ടെക്കിയുടെ മരണം: ചതിച്ചത് കാമുകി തന്നെ
ബാംഗ്ലൂര്‍: മലയാളി സോഫ്റ്റ്‌വേര്‍ എന്‍ജിനീയറുടെ മരണവുമായി ബന്ധപ്പെട്ട് കാമുകി അറസ്റ്റില്‍. ഇന്ദിരാനഗര്‍ സ്വദേശിനിയായ ഗായത്രി (21) ആണ് പിടിയിലായത്. ആത്മഹത്യാ പ്രേരണാകുറ്റവും ആള്‍മാറാട്ടവുമാണ് യുവതിക്കെതിരെ ചുമത്തിയിട്ടുള്ള കുറ്റം. ശ്രീരാഗിന്റെ മരണം പ്രണയനൈരാശ്യം മൂലമുള്ള ആത്മഹത്യയാണെന്നാണ് പൊലീസിന്റെ നിഗമനം.
ബാങ്ക് വായ്പ എടുപ്പിക്കുന്നതിനായി ഫോണ്‍ വിളിച്ചതിലൂടെയാണ് ശ്രീരാഗിന്റെ നമ്പര്‍ ഗായത്രിയ്ക്ക് ലഭിച്ചത്. പിന്നീട് ജെന്നിഫര്‍ എന്ന പേരില്‍ ഫോണിലൂടെ ശ്രീരാഗുമായി പരിചയം തുടങ്ങിയ യുവതി സ്വകാര്യ ബാങ്കിലെ ടെലികോളര്‍ ജീവനക്കാരിയാണ്. എസ്.എസ്.എല്‍.സി മാത്രം വിദ്യാഭ്യാസ യോഗ്യതയുള്ള ഇവര്‍ ഐബിഎമ്മിലെ ജീവനക്കാരിയാണെന്നാണ് ശ്രീരാഗിനോട് പറഞ്ഞത്.
യുവതിയുമായി ഫോണില്‍ നിരന്തരം ബന്ധപ്പെട്ട ശ്രീരാഗിന് മറ്റൊരു സുന്ദരിയായ യുവതിയുടെ ചിത്രം തന്റേതാണെന്ന വ്യാജേന ഗായത്രി അയച്ചു കൊടുത്തു. ഫോണിവിളിയും ചാറ്റിങ്ങും വഴി ശ്രീരാഗ് യുവതിയുമായി പ്രണയത്തിലായി. ജെന്നിഫര്‍ എന്ന പേരില്‍ സോഷ്യല്‍ നെറ്റ്‌വര്‍ക്കായ ഫേസ് ബുക്കിലും ഗായത്രി വ്യാജ പ്രൊഫൈല്‍ ഉണ്ടാക്കിയിരുന്നു. എന്നാല്‍ ജനവരിയില്‍ പരിചയപ്പെട്ട ഇവര്‍ പരസ്പരം കണ്ടിരുന്നില്ല.
പിന്നീട് ജെന്നിഫറിനെ നേരിട്ട് കാണണമെന്ന് ശ്രീരാഗ് നിര്‍ബന്ധം പിടിച്ചു. കള്ളിവെളിച്ചത്താവുമെന്ന് കണ്ട യുവതി യുകെ സ്വദേശിയായ ഡേവിഡ് എന്ന യുവാവുമായി വീട്ടുകാര്‍ വിവാഹം നിശ്ചയിച്ചുവെന്നും താന്‍ ഡേവിഡിനൊപ്പം പോവുകയാണെന്നും കള്ളം പറഞ്ഞു. എന്നാല്‍, ആത്മാര്‍ഥ പ്രണയത്തില്‍ അകപ്പെട്ടു പോയ ശ്രീരാഗ് മനം നൊന്ത് ആത്മഹത്യയുടെ വഴി തിരഞ്ഞെടുക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
ശ്രീരാഗിന്റെ ഇ മെയിലില്‍ നിന്നു പോയ സന്ദേശങ്ങളാണ് കേസില്‍ നിര്‍ണ്ണായമായത്. ചൊവ്വാഴ്ച രാത്രി 2.40നാണ് ശ്രീരാഗ് അവസാനമായി ജെന്നിഫറിന് മെയില്‍ അയച്ചത്. തന്റെ അവസാനത്തെ മെയിലാണ് ഇതെന്നും ഇനി തന്നെപ്പറ്റിയുള്ള വിവരങ്ങള്‍ പത്രങ്ങളിലൂടെ അറിയാമെന്നുമായിരുന്നു ഇതിന്റെ ഉള്ളടക്കം. തുടര്‍ന്ന് ഉറക്കഗുളിക കഴിച്ച് ശ്രീരാഗ് ആത്മഹത്യ ചെയ്യുകയായിരുന്നുവെന്നാണ് പൊലീസിന്റെ നിഗമനം












Click it and Unblock the Notifications