പാര്‍ട്ടി പേടിക്കുന്ന നിഷ്‌ക്രിയത

പാര്‍ട്ടിയില്‍ പിണറായി വിജയന് മൃഗീയ ഭൂരിപക്ഷമുള്ളതിനാല്‍ 'കുലംകുത്തികള്‍' പോലുള്ള നിലപാടുകള്‍ ചോദ്യം ചെയ്യപ്പെടാന്‍ സാധ്യതയില്ല. പാര്‍ട്ടി അത് അംഗീകരിക്കാനാണ് സാധ്യത. നിലവിലുള്ള രാഷ്ട്രീയസാഹചര്യത്തില്‍ വിഎസിനെ പുറത്താക്കിയാല്‍ അതു പാര്‍ട്ടിക്ക് വലിയ ക്ഷീണം ചെയ്യുമെന്നാണ് പൊതുവെ വിലയിരുത്തപ്പെടുന്നത്.
അതുകൊണ്ട് ഇത്തരം വിവാദപ്രസ്താവനകളോട് പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കളൊന്നും പ്രതികരിക്കരുതെന്ന് സെക്രട്ടറി തന്നെ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. നെയ്യാറ്റിന്‍കര ഉപതിരഞ്ഞെടുപ്പും അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന ദേശീയ തിരഞ്ഞെടുപ്പുമാണ് കടുത്ത തീരുമാനങ്ങളില്‍ നിന്ന് സിപിഎമ്മിനെ പിറകോട്ടടിപ്പിക്കുന്ന ഘടകങ്ങള്‍.
പല മണ്ഡലങ്ങളിലും യുഡിഎഫുമായുള്ള വോട്ട് വ്യത്യാസം മാറ്റി മറിയ്ക്കാന്‍ വിഎസിന് അനുകൂലമായി ചിന്തിക്കുന്നവര്‍ക്ക് സാധിക്കുമെന്നതും പാര്‍ട്ടി പരിഗണിക്കും. അതേ സമയം വിഎസ് സ്വയം പുറത്തുപോവുകയാണെങ്കില്‍ അതിനെ എതിര്‍ക്കേണ്ടെന്ന നിലപാടായിരിക്കും ഔദ്യോഗിക പക്ഷം സ്വീകരിക്കുകയെന്ന് ഏറെക്കുറെ ഉറപ്പായിട്ടുണ്ട്.
വിഎസിനൊപ്പം പാര്‍ട്ടി വിടുന്നവരുടെ എണ്ണം കുറവായിരിക്കുമെങ്കിലും ഇപ്പോഴുള്ള സജീവപ്രവര്‍ത്തകരില്‍ 40 ശതമാനത്തോളം പേരെയും നിഷ്‌ക്രിയരാക്കാന്‍ വിഎസിന്റെ പുറത്തേക്കുള്ള യാത്ര ഇടയാക്കുമെന്ന് നേതൃത്വം ആശങ്കപ്പെടുന്നു.
ഇപ്പോള്‍ തന്നെ രാഷ്ട്രീയം 'തൊഴിലാക്കി' സ്വീകരിച്ച ചിലരെ മാത്രമാണ് പാര്‍ട്ടിക്ക് എല്ലാ പരിപാടികള്‍ക്കും ലഭിക്കുന്നത്. ഇത്രയും കാലം സജീവമായിരുന്ന ചിലര്‍ പെട്ടെന്ന് ഉള്‍വലിയുമ്പോള്‍ അതിന്റെ പ്രത്യാഘാതം ഗുരുതരമായിരിക്കും. ടിപി ചന്ദ്രശേഖരന്റെ കൊലപാതകത്തില്‍ പാര്‍ട്ടിക്ക് പങ്കുണ്ടെന്ന് ഉറച്ചു വിശ്വസിക്കുന്ന പ്രവര്‍ത്തകരും അതിനു ശേഷമുള്ള പാര്‍ട്ടി സെക്രട്ടറിയുടെ പ്രസ്താവനകള്‍ ശരിയായില്ലെന്ന നിലപാടുള്ളവരും എന്തു തീരുമാനമെടുക്കുമെന്നതും നിര്‍ണായകമാണ്.












Click it and Unblock the Notifications