കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നെയ്യാറ്റിന്‍കര കടക്കാന്‍ ഇനി മണിക്കൂറുകള്‍ മാത്രം

  • By ഷിബു ടി
Google Oneindia Malayalam News

Neyyattinkara
യു ഡി എഫ്, എല്‍ ഡി എഫ്, ബി ജെ പി സ്ഥാനാര്‍ത്ഥികള്‍ ഒപ്പത്തിനൊപ്പം അങ്കം വെട്ടി പ്രചരണം കൊഴുപ്പിച്ച നെയ്യാറ്റിന്‍കരയിലെ തെരഞ്ഞെടുപ്പ് ഫലം ഇടതുവലതുമുന്നണികള്‍ക്ക് അഭിമാനപ്രശ്‌നമാണെങ്കില്‍ ബി ജെ പിക്ക് കിട്ടിയാല്‍ വലിയൊരു നേട്ടം തന്നെയാണിത്.

കേന്ദ്രസംസ്ഥാന ഭരണങ്ങളുടെ ആനുകൂല്യവും ചന്ദ്രശേഖരന്‍ വധത്തെത്തുടര്‍ന്ന് കേരളത്തിലുണ്ടായ സി പി എം വിരുദ്ധവികാരവും പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്റെ പാര്‍ട്ടി നേതൃത്വത്തിനെതിരെയുള്ള വെല്ലുവിളികളും സി പി എമ്മിനുള്ളിലെ വിഭാഗീയ പ്രശ്‌നങ്ങളും ശെല്‍വരാജിന്റെ വിജയം ഉറപ്പാക്കുമെന്ന് യു ഡി എഫ് വിശ്വസിക്കുമ്പോള്‍ വര്‍ഗവഞ്ചകനും കാലുമാറ്റക്കാരനുമായ ആര്‍ ശെല്‍വരാജിനെ നെയ്യാറ്റിന്‍കരക്കാര്‍ പിഴുതെറിയുമെന്ന് തന്നെയാണ് പ്രതിസന്ധികളെറെ വലയ്ക്കുമ്പോഴും എല്‍ ഡി എഫ് ക്യാമ്പ് ആത്മവിശ്വാസത്തോടെ പറയുന്നത്. യു ഡി എഫിന്റെ ന്യൂനപക്ഷസാമുദായികപ്രീണനം, ശെല്‍വരാജിന്റെ സ്ഥാനാര്‍ത്ഥിത്വത്തിലുള്ള കോണ്‍ഗ്രസ് നേതാക്കളുടെ അതൃപ്തി തുടങ്ങിയവയ്‌ക്കൊപ്പം പെട്രോള്‍ വിലവര്‍ദ്ധനവ് വരെ അവര്‍ക്ക് കനത്ത തിരിച്ചടിയാകുമെന്നും എല്‍ ഡി എഫും സി പി എമ്മും കണക്കുകൂട്ടുന്നു.

ഇരുമുന്നണികളും നേരിടുന്ന പ്രതിസന്ധികളൊന്നും തന്നെ ബി ജെ പിയെ അലട്ടിയതേയില്ല. ഇത്തവണ വോട്ടുമറിക്കാന്‍ സാധ്യതയുള്ളവരെയാരെയും സംഘപരിവാര്‍ നെയ്യാറ്റിന്‍കരയില്‍ കാലുകുത്താന്‍ സമ്മതിച്ചിട്ടില്ല. പ്രചരണം അപ്പാടെ സംഘപരിവാറിന്റെ നിയന്ത്രണത്തില്‍ തന്നെയാണ്. ബി ജെ പി നേതാക്കള്‍ക്ക് വന്ന് പ്രസംഗിച്ചിട്ട് പോകാമെന്ന് മാത്രം. ഇടതുവലതുമുന്നണികള്‍ നിര്‍ത്തിയ സ്ഥാനാര്‍ത്ഥിയെക്കാള്‍ എന്തുകൊണ്ടും യോഗ്യനും അനുഭവസമ്പന്നനും മാന്യനും ഉറച്ചനിലപാടുള്ളവനുമാണ് തങ്ങളുടെ സ്ഥാനാര്‍ത്ഥിയെന്നും മണ്ഡലത്തിലെയും കേരളത്തിലെയും ഇപ്പോഴത്തെ രാഷ്ട്രീയ സാമൂഹികസ്ഥിതി തങ്ങള്‍ക്ക് അനുകൂലമായ അന്തരീക്ഷമാണുണ്ടാക്കിയതെന്നും ബി ജെ പി അവകാശപ്പെടുന്നു. ഇടതുവലതു മുട്ടനാടുകളുടെ അങ്കത്തില്‍ സന്തോഷിച്ച ചെന്നായെപ്പോലെ ബി ജെ പി രാജഗോപാലിന്റെ സ്ഥാനാര്‍ത്ഥിത്വത്തെ ആഘോഷിക്കുകയും അമിതപ്രതീക്ഷകള്‍ വച്ചുപുലര്‍ത്തുകയുമാണ്.

