ടിപി വധം: വടിവാള്‍ നല്‍കിയവര്‍ പിടിയില്‍

നേരത്തേ കൊടി സുനിയും റഫീക്കും കേരളം വിട്ടെന്ന റിപ്പോര്‍ട്ട് ഉണ്ടായിരുന്നു. എന്നാല്‍ ഇവര്‍ കേരളത്തില്‍ തന്നെയുണ്ടെന്നു പൊലീസിനു രണ്ടു ദിവസം മുന്‍പു വിവരം ലഭിക്കുകയായിരുന്നു. പ്രതികളോട് അടുപ്പമുളളവര്‍ ഇവരെ സംരക്ഷിക്കുകയായിരുന്നെന്നു പൊലീസ്. കൊടി സുനിയെ ചോദ്യം ചെയ്താല്‍ കൊലപാതകം ആസൂത്രണം ചെയ്തവരെ പിടികൂടാന്‍ കഴിയുമെന്നാണു പൊലീസ് നിഗമനം.
ചന്ദ്രശേഖരനെ കൊലപ്പെടുത്താന്‍ വടിവാള്‍ ഉള്‍പ്പെടെയുള്ള ആയുധങ്ങള്‍ നല്‍കിയവരും കൃത്യത്തിന് ശേഷം ഇത് ഒളിപ്പിച്ചവരും കസ്റ്റഡിയിലായിട്ടുണ്ടെന്ന് സൂചനയുണ്ട്. കേസിലെ മുഖ്യപ്രതിയായ കൊടി സുനി ഉപയോഗിച്ചിരുന്ന ഒരു ബൈക്കും പോലീസ് കണ്‌ടെടുത്തിട്ടുണ്ട്. ന്യൂമാഹിയില്‍ മത്സ്യമാര്‍ക്കറ്റിന്റെ പിന്നിലെ ഒരു വീട്ടില്‍ ഒളിപ്പിച്ച നിലയിലായിരുന്നു ബൈക്ക് കണ്‌ടെടുത്തത്. ഈ ബൈക്കിന്റെ യഥാര്‍ഥ ഉടമയെ കണ്‌ടെത്താനുള്ള അന്വേഷണവും പോലീസ് നടത്തുന്നുണ്ട്.
അതിനിടെ പിടിയിലായവരില്‍ കൊടി സുനിയും കൂട്ടുപ്രതി വായപ്പടച്ചി റഫീഖും ഉണ്‌ടെന്നും അഭ്യൂഹങ്ങളുണ്ട്. കുറ്റിയാടിയിലെ ഒരു രഹസ്യകേന്ദ്രത്തില്‍ പോലീസ് ഇവരെ ചോദ്യം ചെയ്യുകയാണെന്നും വാര്‍ത്തകളുണ്ട്. എന്നാല്‍ വാര്‍ത്തകള്‍ സ്ഥിരീകരിക്കാന്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ തയാറായിട്ടില്ല.












Click it and Unblock the Notifications