കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കലയുടെ അന്ത്യം കൊല തന്നെയാണ്

  • By ഷിബു ടി
Google Oneindia Malayalam News

Nazeer
കലയും സാഹിത്യവുമായി ബന്ധപ്പെട്ട് വിവാദങ്ങളും ചര്‍ച്ചകളും കോലാഹലങ്ങളും ലോകമെങ്ങും നടന്നിട്ടുണ്ട്, ഇപ്പോള്‍ നടക്കുന്നുമുണ്ട്. കേരളത്തിലും കലാവിവാദങ്ങള്‍ക്ക് പണ്ടും ഇപ്പോഴും പഞ്ഞമൊന്നുമുണ്ടായിട്ടില്ല. കാനായിയുടെ ശില്‍പങ്ങള്‍ മുതല്‍ മുഹമ്മദ് നബിയുടെ തലമുടി വരെ കേരളത്തില്‍ കലാവിവാദ കോലാഹലങ്ങളുണ്ടാക്കിയിട്ടുണ്ട്. അന്തരിച്ച മലയാളത്തിന്റെ മഹാനടന്‍ പ്രേംനസീറുമായി ബന്ധപ്പെട്ട പ്രതിമാനിര്‍മ്മാണമാണ് ഏറ്റവും അവസാനമായി 'കലാലോക'ത്തുനിന്നും വിവാദമായി കൊഴുത്തുവരുന്നത്.

പ്രേംനസീര്‍ കാലയവനിക പൂകിയിട്ട് കാലമേറെയായെങ്കിലും ഇപ്പോഴാണ് സംസ്ഥാനം ഭരിക്കുന്ന സര്‍ക്കാരിന് പ്രേംനസീറിനൊരു പ്രതിമവേണമെന്ന പൂതിയുദിച്ചത്. പ്രേംനസീറിന് മാത്രമല്ല നസീറിന് മുമ്പേ തിരശീലയൊഴിഞ്ഞ സത്യന് വേണ്ടിയും പ്രതിമ നിര്‍മ്മിക്കാന്‍ സര്‍ക്കാര്‍ പത്തുലക്ഷം വീതം അനുവദിച്ചു. പ്രതിമാനിര്‍മ്മാണം വലിയ ലാഭമൊന്നും തടയാത്ത കേസായതിനാല്‍ ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ പ്രതിമാപ്രഖ്യാപനത്തെ കലയോടും സിനിമയോടും പ്രേംനസീറിനോടുമുള്ള ആദരവായി മാത്രം കണ്ടാല്‍ മതി.

ഇതിന്റെ ഔദ്യോഗിക പ്രഖ്യാപനം തിരുവനന്തപുരത്ത് നടന്നപ്പോഴേയ്ക്കും 'പ്രതിമ ഞമ്മക്ക് ഹറാ'മാണെന്ന കലിപ്പുമായി ജമാഅത്ത് ഭാരവാഹികള്‍ പത്രസമ്മേളനം നടത്തി രംഗത്തെത്തി. തുടര്‍ന്നുവരുന്ന ദിവസങ്ങളില്‍ കേരളത്തിന്റെ മുക്കിനും മൂലയിലും നിന്നും കേരളത്തിന് പുറത്തുനിന്നും മതസ്‌നേഹികളും പ്രതിമാവിരോധികളുമായവര്‍ പ്രസ്താവനകളിറക്കും. ചിലപ്പോള്‍ പ്രകടനവും സമരവും ഹര്‍ത്താലും വരെ ഇതിന്റെ പേരില്‍ പ്രതീക്ഷിക്കാം.

