Get Updates
Get notified of breaking news, exclusive insights, and must-see stories!

ഗംഗയെന്ന പേരിന് എന്തെങ്കിലും കുഴപ്പമുണ്ടോ?

Abdurabb
കേരളത്തില്‍ വാര്‍ത്തകള്‍ കീഴടക്കാന്‍ ഏറെ വിഷയങ്ങളുള്ളതിനാല്‍ വാര്‍ത്തയാകേണ്ട പലതും അര്‍ഹിക്കുന്ന പരിഗണനയോടെ ഇപ്പോള്‍ വാര്‍ത്തയാകുന്നില്ല. അതിലൊന്നാണ് വിദ്യാഭ്യാസമന്ത്രി പി കെ അബ്ദുറബ്ബിന്റെ ഔദ്യോഗിക വസതിയുടെ പേരുമാറ്റം. ടൂറിസം ഡിപ്പാര്‍ട്ട്‌മെന്റിനാണ് മന്ത്രിമന്ദിരങ്ങളുടെയും മന്ത്രിമാരുടെ വാഹനസൗകര്യങ്ങളുടെയും ചുമതല.

തിരുവനന്തപുരത്ത് കണ്ണായ ഇടങ്ങളിലാണ് മന്ത്രിമന്ദിരങ്ങളെല്ലാമുള്ളത്. കഴിഞ്ഞ ദിവസമാണ് ഗംഗ എന്ന പേരുള്ള വിദ്യാഭ്യാസമന്ത്രിയുടെ വീടിന്റെ പേര് ഗ്രേസ് എന്നാക്കി മാറ്റിയതായി വാര്‍ത്ത പരന്നത്. പത്രമാധ്യമങ്ങളില്‍ ഇത് ഒറ്റക്കോളം വാര്‍ത്തകളില്‍ ഒതുങ്ങിയെങ്കിലും ചില സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് സൈറ്റുകളില്‍ ചര്‍ച്ചകള്‍ കൊഴുത്തിരുന്നു. ഔദ്യോഗിക വസതിയുടെ പേര് മാറ്റിയതില്‍ അസാധാരണമായി ഒന്നുമില്ലെന്നും പരപ്പനങ്ങാടിയിലെ സ്വന്തം വീടിന്റെ പേര് ഔദ്യോഗിക വസതിക്കും ഇടാന്‍ ആവശ്യപ്പെടുകയായിരുന്നെന്നും മന്ത്രി വിശദീകരിക്കുന്നു. വീടിന്റെ കാര്യത്തിലെന്നപോലെ മറ്റ് ഭരണകാര്യങ്ങളിലും ഇത്തരത്തിലുള്ള താല്‍പര്യം വച്ചുപുലര്‍ത്താന്‍ മന്ത്രിക്ക് തോന്നാതിരിക്കട്ടെ.

മുസ്ലീം ലീഗ് മന്ത്രിമാര്‍ കടുത്ത സമുദായ താല്‍പര്യങ്ങള്‍ വച്ചുപുലര്‍ത്തുന്നവരാണെന്ന് പറഞ്ഞാല്‍ അതില്‍ വലിയ സത്യം ഇല്ലെന്ന് തന്നെ പറയേണ്ടിവരും. മന്ത്രിമാരെക്കാള്‍ കൂടുതലായി കൂടെയുള്ള കുഴലൂത്തുകാരാണ് മന്ത്രിമാര്‍ക്ക് പ്രത്യേകിച്ച് ലീഗ് മന്ത്രിമാര്‍ക്ക് പാരയെന്ന് അനുഭവങ്ങള്‍ ഒട്ടേറെയുണ്ടല്ലോ! മന്ത്രിമാരെക്കാള്‍ കൂടുതല്‍ ശുഷ്‌കാന്തി എല്ലാക്കാര്യങ്ങളിലും കാട്ടുന്നതും ഈ ഉത്സാഹക്കമ്മിറ്റിക്കാരായിരിക്കും. അധികാരസ്ഥാനങ്ങളെ ദുഷിപ്പിക്കുന്നതും ഇത്തരക്കാര്‍ തന്നെയാണ്. എല്ലാ പാര്‍ട്ടികളിലും പ്രസ്ഥാനങ്ങളിലും ഇത്തരക്കാരുടെ എണ്ണമാണ് അനുദിനം കൂടിവരുന്നതും. ഇത്തരക്കാരായിരിക്കാം മന്ത്രിയുടെ വീടിന്റെ പേരുമാറ്റത്തിന് പിന്നിലെന്ന് കരുതേണ്ടിവരും. സമുദായ പണ്ഡിതരെ ഭയന്നായിരിക്കണം ഗംഗയെന്ന പേര് മാറ്റി ഗ്രേസ് എന്നാക്കിയത്. മുസ്ലീം ലീഗ് മന്ത്രിമാര്‍ പങ്കെടുക്കുന്ന ഔദ്യോഗിക പരിപാടികള്‍ ഉള്‍പ്പെടെയുള്ള ചടങ്ങുകളില്‍ നിലവിളക്ക് കത്തിക്കുന്നതിന് വിലക്ക് തന്നെയുണ്ട്. ഇനി വിളക്ക് കത്തിക്കുന്ന ചടങ്ങുകളില്‍ ലീഗ് മന്ത്രിമാര്‍ കാഴ്ചക്കാരായി മാറിനില്‍ക്കുകയും ചെയ്യും.

