കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഈ നൂറ്റാണ്ടിലും പൂര്‍ണദണ്ഡവിമോചനം

Google Oneindia Malayalam News

Absolution
ചങ്ങനാശേരി അതിരൂപത ശതോത്തര രജതജൂബിലിയോടനുബന്ധിച്ച് അതിരൂപതയിലെ വിശ്വാസികള്‍ക്ക് പൂര്‍ണദണ്ഡവിമോചനം നല്‍കിയ വാര്‍ത്ത മലയാള പത്രങ്ങളുടെ പ്രാദേശിക പേജുകളില്‍ ഒതുങ്ങിപ്പോയതിനാല്‍ അധികമാരും അറിഞ്ഞില്ല. തികച്ചും വിശ്വാസപരവും മതപരവുമായ കാര്യമാണ് ദണ്ഡവിമോചനമെന്നാലും കേരളത്തില്‍ നിലവിലുള്ള രാഷ്ട്രീയ സാഹചര്യങ്ങളുമായി ബന്ധപ്പെട്ട് ദണ്ഡവിമോചനത്തെക്കുറിച്ച് ആരെങ്കിലും ചിന്തിച്ചാല്‍ അവരെ തെറ്റുപറയാനാകില്ല.

സാധാരണക്കാര്‍ക്ക് കത്തോലിക്കാസഭയില്‍ മാത്രമുള്ള ദണ്ഡവിമോചനമെന്ന ചടങ്ങിനെക്കുറിച്ച് കാര്യമായ അറിവുണ്ടാകില്ല. കത്തോലിക്കാസഭ സാമ്പത്തികമായും രാഷ്ട്രീയമായും സാമൂഹികമായും കരുത്താര്‍ജ്ജിച്ച മധ്യകാലഘട്ടത്തില്‍ സഭയില്‍ നിലവില്‍ വന്ന പല ആചാരാനുഷ്ഠാനങ്ങളുടെയും കൂട്ടത്തിലുള്ള ഒന്നാണ് ദണ്ഡവിമോചനം. സഭയുടെ പഠിപ്പിക്കലനുസരിച്ച് ഒരു കുഞ്ഞ് ജനിച്ചുവീഴുന്ന സമയത്തുമുതല്‍ അവന്‍ പാപിയാണെന്നാണ് വെപ്പ്. അതായത് ആദിമാതാപിതാക്കളായ ആദവും ഹൗവ്വയും പാപം ചെയ്ത് ഏദന്‍തോട്ടത്തിന് പുറത്തായതിനാല്‍ അവരുടെ പിന്‍തലമുറക്കാരായ എല്ലാ മനുഷ്യരും പാപത്തോടുകൂടിയാണ് ജനിച്ചുവീഴുന്നത്.

ഈ ജന്മപാപം ഇല്ലാതാക്കുന്നതിനാണ് സഭ മാമോദീസ എന്ന ചടങ്ങ് നടത്തുന്നത്(സഭയില്‍ ആളെ ചേര്‍ക്കുന്നതിനുള്ള മെമ്പര്‍ഷിപ്പ് ചടങ്ങുകൂടിയാണ് ഈ മാമോദീസ). മാമോദീസ നടന്ന ശേഷം സഭാംഗമായി മാറുന്ന വിശ്വാസികള്‍ ഓരോ നിമിഷവും ചെയ്തുകൂട്ടുന്നത് പതിനായിരക്കണക്കിന് തെറ്റുകളാണ്. മാതാപിതാക്കളെ അനുസരിക്കാതിരിക്കുക, കള്ളം പറയുക തുടങ്ങി ലഘുവായ പാപങ്ങള്‍തൊട്ട് അഴിമതിയും വ്യഭിചാരവും ബലാത്സംഗവും കൊലപാതകവും വരെയുള്ള വലുതും ചെറുതുമായ കോടിക്കണക്കിന് പാപങ്ങള്‍ ചെയ്യുന്ന വിശ്വാസിക്ക് സ്വര്‍ഗരാജ്യം അപ്രാപ്യമാണ്.