ഇടതുവലത് മുന്നണികള്‍ക്കും മുന്നണിയില്ലാത്ത ബി ജെ പിക്കുമൊപ്പം തെരഞ്ഞെടുപ്പിനെയും അതിന്റെ ഫലത്തെയും ചങ്കിടിപ്പോടെ കാത്തിരിക്കുന്ന മറ്റൊരുകൂട്ടര്‍ വിവിധ സമുദായ നേതൃത്വങ്ങളാണ്. എന്‍ എസ് എസും എസ് എന്‍ ഡി പിയും വി എസ് ഡി പിയും തെരഞ്ഞെടുപ്പ് ഫലത്തിനനുസരിച്ച് ശക്തിപ്രകടനം നടത്താന്‍ മസില്‍പെരുപ്പിച്ച് മമ്മൂഞ്ഞിനെപ്പോലെ കാത്തിരിക്കുന്നു. അഞ്ചാംമന്ത്രി പ്രശ്‌നത്തില്‍ ഇടഞ്ഞ എന്‍ എസ് എസ്, യു ഡി എഫ് നേതൃത്വത്തോടും പ്രത്യേകിച്ച് കോണ്‍ഗ്രസ് നേതാക്കളോടും കെറുവിച്ച് ആദ്യം തന്നെ ശരിദൂരം നിലപാട് പ്രഖ്യാപിച്ചു. എന്താണീ ശരിദൂരമെന്ന് സമുദായാംഗങ്ങള്‍ക്ക് പോലും ഇതുവരെ തിരിഞ്ഞിട്ടില്ല. സമുദായാംഗങ്ങള്‍ രാഷ്ട്രീയത്തിനതീതമായി യഥാര്‍ഥ ജനസേവകരെ കണ്ടെത്തി വോട്ടുചെയ്യണമെന്ന് എസ് എന്‍ ഡി പി യോഗം കൗണ്‍സിലിന്റെ അഥവാ വെള്ളാപ്പള്ളി നടേശന്റെ ആഹ്വാനം. എന്നാല്‍ എല്‍ ഡി എഫിനോടടുത്ത സേവനമാണ് വെള്ളാപ്പള്ളി ഇപ്പോള്‍ പയറ്റുന്നത്.

നെയ്യാറ്റിന്‍കരയില്‍ ഇരുമുന്നണികളെയും വിരട്ടുന്ന പുലി നാടാര്‍ സംഘടനയായ വി എസ് ഡി പിയാണ്. എന്തായാലും ഫലം വരുമ്പോള്‍ ഒരു നാടാര്‍ വിജയിക്കുമെന്ന് പ്രവചിച്ച വി എസ് ഡി പിയും നെയ്യാറ്റിന്‍കരയില്‍ മനസ്സാക്ഷി വോട്ടിനാണ് അണികളെ ആഹ്വാനം ചെയ്തിരിക്കുന്നത്. സംഘടന ഈര്‍ക്കിലിയല്ല ഇരുമ്പുലക്കയാണെന്നാണ് വി എസ് ഡി പി അഥവാ വൈകുണ്ഠസ്വാമി ധര്‍മ്മ പ്രചാരണ സഭ ചെയര്‍മാന്‍ വിഷ്ണുപുരം ചന്ദ്രശേഖരന്റെ പ്രഖ്യാപനം. സംഘടന വിചാരിക്കുന്ന ആള്‍ മാത്രമേ നെയ്യാറ്റിന്‍കരയില്‍ ജയിക്കൂവെന്നും ചന്ദ്രശേഖരന്‍ ഊന്നിപ്പറഞ്ഞിട്ടുണ്ട്. അതായത് ശെല്‍വരാജും നാടാര്‍ ലോറന്‍സും നാടാര്‍, രാജഗോപാല്‍ കൂടി നാടാരായിരുന്നെങ്കില്‍ വി എസ് ഡി പിക്ക് പെരുത്ത സന്തോഷമായേനേ!

