കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സിപിഎമ്മിനൊപ്പം ബിജെപിയും കുടുങ്ങി

  • By ഷിബു ടി
Google Oneindia Malayalam News

CPM BJP
കേരളത്തിലെ രാഷ്ട്രീയ കൊലപാതകങ്ങളുടെ ചരിത്രം ടി പി ചന്ദ്രശേഖരന്‍ വധത്തിന് മുമ്പും പിമ്പും എന്ന് ഇനിമുതല്‍ ഗണിക്കേണ്ടിവരും. കേസെടുക്കല്‍, അന്വേഷണം, സാക്ഷികള്‍, പ്രതികള്‍, ശിക്ഷ തുടങ്ങിയ അതിപ്രധാനമായ വസ്തുതകളെ ഇഴകീറി പരിശോധനാവിധേയമാക്കുന്നതുമായി ബന്ധപ്പെട്ടാണ് ചരിത്രപരമായ ഈ കാലഗണനയ്ക്ക് പ്രാധാന്യമേറുന്നത്. ചന്ദ്രശേഖരന്റെ കൊലപാതകത്തിന് മുമ്പുവരെ കേരളത്തിലെ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് തങ്ങളുടെ പാര്‍ട്ടി ശത്രുക്കളെയോ പാര്‍ട്ടി വഞ്ചകരെയോ എപ്പോള്‍ വേണമെങ്കിലും കൊന്നുതള്ളാം. അത് വെട്ടിയായാലും കുത്തിയായാലും വെടിവച്ചായാലും കുഴപ്പമില്ല. ഇന്നാട്ടില്‍ ഒരു ഭരണകൂടവും കോടതിയും നിയമവ്യവസ്ഥകളും ഉള്ളതുകൊണ്ട് മാത്രം പ്രതികളെ കണ്ടെത്താന്‍ അതാത് പാര്‍ട്ടികള്‍ മുന്‍കൈ എടുത്ത് വേണ്ടതൊക്കെ ചെയ്യും. അത് പാര്‍ട്ടികളുടെ ഔദാര്യമാണ്. പൊലീസ് വെറുതെ കഷ്ടപ്പെട്ട് മിനക്കെട്ട് അന്വേഷണം നടത്തേണ്ട കാര്യമൊന്നുമുണ്ടായിരുന്നില്ല.

പാര്‍ട്ടിക്കാര്‍ തന്നെ പ്രതികളെ പൊലീസിന്റെ കയ്യില്‍ കൊണ്ടുക്കൊടുക്കും. പൊലീസിനും ഇത് വളരെ സൗകര്യമായിരുന്നു. തരാതരം പോലെ കഷ്ടകാലം തലയ്ക്കുമുകളില്‍ നില്‍ക്കുന്നര്‍ക്ക് ജീവപര്യന്തം കിട്ടും, യോഗമുള്ളവന്‍ വെറുതെ വിടപ്പെടും. ചന്ദ്രശേഖരന്‍ വധത്തോടെ കാര്യങ്ങള്‍ക്ക് ചില മാറ്റങ്ങളുണ്ടായി. യഥാര്‍ത്ഥ പ്രതികളെ തന്നെ കിട്ടണമെന്ന് സര്‍ക്കാരിനും പൊലീസിനും നിര്‍ബന്ധം. നെയ്യാറ്റിന്‍കര ഉപതെരഞ്ഞെടുപ്പുണ്ടാക്കിയ രാഷ്ട്രീയാന്തരീക്ഷവും കേരളത്തിലെ മാധ്യമങ്ങളുടെ നിലപാടും സംസ്ഥാന മന്ത്രിസഭയുടെ നൂല്‍പ്പാലത്തിലൂടെയുള്ള നടപ്പും കേരളമൊട്ടാകെയുള്ള ജനങ്ങളുടെ പ്രതിഷേധവും സര്‍വ്വോപരി സഖാവ് വി എസ് അച്യുതാനന്ദന്റെ നിലപാടുകളുമെല്ലാം ചേര്‍ന്നൊരുക്കിയ അന്തരീക്ഷമാണ് പൊലീസിനെയും സര്‍ക്കാരിനെയും രാഷ്ട്രീയ കൊലപാതകങ്ങളില്‍ പുതിയ ചില നയങ്ങള്‍ സ്വീകരിക്കാന്‍ നിര്‍ബന്ധിതമാക്കിയത്. ഇതോടെ സി പി എം അക്ഷരാര്‍ത്ഥത്തില്‍ വെട്ടിലായത് വര്‍ത്തമാനകാല ചരിത്രമാണ്. സി പി എം ഇടുക്കി ജില്ലാ സെക്രട്ടറിയായിരുന്ന എം എം മണിയുടെ 'കൊലവിളി' ഇതിനിടെയുണ്ടായതോടെയാണ് കേരളത്തില്‍ നടന്ന രാഷ്ട്രീയ കൊലപാതകങ്ങളെക്കുറിച്ചുള്ള പുനരന്വേഷണത്തിന് സര്‍ക്കാര്‍ നടപടി തുടങ്ങിയത്.