ഗംഗ എന്ന പേര് ഇന്ത്യയിലെ ഏറ്റവും വലിയ നദികളില്‍ ഒന്നാണ്. മാത്രമല്ല ഹൈന്ദവപുരാണങ്ങളില്‍ പ്രതിപാദിക്കപ്പെട്ട ഗംഗ പുണ്യനദിയെന്ന നിലയില്‍ ഹൈന്ദവജനത പരിപാവനമായി കരുതുന്നുമുണ്ട്. ഇന്നത്തെ ഗംഗയുടെ യഥാര്‍ത്ഥ സ്ഥിതി വ്യത്യസ്തമാണെന്ന് മാത്രം.
ടൂറിസം വകുപ്പ് പുതിയ മന്ത്രിമന്ദിരങ്ങള്‍ സജ്ജമാക്കിയപ്പോള്‍ രാജ്യത്തെ പ്രധാന നദികളുടെ പേരാണ് നല്‍കിയത്. ഇതാണ് നമ്മുടെ വിദ്യാഭ്യാസമന്ത്രി മാറ്റാന്‍ ഉത്തരവിട്ടത്. ഗംഗയെന്ന പേരിലെ ഹൈന്ദവതയാണ് മന്ത്രിയുടെ ഉത്തരവിന് പിന്നിലെ ചേതോവികാരമെന്ന് ആരെങ്കിലും ആരോപിച്ചാല്‍ അവരെ ആര്‍ക്കാണ് കുറ്റം പറയാനാവുക! ഗംഗയെന്ന് പേരുള്ള വീട്ടില്‍ മുസ്ലീം സമുദായാംഗമായ മന്ത്രി താമസിക്കുന്നതിലെ ഔചിത്യത്തെ ചോദ്യം ചെയ്തിരിക്കുക മന്ത്രിയായാലും മന്ത്രിക്കൊപ്പമുള്ള പടയായാലും ചെയ്തത് അത്ര നല്ലതല്ല.

മന്ത്രിമാരുടെ സമുദായ സ്‌നേഹത്തിനനുസരിച്ച് മന്ത്രിമന്ദിരങ്ങളുടെയും ആപ്പീസുകളുടെയും പേരുമാറ്റുക എന്ന് പറയുന്നത് ആര്‍ക്കാണ് അംഗീകരിക്കാനാവുക. പേരിഷ്ടപ്പെട്ടില്ലെങ്കില്‍ ആ വീട് വേണ്ടെന്ന് വയ്ക്കണം. അതല്ലെങ്കില്‍ സ്വന്തമായി വീടെടുത്ത് ഇഷ്ടപ്പെട്ട പേരിടണം. അതുമല്ലെങ്കില്‍ മന്ത്രിസ്ഥാനം വേണ്ടെന്ന് വയ്ക്കണം. ഒളിഞ്ഞും തെളിഞ്ഞും സമുദായവും ജാതിയും മതവും ഭരണത്തില്‍ ഒളിച്ചുകടത്താന്‍ ശ്രമിക്കുന്നത് എതിര്‍ക്കപ്പെടേണ്ടത് തന്നെയാണ്.