സഭാവിശ്വാസികള്‍ സ്വര്‍ഗത്തില്‍ ചെന്നില്ലെങ്കില്‍ പിന്നെ അതടച്ചുപൂട്ടേണ്ടി വരുമെന്നാകയാല്‍ വിശ്വാസികള്‍ക്ക് സ്വര്‍ഗപ്രാപ്തി ലഭ്യമാക്കാന്‍ സഭ തന്നെ വഴി പറഞ്ഞുതരുന്നുണ്ട്. കുമ്പസാരമെന്ന ചടങ്ങിലൂടെ വിശ്വാസി സഭയിലെ പുരോഹിതനോട് തന്റെ പാപങ്ങളെല്ലാം പറഞ്ഞ് അദ്ദേഹം നിര്‍ദ്ദേശിക്കുന്ന പരിഹാരമാര്‍ഗങ്ങള്‍ അനുഷ്ഠിച്ച് പാപമോചനം നേടുകയും അതുവഴി സ്വര്‍ഗത്തിന് അവകാശിയാവുകയും ചെയ്യാം. ഒരിക്കല്‍ കുമ്പസാരിച്ച ശേഷം വീണ്ടും പാപം ചെയ്താല്‍ ആ പാപം തീരാന്‍ വീണ്ടും കുമ്പസാരിക്കാം. അങ്ങനെ മരിക്കുന്നതുവരെ കുമ്പസാരിച്ച് കുമ്പസാരിച്ച് പാപമെല്ലാം തീര്‍ത്ത് എല്ലാ കത്തോലിക്കാ മതവിശ്വാസിക്കും മരിച്ച ശേഷം സ്വര്‍ഗത്തിലെത്തി സന്തോഷത്തോടെ കഴിയാം.

എന്നാല്‍ അതിഗുരുതരമായ പാപങ്ങള്‍ ചെയ്യാന്‍ മനുഷ്യന് ജന്മസഹജമായ വാസനയുള്ളതിനാല്‍ അതിനും മധ്യകാലഘട്ടത്തില്‍ സഭ ഒരു വഴി കണ്ടെത്തി. പാപങ്ങളുടെ കാഠിന്യമനുസരിച്ച് വിവിധ നിരക്കുകളില്‍ ഫീസ് നിശ്ചയിച്ച് അതനുസരിച്ചുള്ള പണമടച്ച് സഭ ചുമതലപ്പെടുത്തിയവര്‍ നല്‍കുന്ന സര്‍ട്ടിഫിക്കറ്റുകള്‍(കടപ്പത്രം) കരസ്ഥമാക്കിയാല്‍ പിന്നെ പാപത്തെ പോയിട്ട് ദൈവത്തെപ്പോലും പേടിക്കേണ്ടത്രേ! സഭയുടെ ഈ ഏര്‍പ്പാട് വമ്പന്‍ ക്ലിക്കായി. വിശ്വാസികള്‍ കൂട്ടത്തോടെ കടപ്പത്രം സ്വന്തമാക്കാന്‍ പള്ളികളില്‍ ഇടിച്ചുകയറി. സഭയ്ക്ക് പണം കുന്നുകൂടിയെന്ന് പറഞ്ഞാല്‍ മതിയല്ലോ. എന്തിനേറെപ്പറയുന്നു ചില മാര്‍പ്പാപ്പമാര്‍ വരെ കാശടച്ച് കടപ്പത്രം സ്വന്തമാക്കിയിട്ടുണ്ടെന്നാണ് കേള്‍വി.

ഇതിനെതിരെ മതനവീകരണത്തിന്റെ കാലത്ത് മാര്‍ട്ടിന്‍ ലൂഥറും ജോണ്‍ കാല്‍വിനും അടക്കമുള്ളവര്‍ കടുത്ത എതിര്‍പ്പുമായി രംഗത്തെത്തുകയും അത് സഭയില്‍ പിളര്‍പ്പുണ്ടാക്കുകയും ചെയ്തതൊക്കെ യൂറോപ്യന്‍ ചരിത്രത്തിന്റെ ഭാഗമാണ്. എന്നാല്‍ കത്തോലിക്കാ സഭ ഇതിലൊന്നും കുലുങ്ങാതെ ഇപ്പോഴും ഇതൊക്കെ തുടരുന്നുണ്ടെന്നാണ് ചങ്ങനാശേരിയില്‍ നിന്നുള്ള വാര്‍ത്തകള്‍ വ്യക്തമാക്കുന്നത്. അതായത് പഴയ ദണ്ഡവിമോചനത്തിന്റെ പരിഷ്‌കൃത രൂപമാണ് ചങ്ങനാശേരിയില്‍ നടന്ന പൂര്‍ണദണ്ഡവിമോചനം. ഇനി ചങ്ങനാശേരി അച്ചായന്മാര്‍ക്ക് കര്‍ത്താവിനെപ്പോലും പേടിക്കേണ്ടത്രേ!

