‍: റവല്യൂഷണറി മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി നേതാവ് ടിപി ചന്ദ്രശേഖരനെ കൊലപ്പെടുത്തിയ കേസില്‍ മുഖ്യപ്രതിയെന്ന് സംശയിക്കുന്ന കൊടി സുനിയുടെ ജീവന് ഭീഷണിയുള്ളതായി സൂചന. ഇന്റലിജന്‍സ് കേന്ദ്രങ്ങളെ ഉദ്ധരിച്ചുകൊണ്ട് ഇന്ത്യാവിഷനാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.
അസ്വാഭാവികമായ രീതിയില്‍ ആരെങ്കിലും കൊല്ലപ്പെട്ടതായി കണ്ടെത്തിയാല്‍ വിവരം അറിയിക്കണമെന്ന് സംസ്ഥാനത്തെ എല്ലാ പോലിസ് സ്‌റ്റേഷനുകളിലും കുടക്, ബാംഗ്ലൂര്‍ സ്‌റ്റേഷനുകളിലും സന്ദേശം നല്‍കിയിട്ടുണ്ട്.
കൊന്നവരെ കുറിച്ച് പോലിസിനു വ്യക്തമായ വിവരം ലഭിച്ചിട്ടുണ്ട്. കൊല്ലിച്ചവരെ കുറിച്ചുള്ള വിവരങ്ങള്‍ കണ്ടെത്താന്‍ വേണ്ടിയാണ് പോലിസ് ഇപ്പോള്‍ ശ്രമിക്കുന്നത്. നിരവധി കേസുകളില്‍ പ്രതിയായ സുനില്‍ കുമാര്‍ എന്ന സുനിയ്ക്ക് ഇക്കാര്യം അറിയാമെന്നാണ് പോലിസിന്റെ നിഗമനം. അതുകൊണ്ടു തന്നെയാണ് സുനിയെ കൊലപ്പെടുത്താനുള്ള നീക്കമുണ്ടാകുമെന്ന് പോലിസ് സംശയിക്കുന്നത്.
രാഷ്ട്രീയകൊലപാതകമാണോയെന്ന കാര്യത്തില്‍ ഡിജിപി ജേക്കബ് പുന്നൂസ് വ്യക്തമായ ഉത്തരം പറയാത്തതും ആരുടെയോ സ്വാര്‍ത്ഥ താല്‍പ്പര്യത്തിനുവേണ്ടിയായിരുന്നു കൊലയെന്ന് സൂചിപ്പിച്ചതും അന്വേഷണത്തിലെ വഴിത്തിരിവാണ് സൂചിപ്പിക്കുന്നത്. പക്ഷേ, ശത്രുതയുള്ള ഒരേ ഒരു സാഹചര്യം മാത്രമേ നിലവിലുണ്ടായിരുന്നുള്ളൂവെന്നും ചന്ദ്രശേഖരന് വ്യക്തിപരമായി ശത്രുക്കളില്ലായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തിരുന്നു.
മുഖ്യപ്രതികളായ റഫീഖുമായും കൊടി സുനിയുമായും അടുത്തു ബന്ധമുള്ള അശോകന്‍, മനോജ്, സുമോഹന്‍ എന്നിവരെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു.












Click it and Unblock the Notifications