കോഴിക്കോട് നഗരത്തിന് ഇനി ശില്പചാരുത
കോഴിക്കോട്: കോഴിക്കോട് ഇനി മുതല്‍ ശില്‍പ്പനഗരം. കോഴിക്കോട്ട് കടപ്പുറത്ത് നടന്ന ചടങ്ങില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയാണ് നഗരത്തെ ശില്പനഗരമായി പ്രഖ്യാപിച്ചത്. ഒഡീഷയിലെ പ്രശസ്ത ശില്‍പ്പി അദൈ്വത് ഗഡനായിക് പൂര്‍ത്തിയാക്കിയ 36 അടി നീളവും ഏഴടി പൊക്കവുമുളള റിമമ്പറന്‍സ് എന്ന ശില്‍പ്പ മാതൃക അനാവരണം ചെയ്തുകൊണ്ടാണ് മുഖ്യമന്ത്രി ശില്‍പ്പനഗരപ്രഖ്യാപനം നടത്തിയത്.

ലളിതകലാ അക്കാദമി, ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സില്‍, ഇന്‍ഫര്‍മേഷന്‍ ആന്റ് പബ്ലിക് റിലേഷന്‍സ് വകുപ്പ് എന്നിവയുടെ സഹകരണത്തോടെ നടന്ന ചടങ്ങില്‍ സാംസ്‌കാരിക വകുപ്പ് മന്ത്രി കെ.സി ജോസഫ് അധ്യക്ഷത വഹിച്ചു. കഴിഞ്ഞ ഒരു മാസക്കാലമായി മലാപ്പറമ്പില്‍ നടക്കുന്ന ശില്‍പ്പികളുടെ ദേശീയ ക്യാമ്പില്‍ രൂപംകൊണ്ട 12 കരിങ്കല്‍ ശില്‍പ്പങ്ങളാണ് നഗരത്തിന്റെ വിവിധ കേന്ദ്രങ്ങളിലായി സ്ഥാപിക്കുന്നത്.
മാനാഞ്ചിറയില്‍ പ്രശസ്ത ശില്‍പ്പി കെ.എസ് രാധാകൃഷ്ണന്റെ 25 അടി ഉയരമുളള ടൈംടൈഡ്‌സ് (കാലപ്രവാഹം) എന്ന ശില്‍പ്പമാണ് സ്ഥാപിക്കുന്നത്. കരിങ്കല്‍ ശില്പത്തിന് മീതെ 600 കി.ഗ്രാം വെങ്കലത്തില്‍ തീര്‍ത്ത രൂപങ്ങളും സ്ഥാപിക്കുന്നുണ്ട്. സരോവരം ബയോപാര്‍ക്ക്, എസ്.കെ സാംസ്‌കാരിക നിലയം, കോഴിക്കോട് കടപ്പുറം, ഭട്ട് റോഡ് ബീച്ച് എന്നിവിടങ്ങളിലും ശില്‍പ്പങ്ങള്‍ സ്ഥാപിക്കുന്നുണ്ട്.
വി.കെ രാജന്റെ 24 അടി ഉയരമുളള റിഥമിക് സൈലന്‍സ്, പ്ലാച്ചിമടയിലെ ജലചൂഷണം പ്രമേയമാക്കി ജോണ്‍സ് മാത്യൂ തീര്‍ത്ത മഴവിളക്ക്, പി ഇ ഹോചിമിന്റെ അപരന്‍, കോഴിക്കോടന്‍ മിത്തുകളായ എതിര്‍പോക്കിനെയും ഒറ്റമുലച്ചിയെയും ആസ്പദമാക്കി ജോസഫ് എം വര്‍ഗ്ഗീസ് കൊത്തിയെടുത്ത ദ ഫയര്‍, പ്രദീപ് കാമ്പത്തളിയുടെ ഒടുക്കത്തിന്റെ തുടക്കം എന്നിവയാണ് കോഴിക്കോട് കടപ്പുറത്ത് സ്ഥാപിക്കുന്ന ശില്പങ്ങള്‍.
ഭട്ട്‌റോഡ് ബീച്ചില്‍ സൗരവ് ജാനയുടെ ജ്യാമിതീയ ചിഹ്നങ്ങളിലൂടെ പുരുഷനെയും പ്രകൃതിയെയും ആവിഷ്‌കരിക്കുന്ന പുരുഷ് ഓര്‍ പ്രകൃതി, സരോവരത്ത് കെ പി സോമന്റെ ലൈറ്റ്ഹൗസ്, കോഴിക്കോടന്‍ കടല്‍ വാണിജ്യത്തെ ചിത്രീകരിക്കുന്ന നന്ദുബിഹാരി ദാസിന്റെ ദ ട്രയംഫ്, രാജേന്ദ്ര ടിക്കുവിന്റെ ദി സാങ്ച്വറി ഓഫ് എ ടാബ്‌ലറ്റ്, എസ് കെ സാംസ്‌കാരിക നിലയത്തില്‍ ത്രിപുരക്കാരിയായ ദീപികാ സാഹ സ്ത്രീ ശാക്തീകരണത്തെ കുറിച്ച് നിര്‍മ്മിച്ച ദ മദര്‍ എന്നീ ശില്‍പ്പങ്ങളാണ് സ്ഥാപിക്കുന്നത്. ഈമാസം പത്തോടെ എല്ലാ ശില്‍പ്പങ്ങളും നിര്‍മ്മാണം പൂര്‍ത്തിയാവും. ഈ മാസം ഇരുപതോടെ ഇവയെല്ലാം നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ സ്ഥാപിക്കും.












Click it and Unblock the Notifications