ടികെയെ കുടുക്കാന്‍ സഹായിച്ചത് മലയാളി അസോസിയേഷന്‍
കോഴിക്കോട്: ചന്ദ്രശേഖരന്‍ വധക്കേസിലെ മുഖ്യപ്രതിയായ ടികെ രജീഷിനെ പിടികൂടാന്‍ സഹായിച്ചത് മഹാരാഷ്ട്രയിലെ മലയാളി അസോസിയേഷന്‍. മഹാരാഷ്ട്രയിലെ കൊങ്കണ്‍ മേഖലയില്‍ ഒളിവില്‍ കഴിയുന്നതിനിടെയാണ് രജീഷ് പൊലീസിന്റെ വലയിലായത്.
പ്രതി രത്‌നഗിരി ജില്ലയില്‍ ഒളിവില്‍ കഴിയുന്നുണ്ടെന്ന് പൊലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ നീക്കത്തിനൊടുവിലാണ് രജീഷ് പിടിയിലായത്. രത്‌നഗിരിയിലെ പ്രാദേശിക മലയാളിസമാജം പ്രവര്‍ത്തകരുടെ സഹായത്തോടെയാണ് തലശ്ശേരി ഡിവൈഎസ്പിയും സംഘവും രജീഷിനെ കസ്റ്റഡിയിലെടുത്തത്.
അറസ്്റ്റിലായ രജീഷിനെ തിരിച്ചറിയല്‍ പരേഡിന് വിധേയനാക്കാന്‍ അന്വേഷണ സംഘം തീരുമാനിച്ചു. മറ്റുപ്രതികള്‍ക്കൊപ്പമാവും രജീഷിനേയും തിരിച്ചറിയല്‍ പരേഡിന് വിധേയനാക്കുക. തിരിച്ചറിയല്‍ പരേഡിനു ശേഷം വൈകിട്ട് നാലു മണിക്ക് രജീഷിനെ വടകര കോടതിയില്‍ ഹാജരാക്കുമെന്നാണ് അറിയുന്നത്.
കെടി ജയകൃഷ്ണന്‍ വധക്കേസ് ഉള്‍പ്പെടെ ആറോളം കേസുകളില്‍ രജീഷിന് പങ്കുള്ളതായി സൂചനയുണ്ട്. ഇക്കാര്യം ചോദ്യം ചെയ്യലില്‍ രജീഷ് സമ്മതിച്ചുവെന്നും റിപ്പോര്‍ട്ടുണ്ട്. വ്യാഴാഴ്ച രാത്രിയാണ് രജീഷിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്.
ചന്ദ്രശേഖരനെ വധിച്ചശേഷം കൂത്തുപറമ്പിലേക്കു കടന്നു പിറ്റേന്നു കര്‍ണാടകയിലേക്കു പോയ രജീഷ് പിന്നീടു മുംബൈയിലെത്തുകയായിരുന്നു. രജീഷിനെ സഹായിച്ച മൂന്നുപേരെയും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇതോടെ ചന്ദ്രശേഖരന്‍ വധക്കേസില്‍ അറസ്റ്റിലായവര്‍ 28 ആയി.












Click it and Unblock the Notifications