ഇസ്ലാമില്‍ കലയ്ക്കും സിനിമയ്ക്കും പ്രതിമയ്ക്കുമൊന്നും സ്ഥാനമില്ലെന്നും മതം ഇതിനെയൊന്നും അംഗീകരിക്കുന്നില്ലെന്നും അതിനാല്‍ പ്രേംനസീറിന്റെ പ്രതിമയുണ്ടാക്കിയാല്‍ വിവരമറിയുമെന്നുമൊക്കെയാണ് ജമാഅത്തുകാര്‍ 'കൊലവെറി' മുഴക്കിയിരിക്കുന്നത്. കേരളം ഭരിക്കുന്നത് മുസ്ലീം ലീഗ് ആയതിനാലും മുഖ്യമന്ത്രിക്കസേരയില്‍ ഉമ്മന്‍ ചാണ്ടിയായതിനാലും 'കമാ' എന്നൊരക്ഷരം മറുപടി പറയാതെ വാലും ചുരുട്ടി ഇരിക്കുകയാണ് സര്‍ക്കാരും സാംസ്‌കാരിക-സിനിമാവകുപ്പുകളും. ചത്തുപോയ പ്രേംനസീറിന് പ്രതിമയുണ്ടാക്കി, വല്ലവന്റെ വായിലെ തെറിയും കേട്ട്, ഇരിക്കുന്ന കസേരയിളക്കേണ്ട കാര്യമില്ലെന്നാണ് പരിണിതപ്രജ്ഞരായ കോണ്‍ഗ്രസ് നേതാക്കളുടെ ഉപദേശം. ഇതൊക്കെക്കേട്ടാല്‍ ഹാലിളകേണ്ട ആര്യാടന്‍ മുഹമ്മദ് പോലും ഇതുവരെ പ്രതികരിച്ചു കണ്ടില്ല. പ്രേം നസീര്‍ മലപ്പുറംകാരനല്ലാത്തതിനാല്‍ പുള്ളിക്ക് നസീറിനെ അത്ര പരിചയമില്ലെന്നാണ് തോന്നുന്നത്.

കലയെന്നും പ്രതിമയെന്നും കേട്ടാല്‍ ഹാലിളികുന്നവര്‍ പതിനാറാം നൂറ്റാണ്ടിലാണോ ജീവിക്കുന്നതെന്ന് സംസ്‌കൃതചിത്തരായ ആര്‍ക്കെങ്കിലും ചിന്തവന്നാല്‍ സുഹൃത്തേ സോറിയെന്ന് മാത്രമേ പറയാനാകൂ! പാഠപ്പുസ്തകത്തില്‍ നിന്ന് 'മതമില്ലാത്ത ജീവനെ' അറബിക്കടലില്‍ എറിഞ്ഞവരാണ് മലയാളികള്‍. ചോദ്യക്കടലാസില്‍ മുഹമ്മദെന്ന പേര് വന്നതിന് ചോദ്യമിട്ടവന്റെ കൈവെട്ടി മാറ്റിയ നാടാണ് കേരളം. ഇതൊക്കെ മറക്കാതിരുന്നാല്‍ ശ്രീമാന്‍ ഉമ്മന്‍ ചാണ്ടീ... നിങ്ങള്‍ക്ക് അഞ്ചുവര്‍ഷവും തികച്ചുഭരിക്കാം. പത്തുലക്ഷത്തിന്റെ പ്രതിമയ്ക്ക് വേണ്ടി എന്തിനാണ് വെറുതെ പുലിവാല് പിടിക്കുന്നത് എന്നാണ് ജമാഅത്തുകാരുടെ ഉള്ളിലുള്ള ചോദ്യം.

