മണിയുടെ പ്രസംഗം: എംഎല്‍എയും പ്രതി

എംഎം മണി, പാര്‍ട്ടി മുന്‍ ജില്ലാ സെക്രട്ടേറിയറ്റംഗം ഒജി മദനന്‍, സിപിഎം സംസ്ഥാനസമിതിയംഗം ജയചന്ദ്രന്‍, നിലവിലെ ജില്ലാ കമ്മിറ്റിയംഗം എകെ ദാമോദരന്‍ എന്നിവരെ പ്രതി ചേര്‍ത്താണ് രാജാക്കാട് പോലീസ് പുതിയ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
1982 നവംബര്‍ 13ന് യൂത്ത് കോണ്‍ഗ്രസ് സേനാപതി മണ്ഡലം പ്രസിഡന്റായിരുന്ന അഞ്ചേരി ബേബി കൊല്ലപ്പെട്ട സംഭവത്തിലാണ് പൊലീസ് പുതിയ എഫ്‌ഐആര്‍ തയ്യാറാക്കി അന്വേഷണം തുടങ്ങിയത്. ബേബി കൊല്ലപ്പെടുന്ന സമയത്ത് സി.പി.എം. രാജാക്കാട് ഏരിയാ സെക്രട്ടറിയായിരുന്നു കെ.കെ.ജയചന്ദ്രന്‍ എം.എല്‍.എ. മദനന്‍ അന്ന് രാജാക്കാട് ലോക്കല്‍ കമ്മിറ്റിയംഗമായിരുന്നു. അന്വേഷണ സംഘത്തിന് ലഭിച്ച സാക്ഷിമൊഴിയെ തുടര്‍ന്നാണ് ഇവരെ പ്രതി ചേര്‍ത്തതെന്ന് അറിയുന്നു.
1982 നടന്ന സംഭവത്തില്‍ 13 പേരുടെ പട്ടികയാണ് സിപിഎം തയ്യാറാക്കിയിരുന്നത്. അതില്‍ മൂന്ന് പേരെ കൊന്നുവെന്നാണ് മണി ഇപ്പോള്‍ വെളിപ്പെടുത്തിയിരിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തിലാണ് പുതിയ എഫ്‌ഐആര്‍ തയ്യാറാക്കിയത്. കൊലപാതകത്തെ പറ്റി അക്കാലത്ത് ജില്ലാ, ഏരിയ കമ്മറ്റികളിലുണ്ടായിരുന്ന പല നേതാക്കള്‍ക്കും വിവരമുണ്ടായിരുന്നുവെന്നാണ് പൊലീസിന്റെ അനുമാനം.
എന്നാല്‍ ശക്തമായ തെളിവുകള്‍ ലഭിച്ച ശേഷം മാത്രം കേസില്‍ ആരെയെങ്കിലും അറസ്റ്റ് ചെയ്താല്‍ മതിയെന്നാണ് പൊലീസിന് ലഭിച്ചിരിക്കുന്ന നിയമോപദേശം. അതുകൊണ്ടു തന്നെ കേസുമായി ബന്ധപ്പെട്ട് അറസ്റ്റുണ്ടാകുന്നത് വൈകിയേക്കും.


Click it and Unblock the Notifications