രാഷ്ട്രീയ കൊലപാതകങ്ങളുടെ പുനരന്വേഷണ നടപടികള്‍ ആരംഭിച്ചതോടെ സി പി എമ്മിനെപ്പോലെ തന്നെ ബി ജെ പിയും വെട്ടിലായിരിക്കുകയാണ്. ഒരു പ്രധാനമായും കണ്ണൂര്‍ ജില്ലയില്‍ അടക്കം സംസ്ഥാനത്തുടനീളം സി പി എം-ബി ജെ പി സംഘര്‍ഷവും ഇതിന്റെ ഭാഗമായി കൊലപാതകങ്ങളും പതിവായിരുന്നു. കൊലപാതകങ്ങള്‍ അടക്കമുള്ള അക്രമങ്ങളില്‍ പ്രതികളെ നല്‍കിയിരുന്നത് അതാത് പാര്‍ട്ടി നേതൃത്വമാണെന്ന് പരസ്യമായ കാര്യം തന്നെയായിരുന്നു. പൊലീസിനും മറിച്ചൊരഭിപ്രായം ഉണ്ടായിരുന്നില്ല. പിന്നീട് എന്നെങ്കിലും കേസ് കോടതിയിലെത്തി വര്‍ഷങ്ങളുടെ നടപടികള്‍ക്ക് ശേഷം പ്രതികള്‍ ശിക്ഷിക്കപ്പെടുകയോ വെറുതെ വിടപ്പെടുകയോ ചെയ്യും.

ടി പി ചന്ദ്രശേഖരന്‍ വധത്തോടെ കളികളാകെ മാറി. കുറ്റം ചെയ്തവരേക്കാള്‍ വലിയ കുറ്റവാളികള്‍ കുറ്റം ചെയ്യാന്‍ പ്രേരിപ്പിച്ചവരാണെന്ന ക്രിമിനല്‍ നിയമത്തെ പൊലീസും ഭരണകൂടവും പൊടിതട്ടിയെടുത്തത് ടി പി ചന്ദ്രശേഖരന്‍ വധത്തോടെയാണ്. എം എം മണിയുടെ വിവരണമനുസരച്ച് ഇടുക്കിയില്‍ നടന്ന കൊലപാതക പരമ്പരകളുടെ യഥാര്‍ത്ഥ കഥകള്‍ വെളിച്ചത്തുവന്നതോടെ സംസ്ഥാനത്തെ മുഴുവന്‍ രാഷ്ട്രീയ കൊലപാതകങ്ങളെക്കുറിച്ചും പുനരന്വേഷണം നടത്താനുള്ള തീരുമാനമാണ് ആഭ്യന്തരവകുപ്പ് സ്വീകരിച്ചത്. ഈ തീരുമാനം കോണ്‍ഗ്രസിനും ചില പരുക്കുകള്‍ ഏല്‍പ്പിക്കാന്‍ സാധ്യതയുണ്ടെങ്കിലും രാഷ്ട്രീയമായി അവര്‍ക്ക് ഇത് വന്‍ നേട്ടം തന്നെയാണ്. കുടുങ്ങിയത് സി പി എമ്മും അധികാരകേന്ദ്രങ്ങളില്‍ നിന്ന് അകറ്റിനിര്‍ത്തപ്പെട്ട ബി ജെ പിയുമാണ്. ബി ജെ പിക്കാര്‍ മുഖ്യപ്രതികളായ രാഷ്ട്രീയകൊലപാതകങ്ങളിലും പുനരന്വേഷണം നടക്കുന്നുണ്ട്. ഇപ്പോള്‍ പ്രതികളാക്കപ്പെട്ടവരോടൊപ്പം തന്നെ കൊലകള്‍ ആസൂത്രണം ചെയ്തവരും കുടുങ്ങുമോ എന്ന ആശങ്കയിലാണ് ബി ജെ പി നേതൃത്വം.

English summary
Like CPM, BJP also trapped after TP Chandrasekharan's Murder. Have a chance for re investigations in old political murder cases.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X