പത്രസമ്മേളനം നടത്തിയ ജമാഅത്തുകാര്‍ ഉള്‍പ്പെടെയുള്ളവര്‍ പണ്ടേ സിനിമയ്ക്ക് എതിരാണ്. സിനിമയെക്കുറിച്ച് പ്രമാണങ്ങളിലും ഹദീസുകളിലും ഒന്നും പറയുന്നില്ലെന്നാണ് ഇക്കൂട്ടരുടെ വാദം. സിനിമ മനുഷ്യനെ നശിപ്പിക്കുകതന്നെ ചെയ്യും. എന്നാല്‍ ഇസ്ലാം മതവിശ്വാസിയായ മമ്മൂട്ടി അഭിനയിക്കുന്നതിനെക്കുറിച്ച് എന്താണെന്ന് പറയാനുള്ളതെന്ന് ഏതോ വിവരംകെട്ട പത്രക്കാരന്‍ ചോദിച്ചപ്പോള്‍ അതയാളുടെ തൊഴിലാണെന്നായിരുന്നു സമുദായ പണ്ഡിതന്മാരുടെ മറുപടി. ഫണിയെടുക്കാതെ ആര്‍ക്കെങ്കിലും ജീവിക്കാന്‍ പറ്റുമോ എന്നും അവര്‍ തിരിച്ച് ചോദിച്ചു. ഇപ്പോ പഞ്ചായത്ത് മന്ത്രിയുടെ കസേരയില്‍ ഇരിക്കുന്ന എം കെ മുനീര്‍ ഏതോ ഒരു സിനിമയില്‍ തലകാണിച്ചെന്നു കേട്ടപ്പോള്‍ ഹാലിളകിയതെന്തിന് എന്നതിന് ഇവര്‍ക്ക് മറുപടിയേയില്ല. മമ്മൂട്ടിയല്ലല്ലോ മുനീര്‍ എന്നതുകൊണ്ടായിരിക്കാം.

പണ്ഡിതരുടെ ഈ എതിര്‍പ്പ്.എന്നാല്‍ ഇവര്‍ ഒരു സത്യം ഇതുവരെ മനസിലാക്കിയിട്ടില്ല. സൗന്ദര്യകൊണ്ടും അഭിനയം കൊണ്ടും മമ്മൂട്ടിയെ വെല്ലുന്നവനാണ് മുനീര്‍ എന്ന്. എം കെ മുനീറിന്റെ അഭിനയസിദ്ധി രാഷ്ട്രീയ കേരളം ഏറെത്തവണ കണ്ടുരസിച്ചിട്ടുള്ളതുമാണ്. സംശയമുണ്ടെങ്കില്‍ ഇന്ത്യാവിഷന്‍കാരോട് ചോദിച്ചാല്‍ മതി.മമ്മുട്ടിയും മുനീറും തമ്മിലുള്ള ഏകസാമ്യം ഇരുവരും വിഗ്ഗുവച്ചിട്ടുണ്ടെന്നത് മാത്രമാണ്. കലയെയും പ്രതിമയെയും കുറിച്ച് പറഞ്ഞ് പറഞ്ഞ് കാടുകയറി. എന്തായാലും മതത്തിനും മതാചാര്യന്മാര്‍ക്കും എല്ലാക്കാലത്തും കലയെയും സാഹിത്യത്തെയും കണ്ടുകൂടെന്ന കാര്യം പ്രത്യേകിച്ച് പറയേണ്ടതില്ലലോ. കലാകാരനെ കയ്യില്‍ കിട്ടിയാല്‍ പച്ചക്ക് കത്തിക്കും.

അല്ലെങ്കില്‍ കത്തോലിക്കാ സഭ ചെയ്തതുപോലെ തനിക്കാക്കി വെടക്കാക്കും. മഹാന്മാരായ ലിയാനോ ഡാവിഞ്ചിയും മൈക്കലാഞ്ചലോയും പ്രാണനെ ഭയന്നുതന്നെയാണ് തങ്ങളുടെ സിദ്ധികള്‍ പള്ളിക്കലാരൂപങ്ങളിലേക്ക് ആവാഹിച്ചത്. ലാസ്റ്റ് സപ്പറും പിയാത്തയുമൊക്കെ ഡാവിഞ്ചിയുടെയും മൈക്കലാഞ്ചലോയുടെയും ഉദാത്ത സൃഷ്ടികളെന്ന് ഇന്നും ലോകം വാഴ്ത്തുമ്പോള്‍ ആ കലാകാരന്മാര്‍ ചെയ്യാന്‍ ആഗ്രഹിച്ച കലാരൂപങ്ങള്‍ അവരുടെ തന്നെ മനസുകളില്‍ കത്തിച്ചാമ്പലാകുകയായിരുന്നിരിക്കണം. എത്രയോ മോണാലിസമാരെയായിരിക്കും നമുക്ക് നഷ്ടപ്പെട്ടത്?

