കുഞ്ഞനന്തനെ ഒളിവില്‍ പാര്‍പ്പിച്ചയാള്‍ അറസ്റ്റില്‍
കണ്ണൂര്‍: ടിപി ചന്ദ്രശേഖരന്‍ വധക്കേസില്‍ പോലീസ് അന്വേഷിച്ചു കൊണ്ടിരിക്കുന്ന സിപിഎം പാനൂര്‍ ഏരിയാ കമ്മറ്റിയംഗം പികെ കുഞ്ഞനന്തനെ ഒളിവില്‍ പാര്‍പ്പിച്ചയാള്‍ അറസ്റ്റിലായി. പാനൂര്‍ കണ്ണംപള്ളി സ്വദേശി കുമാരന്‍ ആണ് പോലീസിന്റെ പിടിയിലായത്.
ചന്ദ്രശേഖരന്‍ വധക്കേസില്‍ ഗൂഡാലോചനയില്‍ പങ്കാളിയായ കുഞ്ഞനന്തന്‍ ഒളിവിലാണ്. കുമാരന്‍ കുഞ്ഞനന്തനൊപ്പം ബാംഗ്ലൂര്‍ ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ പോയിരുന്നുവെന്ന് പൊലീസ് പറയുന്നു. പൊലീസ് കുഞ്ഞനന്തനെതിരെ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.
അതേസമയം ടിപി ചന്ദ്രശേഖരന്‍ വധക്കേസുമായി ബന്ധപ്പെട്ട് പ്രതികളെ തപ്പി പൊലീസ് എത്തിയാല്‍ മുളകു വെള്ളം കൊണ്ട് നേരിടണമെന്ന് സിപിഎം നേതാവ് എംവി ജയരാജന്‍ ആഹ്വാനം ചെയ്തു. തളിപ്പറമ്പ് പോലീസ് സ്‌റ്റേഷന്‍ മാര്‍ച്ചിനിടെ നടത്തിയ പ്രസംഗത്തിനിടെയായിരുന്നു ജയരാജന്റെ ഈ പരാമര്‍ശം.
ഉമ്മന്‍ചാണ്ടിയുടെ പൊലീസിനും ആന്റണിയുടെ പട്ടാളത്തിനും സിപിഎമ്മിനെ തകര്‍ക്കാനാവില്ലെന്നായിരുന്നു കൊടിയേരി ബാലകൃഷ്ണന്റെ പ്രതികരണം. ടിപി വധത്തില്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് പങ്കുണ്ടെന്ന് തെളിഞ്ഞാല്‍ അവര്‍ക്കെതിരെ നടപടിയെടുക്കുമെന്നും കൊടിയേരി ഉറപ്പു നല്‍കി.












Click it and Unblock the Notifications