ചന്ദ്രശേഖരന്റെ ഭാര്യാ സഹോദരിയും സിപിഎം വിടും?
കോഴിക്കോട്: കൊല്ലപ്പെട്ട ആര്‍എംപി നേതാവ് ടിപി ചന്ദ്രശേഖരന്റെ ഭാര്യ രമയുടെ സഹോദരിയായ കെകെ തങ്കം സിപിഎം വിടാന്‍ തയ്യാറെടുക്കുന്നതായി റിപ്പോര്‍ട്ട്. സിപിഎമ്മിന്റെ മൂടാടി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റായ തങ്കം അവധിയില്‍ പ്രവേശിക്കാന്‍ അപേക്ഷ നല്‍കിയിരിക്കുകയാണ്. കഴിഞ്ഞ ദിവസമാണ് ഇവര്‍ ഒന്നരമാസത്തേയ്ക്ക് അവധി ലഭിക്കുന്നതിനായുള്ള അപേക്ഷ പഞ്ചായത്ത് സെകട്ടറിയ്ക്ക് നല്‍കിയത്.
മുന്‍പ് തന്നെ രാജിയ്ക്ക് സന്നദ്ധയായ ഇവര്‍ പാര്‍ട്ടി കേന്ദ്രങ്ങളില്‍ നിന്നുള്ള സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് ഇതു വരെ തീരുമാനമൊന്നും എടുക്കാതിരുന്നതെന്നും അറിയുന്നു. തങ്കം രാജിവയ്ക്കുകയാണെങ്കില്‍ സിപിഎമ്മിന് പഞ്ചായത്തിലെ ഭരണം നഷ്ടപ്പെടും. ഇരുപാര്‍ട്ടികള്‍ക്കും ഒന്‍പത് അംഗങ്ങള്‍ വീതമുള്ള മൂടാടി പഞ്ചായത്തില്‍ കഴിഞ്ഞ തവണ സിപിഎം നറുക്കെടുപ്പിലൂടെയാണ് അധികാരത്തിലെത്തിയത്. അതുകൊണ്ടു തന്നെ തങ്കം രാജി വച്ചാല്‍ സിപിഎം പ്രതിസന്ധിയിലാവും.
താന്‍ രാജിയെ കുറിച്ച് തീരുമാനമൊന്നുമെടുത്തിട്ടില്ലെന്നാണ് തങ്കം പറയുന്നത്. മാനസിക സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് അവധിയെടുത്തത്. മുന്‍പ് രമയുടെ പിതാവും സിപിഎമ്മിനെതിരെ രംഗത്തെത്തിയിരുന്നു. മനുഷ്യനെ വെട്ടിക്കൊല്ലുന്ന സി.പി.എമ്മിന്റെ രാഷ്ട്രീയ നിലപാടുകളുമായി ഇനി യോജിച്ചു പോകാനാവില്ലെന്നായിരുന്നു മാധവന്‍ പ്രഖ്യാപിച്ചത്.












Click it and Unblock the Notifications