സല്‍മാന്‍ റുഷ്ദിയും തസ്ലിമാ നസ്‌റിനും ദേ, നമുക്ക് മുന്നില്‍ ജീവിക്കുന്നുണ്ട്. എന്തിനേറെപ്പറയുന്നു മുസ്ലീം ലീഗ് മന്ത്രിമാര്‍ പങ്കെടുക്കുന്ന ഉദ്ഘാടനച്ചടങ്ങുകളില്‍ നിലവിളക്ക് കത്തിക്കുന്ന ചടങ്ങ് തന്നെ കേരളത്തില്‍ നിന്ന് അപ്രത്യക്ഷമായി. മുസ്ലീംസമുദായങ്ങളില്‍ ചിലത് നടത്തുന്ന പത്രങ്ങളില്‍ ഇതുവരെ ഒരു സ്ത്രീയൂടെ ചിത്രം പോലും അച്ചടിച്ചിട്ടില്ല എന്നത് വസ്തുതയാണ്. വിവാഹഫോട്ടോ കൊടുത്താല്‍ വരന്റെ മാത്രം കൊടുക്കും. വധുവിന്റെ സ്ഥ3നത്ത് ശൂന്യമായ ഒരു ബോക്‌സ് ആയിരിക്കും ഉണ്ടാവുക. ഈ കലാ പാരമ്പര്യ പശ്ചാത്തലത്തിലാണ് നാലാള് കൂടുന്നിടത്ത് പ്രേംനസീറിന്റെ പ്രതിമ വയ്ക്കാന്‍ സര്‍ക്കാര്‍ പോകുന്നത്.

വെറുതെ പ്രതിമവച്ച് കാക്കയ്ക്ക് അപ്പിയിട്ട് രസിക്കാന്‍ എന്തിനാണ് പ്രേംനസീറിനെ വേദനിപ്പിക്കുന്നതെന്ന് ആരെങ്കിലും പറഞ്ഞാല്‍ അതില്‍ ന്യായമുണ്ട്. ആയകാലം മുഴുവന്‍ ഷീലയെയുംം ജയഭാരതിയെയും ശാരദയെയുമൊക്കെ കെട്ടിപ്പിടിച്ച് ബായ്ക്കിലടിച്ച് മരംചുറ്റി പാട്ടുപാടി നടന്ന ഈ പ്രേംനസീറിന്റെ പ്രതിമ വയ്ക്കുന്നതാണ് ഹറാമെന്ന് പറയാന്‍ നാണമില്ലേ സമുദായനേതാക്കളെ നിങ്ങള്‍ക്ക്!

അവസാനവാക്ക്:
എല്ലാ വ്യാഖ്യാനങ്ങളെയും ഒരുമിച്ചുകൂട്ടിയെടുത്ത് പറഞ്ഞാല്‍ കലയെന്നാല്‍ സ്വാതന്ത്ര്യമാണ്. മനുഷ്യന്‍ ഈ സ്വാതന്ത്ര്യത്തെക്കുറിച്ച് ശരിയായറിഞ്ഞാല്‍ പിന്നെ മതവും സമുദായവുമൊക്കെ പൂട്ടിക്കെട്ടേണ്ടിവരും.

English summary
Why Muslim organistaions opposed governmants decision to build statue of Prem Nazir? Is their arguments are baseless? Whats the logic behind that?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X