മണ്ഡലത്തിലെ മറ്റൊരു ശക്തിയായ ലത്തീന്‍ കത്തോലിക്കാസഭ ശരിദൂരവും സമദൂരവും മനസാക്ഷിവോട്ടും പോലെ എങ്ങുംതൊടാത്ത ചില പ്രഖ്യാപനങ്ങള്‍ നടത്തിയിട്ടുണ്ടെങ്കിലും യു ഡി എഫ് സ്ഥാനാര്‍ത്ഥി ആര്‍ ശെല്‍വരാജിനാണ് ഒളിഞ്ഞും തെളിഞ്ഞും ഇവര്‍ വോട്ടുപിടിക്കുന്നത്. ക്രിസ്ത്യന്‍ സമുദായം യു ഡി എഫ് ഭരണത്തില്‍ പൊതുവേ ഇപ്പോള്‍ സംതൃപ്തരായതിനാല്‍ ഇടയലേഖനങ്ങള്‍ ഇത്തവണ കുറവായിരുന്നു. നെയ്യാറ്റിന്‍കരയിലെ രാഷ്ട്രീയവിജയത്തെ പോലെതന്നെ എല്ലാവരുടെയും ശ്രദ്ധ സാമുദായിക ശക്തിയിലേക്ക് കൂടിയാണ്. ഇപ്പോഴത്തെ സ്ഥിതിയില്‍ ആര് ജയിച്ചാലും സാമുദായിക സംഘടനകള്‍ ജയിക്കുന്നവന്റെയൊപ്പം നില്‍ക്കുക തന്നെ ചെയ്യും.

രാഷ്ട്രീയക്കാരെപ്പോലെ സമുദായ നേതാക്കള്‍ക്കും നിലനില്‍പ്പ് വലിയൊരു പ്രശ്‌നം തന്നെയാണ്! സമുദായസംഘടനകള്‍ അധികാരത്തിനൊപ്പം കടിച്ചുതൂങ്ങുന്നവരായതിനാല്‍ തങ്ങള്‍ക്ക് വോട്ടുചെയ്യുമെന്ന് ബി ജെ പി കരുതുന്നേയില്ല. സമുദായസംഘടനകള്‍ക്ക് ഇടതുവലതുമുന്നണികള്‍ക്കൊപ്പം മാറിമാറി തീന്‍മേശ പങ്കിടാനാണ് താല്‍പര്യം. ഇടതുവലതുമുന്നണികളുടെ പ്രതിസന്ധികള്‍ ഉണ്ടാക്കുന്ന പ്രതികൂല വോട്ടുകളിലാണ് ബി ജെപിയുടെ പ്രതീക്ഷ.
എന്‍ എസ് എസും എസ് എന്‍ ഡി പിയും രാജഗോപാലിന് വോട്ടുചെയ്യുമെന്ന തരത്തില്‍ വ്യാപകമായ പ്രചരണങ്ങള്‍ നെയ്യാറ്റിന്‍കരയിലും കേരളത്തില്‍ പൊതുവായും നടക്കുന്നുണ്ട്. ഇതിന് പിന്നില്‍ ബി ജെ പിക്കാര്‍ തന്നെയാകാനാണ് സാധ്യത.

