കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മണിയും ബഷീറും പിന്നെ മുകുന്ദനും

  • By അഭിരാം പ്രദീപ്
Google Oneindia Malayalam News

Basheer Mukundan Mani
അമിട്ടിന് തിരികൊളുത്തുന്നതുപോലെ ചൂടന്‍ നാലഞ്ച് പ്രയോഗങ്ങള്‍ കാച്ചിയാല്‍ അണികള്‍ക്ക് ആവേശം കയറും എന്നു കരുതി നേതാക്കള്‍ സ്വയം അങ്ങു മറന്നാലോ? കൈയടിക്കാന്‍ കുറച്ചുപേര്‍ മുന്നിലുണ്ടെന്ന് കരുതി കത്തികയറുകയും പിന്നീടത് ഇറക്കാനും തുപ്പാനുമാകാതെ അന്തിച്ച് നില്‍ക്കേണ്ടി വരുന്ന നേതാക്കളുടെ എണ്ണം ഏറി വരികയുമാണല്ലോ?

ഇടുക്കിയില്‍ എംഎം മണി ആയാലും മലപ്പുറത്ത് പികെ ബഷീര്‍ എംഎല്‍എ ആയാലും 'വായയില്‍ തോന്നിയത് കോതയ്ക്ക് പാട്ട്' എന്ന മട്ടില്‍ വിളിച്ചുപറയുമ്പോള്‍ അക്ഷരാര്‍ത്ഥത്തില്‍ വെട്ടിലായത് സിപിഎമ്മിന്റെയും മുസ്ലീം ലീഗിന്റെയും നേതൃത്വങ്ങള്‍ കൂടിയാണ്.

ടിപി ചന്ദ്രശേഖരന്‍ വധത്തില്‍ പാര്‍ട്ടിക്ക് ഒരു പങ്കുമില്ലെന്ന് സ്ഥാപിക്കാന്‍ സിപിഎം നേതൃത്വം പെടാപ്പാട് പെടുമ്പോഴാണ് മണിയാശാന്‍ വെടിപൊട്ടിച്ചത്. 'ഞങ്ങളുടെ പാര്‍ട്ടി വിചാരിച്ചാല്‍ കൊല്ലും കൊന്നിട്ടുണ്ട് ഇനിയും കൊല്ലുകയും ചെയ്യും. 123..' അതിന്റെ തീയും പുകയും കെട്ടടങ്ങിയിട്ടില്ലെന്ന് മാത്രമല്ല, കത്തിയെരിഞ്ഞുകൊണ്ടിരിക്കുകയും ചെയ്യുന്നു.

ടിപി വധവും മണിയുടെ പ്രസംഗവുമൊക്കെയാണ് കടന്നാക്രമിച്ചുകൊണ്ടിരിക്കെയാണ് ബഷീര്‍ എംഎല്‍എയുടെ പ്രസംഗം ബൂമറാങായി യുഡിഎഫ് നേതൃത്വത്തിനു നേരെ തിരിച്ചടിച്ചത്. മുസ്ലീം ലീഗ് പ്രവര്‍ത്തകന്‍ അത്വീഖ്‌റഹ്മാനെ കൊലപ്പെടുത്തിയ സംഭവത്തില്‍ കുറ്റാരോപിതരായ കൊളക്കാടന്‍ ആസാദ്, കൊളക്കാടന്‍ അബൂബക്കര്‍ എന്നീ സഹോദരങ്ങളാണ് കഴിഞ്ഞ ദിവസം മൃഗീയമായി കൊല്ലപ്പെട്ടത്.

ഈ ഇരട്ടകൊലയ്ക്ക് ഒരാഴ്ച മുമ്പ് ഏറനാട് എംഎല്‍എ ആയ പികെ ബഷീര്‍ നടത്തിയ പ്രസംഗമാണ് ഇപ്പോള്‍ വിവാദമായിരിക്കുന്നത്. 'ലീഗ് പ്രവര്‍ത്തകനെ കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതികളെ വെറുതെ വിടില്ല, കൈകാര്യം ചെയ്യും.' എന്നാണ് ജനപ്രതിനിധി കൂടിയായ ബഷീര്‍ വിളിച്ചുപറഞ്ഞത്. മുസ്ലീം ലീഗിന്റെ സംസ്ഥാന നേതാവ് കൂടിയായിരുന്ന സീതിഹാജിയുടെ മകന്‍ ബഷീര്‍ ഇത്തരം ആവേശ പ്രകടനങ്ങള്‍ വഴി ഇതിനു മുമ്പും കുഴിയില്‍ ചാടിയിട്ടുണ്ട്.