ചങ്ങനാശേരി വികാരിയാത്തിന്റെ(അതിരൂപതയുടെ) 125-ാം വാര്‍ഷികദിനാഘോഷത്തോടനുബന്ധിച്ചാണ് വിശ്വാസികള്‍ക്ക് ദണ്ഡവിമോചനം നല്‍കുന്ന ചടങ്ങ് നടന്നത്. പാപകടങ്ങള്‍ മൂലമുണ്ടാകുന്ന ശിക്ഷയില്‍നിന്നുള്ള മോചനമാണ് ദണ്ഡവിമോചനം. അനുരഞ്ജനകൂദാശ(കുമ്പസാരം)യില്‍ പാപങ്ങള്‍ മോചിപ്പിക്കപ്പെട്ടാലും തെറ്റുകള്‍ മൂലമുള്ള കടങ്ങള്‍ നിലനില്‍ക്കുന്നുവെന്നാണ് കത്തോലിക്കാസഭ വിശ്വസിക്കുന്നത്. സഭാ തലവനായ മാര്‍പ്പാപ്പയ്ക്കാണ് ദണ്ഡവിമോചനം നല്‍കാന്‍ അധികാരമുള്ളത്. ശതോത്തര രജതജൂബിലി ആഘോഷവേളയില്‍ ചങ്ങനാശേരി അതിരൂപതയിലെ വിശ്വാസികള്‍ക്ക് മാര്‍പ്പാപ്പയുടെ സമ്മാനമായാണ് ദണ്ഡവിമോചനം നല്‍കപ്പെട്ടത്.

ദണ്ഡവിമോചനം നല്‍കുന്ന മാര്‍പാപ്പയുടെ പ്രഖ്യാപനം ശതോത്തര രജതജൂബിലി സമ്മേളനമധ്യേ മാര്‍പാപ്പയുടെ പ്രതിനിധി കര്‍ദിനാള്‍ മാനുവേല്‍ മൊന്തെയ്‌റോ ഡികാസ്‌ട്രോ നടത്തി. കുര്‍ബാനയില്‍ ആദ്യന്തം പങ്കെടുത്ത് കുര്‍ബാന സ്വീകരിക്കുന്നവര്‍ക്കാണ് ദണ്ഡവിമോചനം ലഭിച്ചത്. മാര്‍പാപ്പയുടെ നിയോഗങ്ങള്‍ക്കായി പ്രത്യേകം പ്രാര്‍ഥിക്കുകയും ചെയ്താലേ പരിപൂര്‍ണ ദണ്ഡവിമോചനം വിശ്വാസികള്‍ക്ക് ലഭിക്കുകയുള്ളൂ.

സഭ മാത്രമല്ല ദണ്ഡവിമോചനം നല്‍കുന്നതെന്ന് കേരളത്തിന്റെ ഇപ്പോഴത്തെ രാഷ്ട്രീയ സാഹചര്യങ്ങള്‍ വ്യക്തമാക്കുന്നുണ്ട്. കത്തോലിക്കാസഭയുടേത് പോലെ തന്നെ അധികാരഘടനയും സാമ്പത്തികാടിത്തറയും അധികാരവും ശക്തിയും ഉള്ള സി പി ഐ എമ്മും തങ്ങളുടെ പാര്‍ട്ടിക്കുള്ളില്‍ ദണ്ഡവിമോചനങ്ങള്‍ നല്‍കുന്നുണ്ട്. പാര്‍ട്ടിക്ക് വേണ്ടി കൊല്ലുകയും കൊല ആസുത്രണം ചെയ്യുകയും പണം പിരിക്കുകയും അഴിമതി നടത്തുകയും ചെയ്യുന്നവര്‍ തെറ്റുകാരല്ലെന്നും പാര്‍ട്ടിക്ക് അതിന്റേതായ അന്വേഷണ രീതികളുണ്ടെന്നും അതുവഴി കുറ്റാരോപിതരായവര്‍ കുറ്റക്കാരല്ലെന്നുമുള്ള സര്‍ട്ടിഫിക്കറ്റുകളാണ് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ അടക്കമുള്ള നേതാക്കള്‍ നല്‍കിയത്. ഇതും ഒരര്‍ത്ഥത്തില്‍ ദണ്ഡവിമോചനം തന്നെയാണ്.

