വിവരം ചോര്‍ന്നു കിട്ടി; കുഞ്ഞനന്തന്‍ കടന്നു
കണ്ണൂര്‍: ടിപി ചന്ദ്രശേഖരന്‍ വധക്കേസുമായി ബന്ധപ്പെട്ട് പൊലീസ് തേടുന്ന പാനൂര്‍ ഏരിയാ കമ്മിറ്റി അംഗം പി.കെ കുഞ്ഞനന്തന്‍ തലനാരിഴയ്ക്ക് രക്ഷപെട്ടുവെന്ന് റിപ്പോര്‍ട്ട്. കുഞ്ഞനന്തന്റെ ഒളിത്താവളം കണ്ടെത്തിയ പൊലീസ് അവിടെയെത്തിയപ്പോഴേയ്ക്കും ഇയാള്‍ കടന്നുകളയുകയായിരുന്നു.
പൊലീസില്‍ നിന്ന് തന്നെ വിവരം ചോര്‍ന്നതിന്റെ അടിസ്ഥാനത്തിലാണ് കുഞ്ഞനന്തന്‍ രക്ഷപെട്ടതെന്ന് സംശയിക്കുന്നു. ഇതെ തുടര്‍ന്ന് വിവരം ചോര്‍ത്തിയതായി സംശയിക്കപ്പെടുന്ന രണ്ടു പൊലീസുകാര്‍ നിരീക്ഷണത്തിലാണ്.
ടിപി വധക്കേസിലെ ഗൂഢാലോചനയില്‍ പ്രധാന പങ്കുവഹിച്ചുവെന്ന് സംശയിക്കപ്പെടുന്നയാളാണ് കുഞ്ഞനന്തന്‍. കുഞ്ഞനന്തനെ ഒളിവില്‍ കഴിയാന്‍ സഹായിച്ച കണ്ണമ്പള്ളി പാത്തിയില്‍ താഴക്കുനി കുമാരന്‍ മുന്‍പ് പിടിയിലായിരുന്നു.
കൊലപാതകത്തിന് ശേഷം ബാംഗ്ലൂരിലേയ്ക്ക് കടന്ന കുഞ്ഞനന്തന്‍ അവിടെ ബേക്കറി നടത്തുകയായിരുന്ന സുഹൃത്ത് കുമാരന്റെ സഹായത്തോടെ ഒളിവില്‍ കഴിയുകയായിരുന്നു.
തന്നെ തിരഞ്ഞ് പൊലീസ് ബാംഗ്ലൂരിലെത്തിയ വിവരമറിഞ്ഞ കുഞ്ഞനന്തന്‍ അവിടെ നിന്ന് ബല്‍ഗാമിലേയ്ക്ക് പോയി. പിന്നീട് പൂനയിലും ഒളിവില്‍ കഴിഞ്ഞ കുഞ്ഞനന്തന്‍ തിരികെ ബാംഗ്ലൂരിലെത്തിയിരുന്നു. ബാംഗ്ലൂരില്‍ നിന്ന് കുഞ്ഞനന്തനെ പയ്യന്നൂരില്‍ എത്തിച്ചതായും അവിടെ നിന്ന് ഇയാളെ എവിടേയ്ക്കാണ് കൊണ്ടു പോയതെന്ന കാര്യം അറിയില്ലെന്നുമാണ് കുമാരന്‍ പൊലീസിനെ അറിയിച്ചത്.
പയ്യന്നൂരില്‍ പാര്‍ട്ടി നേതാക്കളുടെ സഹായത്തോടെ ഒളിവില്‍ കഴിയുകയാണ് കുഞ്ഞനന്തനെന്നാണ് പൊലീസിന്റെ നിഗമനം.












Click it and Unblock the Notifications