രജീഷിന്റെ തിരിച്ചറിയല്‍ പരേഡിന് പ്രസക്തിയില്ല
വടകര: ടിപി ചന്ദ്രശേഖരന്‍ വധക്കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ടികെ രജീഷിനെ തിരിച്ചറിയില്‍ പരേഡിന് വിധേയനാക്കുന്നതില്‍ അര്‍ഥമില്ലെന്ന് അമ്മ പ്രഭാസിനി. കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് അവര്‍ ഇക്കാര്യം അറിയിച്ചത്.
പത്രങ്ങളില്‍ രജീഷിന്റെ ചിത്രം അടിച്ചു വന്നു കഴിഞ്ഞു. അതു കൊണ്ട് ഇനി തിരിച്ചറിയില്‍ പരേഡ് നടത്തുന്നതിന് പ്രസക്തിയില്ല. രജീഷിനെ കാണാന്‍ അനുവദിക്കണമെന്നും ചോദ്യം ചെയ്യല്‍ അഭിഭാഷകന്റെ സാന്നിധ്യത്തില്‍ വേണമെന്നും പ്രഭാസിനി ഹര്‍ജിയില്‍ ആവശ്യപ്പെട്ടു
രജീഷിന്റെ ചിത്രങ്ങള്‍ പ്രസിദ്ധീകരിച്ച മാധ്യമങ്ങളും ഇവര്‍ കോടതിയില്‍ ഹാജരാക്കിയിട്ടുണ്ട്. കേസ് പരിഗണിക്കുന്ന വടകര ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ കോടതിയിലാണ് പ്രഭാസിനി ഹര്‍ജി നല്‍കിയത്. ഹര്‍ജി കോടതി ഫയലില്‍ സ്വീകരിച്ചു.
ഇന്നോവ കാറില്‍ നിന്നിറങ്ങി ചന്ദ്രശേഖരനെ വെട്ടിയവരില്‍ താനുമുണ്ടായിരുന്നെന്ന് രജീഷ് പൊലീസിന് മൊഴി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് സംഭവത്തിന് ദൃക്‌സാക്ഷികളായിരുന്നവരെ ഹാജരാക്കി കോഴിക്കോട് ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേട്ടിന്റെ സാന്നിധ്യത്തില്‍ തിരിച്ചറിയല്‍ പരേഡ് നടത്തുന്നത്.
രജീഷിനെ റിമാന്‍ഡ് ചെയ്തപ്പോള്‍ത്തന്നെ തിരിച്ചറിയല്‍ പരേഡിന് അനുമതി തേടിയിരുന്നു. ഇന്നോവ കാറിലെത്തിയ സംഘത്തില്‍ നിന്ന് മൂന്ന് പേരാണ് ചന്ദ്രശേഖരനെ വെട്ടിയതെന്ന് അന്ന് സംഭവ സ്ഥലത്തുണ്ടായിരുന്ന ഒരാള്‍ പൊലീസിനെ അറിയിച്ചിരുന്നു.












Click it and Unblock the Notifications