ഇറ്റാലിയന്‍ നാവികര്‍ സുഖവാസത്തില്‍
കൊച്ചി: രണ്ടു മത്സ്യതൊഴിലാളികളെ വെടിവെച്ചു കൊന്ന കേസില്‍ പ്രതികളായ ഇറ്റാലിയന്‍ നാവികര്‍ സുഖവാസത്തില്‍. കേസില്‍ വിചാരണ നേരിടുന്ന ഇറ്റാലിയന്‍ നാവികരായ ലാത്തോരെ മാസിമിലിയാനോയേയും സാല്‍വത്തോരെ ജിറോനെയും കഴിഞ്ഞ ദിവസം ബോസ്റ്റല്‍ സ്‌കൂളിലേയ്ക്ക് മാറ്റിയിരുന്നു. കുട്ടികുറ്റവാളികള്‍ക്കുള്ള ഈ ജയിലിലില്‍ ഇപ്പോള്‍ ഇവര്‍ മാത്രമാണ് താമസം.
സാധാരണ ബോര്‍സ്റ്റല്‍ സ്‌കൂളിലെ അന്തേവാസികള്‍ക്കുള്ള ഭക്ഷണം ഇവിടെ തന്നെ ഉണ്ടാക്കാറാണ് പതിവ്. എന്നാല്‍ ഇറ്റാലിയന്‍ ഭക്ഷണം തന്നെ വേണമെന്ന നാവികരുടെ നിര്‍ബന്ധത്തിന് വഴങ്ങി നഗരത്തിലെ ഒരു നക്ഷത്ര ഹോട്ടലില്‍ നിന്ന് ഇവര്‍ക്കായുള്ള ഭക്ഷണം പ്രത്യേകം എത്തിക്കുകയാണ്. നഗരത്തില്‍ താമസക്കാരായ ഇറ്റലിക്കാരെ തന്നെയാണ് ഭക്ഷണം എത്തിക്കാന്‍ ഏര്‍പ്പാട് ചെയ്തിരിക്കുന്നത്.
നാവികര്‍ എത്തുന്നതിന് മുന്നോടിയായി ഇവര്‍ക്കായി തയ്യാറാക്കിയ കിടപ്പുമുറിയും കുളിമുറിയും അറ്റകുറ്റപ്പണി ചെയ്ത് മോടിപിടിപ്പിച്ചിരുന്നു. ഫാന്‍ ഉള്ള കിടപ്പുമുറിയില്‍ ഇരുവര്‍ക്കും പ്രത്യേകം കിടക്കകളും തലയിണകളും പുതപ്പുകളും നല്‍കിയിട്ടുണ്ട്. നാവികര്‍ക്ക് ഇവിടെ യൂണിഫോം ധരിക്കാം. സ്‌കൂള്‍വളപ്പില്‍ സവാരിയുമാവാം. ഫോണില്‍ സംസാരിക്കണമെങ്കില്‍ അതിനും സൗകര്യമൊരുക്കിയിട്ടുണ്ട്. നാവികര്‍ക്കാവശ്യമുള്ള പത്രങ്ങളും മാസികകളും ഇവിടേയ്ക്ക് മുടങ്ങാതെ എത്തും. നാവികര്‍ക്ക് ബന്ധുക്കളേയോ സുഹൃത്തുക്കളേയോ അഭിഭാഷകരേയോ കാണുന്നതിനും തടസ്സമൊന്നുമില്ല. ഇറ്റാലിയന്‍ ഉദ്യോഗസ്ഥരുടെ പ്രത്യേക നിര്‍ദ്ദേശ പ്രകാരമാണ് നാവികര്‍ക്ക് ഈ സൗകര്യങ്ങള്‍ ചെയ്തു കൊടുത്തിട്ടുള്ളതെന്നാണ് അറിയുന്നത്.
നാവികരെ മാറ്റി പാര്‍പ്പിക്കണമെന്ന് ഇറ്റാലിയന്‍ അധികൃതര്‍ പലതവണ ആവശ്യപ്പെട്ടിരുന്നു. ഇതിനെ തുടര്‍ന്ന് പല സ്ഥലങ്ങളും നോക്കിയെങ്കിലും കാക്കനാട് ബോസ്റ്റല്‍ സ്‌കൂളാണ് അധികൃതര്‍ക്ക് ഇഷ്ടപ്പെട്ടത്. നാവികരെ ബോസ്റ്റല്‍ സ്‌കൂളിലേക്ക് മാറ്റുന്നത് ജനീവ കണ്‍വന്‍ഷന്‍ പാലിക്കുന്നതിന് വേണ്ടിയാണെന്ന് ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ കഴിഞ്ഞദിവസം പറഞ്ഞിരുന്നു. സൈനികരായതിനാല്‍ അവര്‍ ജനീവ കണ്‍വന്‍ഷന്റെ പരിധിയില്‍ വരുമെന്നാണ് ഇറ്റാലിയന്‍ സര്‍ക്കാരിന്റെയും വാദം.












Click it and Unblock the Notifications