പണ്ട് ലാവിലിന്‍ കേസില്‍ പൊളിറ്റ് ബ്യൂറോ പിണറായിക്ക് പൂര്‍ണ ദണ്ഡവിമോചനം കൊടുത്തതുകൊണ്ടാണല്ലോ അദ്ദേഹം ഇപ്പോഴും സെക്രട്ടറി കസേരയില്‍ ഇരിക്കുന്നത്. സി പി എം സ്വര്‍ഗത്തില്‍ വിശ്വസിക്കാത്ത പാര്‍ട്ടിയാണ്. അതിനാല്‍ പാര്‍ട്ടി അംഗങ്ങളുടെ തെറ്റുകളും കുറ്റങ്ങളുമെല്ലാം പാര്‍ട്ടിയെ വളര്‍ത്തി അതിലൂടെ പാര്‍ട്ടിക്കാര്‍ക്ക് സ്വര്‍ഗസമാനമായ ലോകം നല്‍കാനാണ്. പാര്‍ട്ടി എന്ന സ്വര്‍ഗരാജ്യത്തിന് എതിരുനില്‍ക്കുന്ന കുലംകുത്തികളെ കൊല്ലുന്നത് ആരായാലും അവര്‍ക്ക് പാര്‍ട്ടിയുടെ വക പൂര്‍ണ ദണ്ഡവിമോചനമുണ്ട്. അവരെ രാജ്യത്തെ നീതിന്യായവ്യവസ്ഥയും പൊലീസും കോടതിയുമൊന്നും കൈകാര്യം ചെയ്യേണ്ട കാര്യമില്ല.

ഇതിന് തെളിവാണ് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി പിണറായി വിജയന്റെയും സംസ്ഥാന സെക്രട്ടറിയറ്റ് അംഗം എളമരം കരീമിന്റെയും കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജന്റെയും അടുത്തകാലത്തെ ചില പ്രസ്താവനകളില്‍ നിന്ന് വ്യക്തമാകുന്നത്. ടി പി ചന്ദ്രശേഖരന്‍ വധക്കേസിലെ അന്വേഷണ സംഘം സി പി എം ഏരിയാസെക്രട്ടറി മുതല്‍ ലോക്കല്‍ കമ്മിറ്റി അംഗങ്ങള്‍ വരെ കസ്റ്റഡിയില്‍ എടുത്തപ്പോള്‍ ഈ നേതാക്കള്‍ പറഞ്ഞത് പാര്‍ട്ടി അംഗങ്ങളും നേതാക്കളും എന്തെങ്കിലും കുറ്റം ചെയ്താല്‍ അതെക്കുറിച്ച് അന്വേഷിച്ച് നടപടിയെടുക്കാന്‍ പാര്‍ട്ടിക്ക് അതിന്റേതായ സംവിധാനമുണ്ട് എന്നാണ്.

എന്നാല്‍ പാര്‍ട്ടി അന്വേഷിച്ചപ്പോള്‍ ടി പി ചന്ദ്രശഖരനെ കൊലപ്പെടുത്തിയത് പാര്‍ട്ടിക്കാരാരുമല്ല, ഇനി പാര്‍ട്ടിയുടെ അന്വേഷണത്തില്‍ നിന്ന് വഴുതി മാറിയാരെങ്കിലും അത് ചെയ്താല്‍ അവരെ കണ്ടെത്തി നടപടിയെടുക്കാന്‍ പാര്‍ട്ടിക്ക് സംവിധാനവും കരുത്തുമുണ്ട്. ഇതുതന്നെയാണ് ഇടുക്കിയില്‍ എം എം മണി കൊലവിളി നടത്തിയപ്പോഴും പാര്‍ട്ടി നേതാക്കള്‍ വ്യക്തമാക്കിയത്. അതായത് പാര്‍ട്ടിക്ക് വേണ്ടി ചെയ്ത കുറ്റങ്ങള്‍ക്കെല്ലാം പാര്‍ട്ടി ദണ്ഡവിമോചനം നല്‍കിയിട്ടുണ്ട്. പിന്നെ നിങ്ങക്കെന്താ പൊലീസേ ഇവിടെ കാര്യം എന്നാണ് പിണറായിയും കരീമും ചോദിക്കുന്നത്. മധ്യകാലത്തേതിന് സമാനമായി മാര്‍ട്ടിന്‍ ലൂഥറെപ്പോലെ പാര്‍ട്ടിക്കുള്ളില്‍ പരിഷ്‌കരണം നടത്തുകയാണോ വി എസ് അച്യുതാനന്ദന്‍ എന്നാരെങ്കിലും ചോദിച്ചാല്‍ അതിനുത്തരം അദ്ദേഹത്തോട് തന്നെ ചോദിക്കേണ്ടിവരും...

English summary
Who doing Absolutions in Kerala? changanassery athiroopatha or CPM. In TP's Murder case, CPM Secretary Pinarayi Vijayan giving 'certificate to heaven'.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X