ഇതെക്കുറിച്ച് എന്‍ എസ് എസ് പ്രതികരിച്ചിട്ടില്ലെങ്കിലും എസ് എന്‍ ഡി പിക്ക് വേണ്ടി പ്രതികരിക്കാതിരിക്കാന്‍ ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളിക്ക് കഴിയില്ല. എസ് എന്‍ ഡി പി യോഗം ബി ജെ പി സംഘ്പരിവാര്‍ പാളയത്തില്‍ ആണെന്നു വരുത്തിത്തീര്‍ക്കാനുള്ള ബോധപൂര്‍വമായ ശ്രമങ്ങള്‍ നടക്കുന്നുണ്ടെന്നും പ്രബുദ്ധരായ സമുദായ അംഗങ്ങള്‍ക്കിടയില്‍ അത് വിലപ്പോവില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. കൂട്ടത്തില്‍ ഇതും കൂടി പറഞ്ഞു, യു ഡി എഫ് സര്‍ക്കാരിന്റെ ന്യൂനപക്ഷ പ്രീണനവും ഭൂരിപക്ഷ അവഗണനയും തിരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുമെന്ന്. വെള്ളാപ്പള്ളിയുടെ മനസ് ഇപ്പോള്‍ ഏറെക്കുറെ വെളിപ്പെട്ടിട്ടുണ്ട്. സമുദായം ഇതപ്പാടെ അംഗീകരിക്കുമോ എന്ന് കണ്ടറിയണം.

കേരളത്തില്‍ പൊട്ടിപ്പുറപ്പെട്ട മാര്‍ക്‌സിസ്റ്റ് വിരുദ്ധവികാരം യു ഡി എഫിന് അനുകൂലമാകുമെന്ന് കണ്ട് സി പി എമ്മുകാര്‍ ബി ജെ പി സ്ഥാനാര്‍ത്ഥി രാജഗോപാലിന് വോട്ടുമറിക്കുമെന്ന് കോണ്‍ഗ്രസ് നേതാക്കളും പ്രവര്‍ത്തകരും വ്യാപകമായ രീതിയില്‍ പ്രചരിപ്പിക്കുന്നുണ്ട്. ആര്‍ ശെല്‍വരാജിന്റെ വിജയം സി പി എമ്മിന് സഹിക്കാനും പൊറുക്കാനുമാകില്ലെന്നും ശത്രുവിനേക്കാള്‍ വെറുക്കേണ്ടത് വര്‍ഗവഞ്ചകനെയാണെന്നും അതിനാലാണ് സി പി എമ്മുകാര്‍ വോട്ടുമറിക്കുന്നതെന്നുമാണ് ഈ പ്രചാരണത്തിന്റെ കാതല്‍.

സി പി എമ്മുകാര്‍ രാജഗോപാലിന് വോട്ടുമറിച്ചാലും ഇല്ലെങ്കിലും ശെല്‍വരാജിന്റെ വിജയം സി പി എമ്മിന് സഹിക്കാനാകില്ലെന്നത് സത്യം തന്നെയാണ്. ശെല്‍വരാജ് ജയിച്ചാല്‍ പി സി ജോര്‍ജ്ജ് മുമ്പ് പറഞ്ഞതില്‍ കുറെയൊക്കെ സംഭവിക്കും. സി പി എമ്മില്‍ ചെറിയൊരു ഉരുള്‍പൊട്ടല്‍ തന്നെയുണ്ടാകും. ചെറുതും വലുതുമായ മീനുകള്‍ക്ക് പുറത്തുചാടാനൊരു അവസരം അതുണ്ടാക്കും. സി പി എം വിട്ടുവന്ന അബ്ദുള്ളക്കുട്ടിക്കും മഞ്ഞളാംകുഴി അലിക്കും ജയിക്കാം, ശെല്‍വരാജും ജയിച്ചാല്‍ പിന്നെ നമുക്കൊന്ന് നോക്കിയാലെന്ത് എന്ന് പലരും സി പി എമ്മിലെ ഇപ്പോഴത്തെ കാലാവസ്ഥയില്‍ ചിന്തിച്ചാല്‍ ഈ പാര്‍ട്ടിയുടെ സ്ഥിതി എന്താകും?

English summary
With the campaigning for the crucial June 2 by-election in Neyyattinkara Assembly constituency in Kerala’s Thiruvananthapuram district set to end on Thursday evening, both the main fronts -- the Congress-led ruling UDF and CPI(M)-led Opposition LDF, are worried about the possibility of leakage of community-based votes from their kitties into that of the BJP.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X