എതിരാളി ആരായാലും മുന്‍പിന്‍ നോക്കാതെ തുറന്നടിക്കലായിരുന്നു സീതി ഹാജി സ്‌റ്റൈല്‍. പക്ഷേ, അതിനെല്ലാം ഒരു നിര്‍ദോഷ ഫലിത ചുവയുണ്ടായിരുന്നു. കൊലയ്ക്കും കലാപത്തിനും തിരികൊളുത്തുന്ന വാക്കുകള്‍ സീതിഹാജിയില്‍ നിന്ന് ഉണ്ടായിട്ടുമില്ല. ബാപ്പയുടെ ആ സ്റ്റൈല്‍ മനസ്സിലാക്കാന്‍ മകന്‍ ബഷീറിന് കഴിഞ്ഞിട്ടില്ലായെന്ന് ചുരുക്കം. മനസ്സിലാകികിയിരുന്നുവെങ്കില്‍ ക്ലസ്റ്റര്‍ യോഗത്തിനെത്തിയ അധ്യാപകനെ ചവിട്ടികൊന്ന സംഭവത്തില്‍ ലീഗുകാര്‍ക്കെതിരേ 'സാക്ഷി പറഞ്ഞാല്‍ അവര്‍ ജീവനോട് തിരിച്ചുപോകില്ലായെന്ന്' അന്ന് ലീഗിന്റെ ഏറനാട് മണ്ഡലം പ്രസിഡന്റായ ബഷീര്‍ പ്രസംഗിക്കുമോ?

നിങ്ങള്‍ ചെയ്‌തോ, 'ഒരു ബേജാറും വേണ്ട, ബാക്കി ഞാനേറ്റു'. എന്ന ബഷീറിന്റെ വാക്കുകള്‍ അന്നേറെ വിവാദങ്ങള്‍ക്ക് തിരികൊളുത്തിയിരുന്നു. കാലം മാറിയത് പല നേതാക്കളും ഇന്നു തിരിച്ചറിയുന്നില്ല എന്നതാണ് യഥാര്‍ത്ഥ്യം. പ്രസംഗിച്ച് പത്രങ്ങളില്‍ അച്ചടിച്ചുവരുമ്പോള്‍ കണ്ണുപൂട്ടി നിഷേധിക്കാവുന്ന കാലമല്ല ഇത്. അനുനിമിഷം ആഗോളമായി പ്രചരിക്കുന്ന വാര്‍ത്താവിസ്‌ഫോടനത്തിന്റെ കാലമാണിത്. മുന്നില്‍ ചാനല്‍ ക്യാമറകള്‍ ഇല്ലല്ലോ? എന്ന ധൈര്യത്തില്‍ എന്ത് വിടുവായത്തരവും പറയാന്‍ തുനിയുന്നവര്‍ ഓര്‍ക്കുക, ഒരു മൊബൈല്‍ ഫോണ്‍ മതി എന്തും പകര്‍ത്താന്‍. ഞാനാരേയും ഒന്നും പറഞ്ഞില്ല. എന്ന ബഷീര്‍ എംഎല്‍എയുടെ വിലാപം പൊളിച്ചതും ഒരു മൊബൈല്‍ ഫോണ്‍ റെക്കോഡ് തന്നെയായിരുന്നല്ലോ?

വാല്‍ക്കഷണം: നെയ്യാറ്റിന്‍കരയില്‍ ബിജെപിയും സിപിഎമ്മും തമ്മില്‍ അടവ് നയമുണ്ടായിട്ടുണ്ടെന്ന രീതിയില്‍ മുതിര്‍ന്ന ബിജെപി നേതാവായ പിപി മുകുന്ദന്റെ പ്രസ്താവനയും ഇതോടൊപ്പം കൂട്ടിച്ചേര്‍ക്കാം. മുകുന്ദന്‍ ചാനല്‍ മൈക്കുകള്‍ക്കു മുന്നില്‍ പ്രകടിപ്പിച്ച ആവേശം വാസ്തവത്തില്‍ വെട്ടിലാക്കിയത് 'വോട്ട് കച്ചവടക്കാരെന്ന' ചീത്തപ്പേര് ഒഴിവാക്കാന്‍ കഷ്ടപ്പെടുന്ന പാര്‍ട്ടി നേതൃത്വത്തെയാണ്.

English summary
Outspoker leaders creating problems to political parties. Latest one, P K Basheer, MLA, who has been booked as accused in the Malappuram double murder case.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X