ഒരു മന്ത്രി താന്‍ താമസിക്കുന്ന വീടിന്റെ പേര് മാറ്റുന്നതില്‍ എന്താണ് തെറ്റ് എന്നും ഇത് വലിയ വാര്‍ത്തയേക്കേണ്ടതുണ്ടോ എന്നും ചോദിക്കുന്നതില്‍ തെറ്റില്ല. എന്നാല്‍ ഈ മാറ്റത്തിന് പിന്നില്‍ ഒളിഞ്ഞിരിക്കുന്ന ചില താല്‍പര്യങ്ങളാണ് അപകടകരം. ഇത്തരം ചെറിയ ചെറിയ താല്‍പര്യങ്ങള്‍ വളര്‍ന്ന് പന്തലിച്ചാണ് വര്‍ഗീയതയുടെയും സാമുദായികതയുടെയും വിഷവിത്തുകള്‍ സമൂഹത്തിലെമ്പാടും പടര്‍ന്നത്.

ഈ നാടിന്റെ സംസ്‌കാരവും സാഹചര്യങ്ങളും അറിയാത്ത ആളല്ല ഈ മന്ത്രി. പൊതുസമൂഹത്തിന് മാതൃകയാകണമെന്ന് നാം കരുതുന്ന മന്ത്രിമാരടക്കമുള്ള നേതാക്കളുടെ ഭാഗത്തുനിന്നും ഇത്തരം സങ്കുചിതമായ നടപടികള്‍ പ്രതീക്ഷിക്കരുതാത്തതാണ്. കഴിക്കുന്ന ഭക്ഷണത്തിനും ഉടുക്കുന്ന തുണിക്കും താമസിക്കുന്ന വീടിനും സഞ്ചരിക്കുന്ന വാഹനത്തിനുമൊക്കെ സമുദായനിറം കൊടുക്കാനിറങ്ങിത്തിരിച്ചാല്‍ ഈ നാടിന്റെ ഗതിയെന്താകും റബ്ബ് സാഹിബേ? വ്യവസായം പോലെയോ പൊലീസ് പോലെയോ പൊതുമരാമത്ത് പോലെയോ ഉള്ള വകുപ്പ് കൈകാര്യം ചെയ്യുന്ന ആളല്ല അബ്ദുറബ്ബ്. കയ്യിലിരിക്കുന്നത് വിദ്യാഭ്യാസ വകുപ്പാണ്. സംസ്‌കാരവും സ്‌നേഹവും മാന്യതയും തലമുറകള്‍ക്കിടയിലേക്ക് കടത്തിവിടേണ്ട ഒന്നാണ് വിദ്യാഭ്യാസം. ഈ സ്ഥിതിക്ക് അങ്ങ് മാതൃക കാട്ടുകതന്നെ വേണം.

അനുബന്ധക്കുറിപ്പ്
ചാള്‍സ് ഡാര്‍വിന്റെ പരിണാമസിദ്ധാന്തം ക്ലച്ച് പിടിക്കാതിരുന്നതിന് കാരണങ്ങളിലൊന്ന് കോടാനുകോടി വര്‍ഷങ്ങളായിട്ടും മനുഷ്യന് പരിണാമമൊന്നുമുണ്ടാകുന്നില്ലെന്നതാണ്. മനുഷ്യന്റെ പരിണാമം ഭൗതികമല്ല ആന്തരികമാണെന്ന യാഥാര്‍ത്ഥ്യം പരിഗണിച്ചാല്‍ ഡാര്‍വിന്‍ സിദ്ധാന്തം നൂറ് ശതമാനം ശരിയാണ്. മനുഷ്യനെപ്പോലെ ഇത്രയേറെ മാറിയ ജീവി ഈ ഭൂമൂഖത്തില്ല, ഇനിയൊട്ട് ഉണ്ടാവുകയുമില്ല. അതിസുന്ദരമായ ഈ ഭൂമിയെയും ഇവിടുത്തെ ജീവജാലങ്ങളെയും സ്വവര്‍ഗത്തെ തന്നെയും ഇത്രയധികം ദ്രോഹിച്ച മറ്റൊരു ജീവിവര്‍ഗവും പ്രപഞ്ചത്തില്‍ തന്നെ പറയാം. ചരിത്രാതീതകാലങ്ങളില്‍ ഉണ്ടായെന്ന് പറയപ്പെടുന്ന ഭീകരരൂപികളായ ദിനോസറുകള്‍ പോലും എത്രയോ ഭേദം. മനുഷ്യന്‍ അനുദിനം മാറുകയാണ്. മതവും ജാതിയും വര്‍ഗവും വര്‍ണവും സമുദായവും സമ്പത്തും സുഖങ്ങളുമൊക്കെയായാണ് മനുഷ്യന്റെ പരിണാമം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+