കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ടിപി വധം പാര്‍ട്ടി അന്വേഷണം നടത്തുമെന്ന് കാരാട്ട്

  • By Ajith Babu
Google Oneindia Malayalam News

Prakash Karat
ദില്ലി: ടിപി ചന്ദ്രശേഖരന്‍ വധത്തില്‍ പാര്‍ട്ടിയിലെ ഏതെങ്കിലും അംഗത്തിന് പങ്കുണ്ടെന്ന് തെളിഞ്ഞാല്‍ അവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് സി.പി.എം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട്. കേന്ദ്രകമ്മിറ്റി യോഗത്തിനുശേഷം നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

പോലീസ് ചൂണ്ടിക്കാട്ടുന്ന പ്രതികള്‍ക്കെതിരെയാവില്ല നടപടി. പാര്‍ട്ടി സ്വന്തം നിലയ്ക്ക് വിഷയത്തില്‍ അന്വേഷണം നടത്തും. പാര്‍ട്ടി ആഭ്യന്തര തലത്തില്‍ നടത്തുന്ന ഈ അന്വേഷണത്തിന്റെ അടിസ്ഥാനത്തില്‍ കുറ്റക്കാരെ ആരെയെങ്കിലും കണ്‌ടെത്തിയാല്‍ നടപടിയെടുക്കും.
ടി.പി വധത്തില്‍ സി.പി.എമ്മിന് പങ്കില്ല. വധത്തെ പാര്‍ട്ടി അപലപിച്ചിട്ടുണ്ട്. രാഷ്ട്രീയ പ്രതിയോഗികളെ വകവരുത്തുന്നത് പാര്‍ട്ടിയുടെ നയമല്ലെന്നും അദ്ദേഹം വിശദീകരിച്ചു.

ടി.പി വധക്കേസിലെ അന്വേഷണത്തെ സ്വാധീനിക്കാന്‍ സംസ്ഥാന സര്‍ക്കാരും യു.ഡി.എഫും ശ്രമിക്കുന്നുവെന്ന് അദ്ദേഹം ആരോപിച്ചു. കേരളത്തില്‍ സി.പി.എമ്മിനെതിരെ യു.ഡി.എഫ് ആക്രമണം നടത്തുന്നു. കോഴിക്കോട്ടെയും കണ്ണൂരിലെയും നേതാക്കളെ കേസില്‍ കുടുക്കാനും ശ്രമം നടത്തുന്നു. നെയ്യാറ്റിന്‍കര ഉപതിരഞ്ഞെടുപ്പിനിടെ ടി.പി ചന്ദ്രശേഖരന്‍ വധവുമായി ബന്ധപ്പെട്ട വ്യാപകമായ പ്രചാരണമാണ് സി.പി.എമ്മിനെതിരെ നടന്നത്. ആരോപണങ്ങളെ പാര്‍ട്ടി ഒറ്റക്കെട്ടായി നേരിടും.

കേരളത്തിലെ സിപിഎമ്മില്‍ കഴിഞ്ഞ ഒരു മാസത്തോളമായി നടക്കുന്ന സംഭവവികാസങ്ങള്‍ യോഗം ചര്‍ച്ച ചെയ്തുവെന്ന് കാരാട്ട് അറിയിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ കേരളത്തിലെ വിഷയങ്ങള്‍ സംസ്ഥാന ഘടകത്തില്‍ തന്നെ ചര്‍ച്ച ചെയ്യും. കേരളത്തില്‍ നടക്കുന്ന യോഗത്തില്‍ പിബി അംഗങ്ങള്‍ പങ്കെടുത്ത് കേന്ദ്രകമ്മിറ്റിയെ വിവരങ്ങള്‍ അറിയിക്കും.

അതേസമയം, വി.എസ് അച്യുതാനന്ദനോട് ഇനി പരസ്യപ്രസ്താവനകള്‍ പാടില്ലെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ ഇത് വി.എസ് അച്യുതാനന്ദനെതിരെ ഏതെങ്കിലും തരത്തിലുള്ള ശാസനയാണോ എന്ന് മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചപ്പോള്‍ ശാസനയല്ല, പാര്‍ട്ടിയുടെ നിര്‍ദേശമാണെന്ന് കാരാട്ട് വ്യക്തമാക്കി.

സെക്രട്ടറിയല്ല പാര്‍ട്ടിയെ സംബന്ധിച്ച് അവസാന വാക്കെന്ന വി.എസിന്റെ പ്രസ്താവന ചൂണ്ടിക്കാട്ടിയപ്പോള്‍ കോണ്‍ഗ്രസ് പോലെ സിപിഎമ്മില്‍ ഹൈക്കമാന്‍ഡില്ലെന്നും പാര്‍ട്ടിയില്‍ വ്യക്തികള്‍ക്കല്ല, സംസ്ഥാന തലത്തില്‍ സംസ്ഥാന ഘടകത്തിനും കേന്ദ്രതലത്തില്‍ കേന്ദ്രഘടകത്തിനുമാണ് പ്രാധാന്യമെന്ന് പ്രകാശ് കാരാട്ട് പറഞ്ഞു.

English summary
CPM general secretary Prakash Karat has said that if any of the party men were found to be associated with or involved in the murder of RMP leader T P Chandrasekharan, the party would take stern action against them
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X