സമവായമായില്ല; ബിജെപി പിന്തുണ സാങ്‌മയ്‌ക്ക്

രാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ ബിജെപിയുടെ പിന്തുണ സാങ്‌മയ്‌ക്കാണ് എന്ന് പ്രഖ്യാപിച്ചത് മുതിര്‍ന്ന ബിജെപി നേതാവ് സുഷമ സ്വരാജ് ആണ്. അകാലിദളിന്റെയും പിന്തുണ സാങ്‌മയ്‌ക്കാണ് എന്നും സുഷമ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. അരുണ്‍ ജയ്‌റ്റ്‌ലിയും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തിരുന്നു.
അതേസമയം രാഷ്ട്രപതി സ്ഥാനത്തേക്ക് സാങ്‌മയെ പിന്തുണയ്‌ക്കുന്ന കാര്യത്തില്‍ എന്‍ഡിഎയിലെ ഘടകകക്ഷികള്‍ക്കിടയ്‌ക്ക് സമവായമായില്ല എന്നാണ് റിപ്പോര്‍ട്ട്. രാഷ്ട്രപതി സ്ഥാനത്തേക്ക് ഒരു മത്സരം ആവശ്യമില്ല എന്നും, പ്രണബ് മുഖര്‍ജിയെ പിന്തുണയ്‌ക്കാം എന്നുമുള്ള നിലപാടിലാണ് എന്‍ഡിഎയിലെ മറ്റു ഘടകകക്ഷികളായ ജെഡിയു, ശിവസേന എന്നിവ.
അകാലിദളിന്റെ നവീന്‍ പട്‌നായിക്കാണ് എന്‍ഡിഎ യോഗത്തില്‍ രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയായി പിഎ സാങ്‌മയുടെ പേര് നിര്‍ദ്ദേശിച്ചത്. ശിവസേനയും ജെഡിയുവും പ്രണബ് മുഖര്‍ജിയെയായിരിക്കും പിന്തുണയ്‌ക്കുക എന്നാണ് പ്രതീക്ഷിക്കപ്പെടുന്നതെങ്കിലും, ഇക്കാര്യം സംബന്ധിച്ച് അതാതു നേതൃത്വത്തിന്റെ ഭാഗത്തു നിന്നും ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാവാനിരിക്കുന്നേയുള്ളൂ.
രാഷ്ട്രപതി സ്ഥാനാര്‍ത്ഥി സംബന്ധിച്ച് എന്‍ഡിഎ ഘടകകക്ഷികളുടെ ഇടയില്‍ സമാവായം ഉണ്ടാക്കുന്നതില്‍ പരാജയപ്പെട്ടു എന്നു തുറന്നു സമ്മതിച്ച ജയ്‌റ്റ്‌ലി എന്നാല്‍ ഇക്കാരണം കൊണ്ട് ഘടകകക്ഷികള്‍ക്കിടയ്‌ക്ക് ഒരു പ്രശ്‌നവും ഉടലെടുക്കില്ല എന്നു ഉറപ്പു നല്‍കുകയും ചെയ്‌തു.
പുതിയ രാഷ്ട്രപതിയെ തിരഞ്ഞെടുക്കുന്ന കാര്യത്തില്‍ കോണ്‍ഗ്രസിന്റേത് ഏകപക്ഷീയമായ നിലപാടാണ് എന്ന് ആരോപിച്ചാണ് ബിജെപി മത്സരത്തിനൊരുങ്ങിയത്. ആദ്യം മുന്‍ രാഷ്ട്രപതി എപിജെ അബ്ദുല്‍ കലാമിനെ നിര്‍ദ്ദേശിച്ചെങ്കിലും താന്‍ മത്സരത്തിനില്ലെന്ന് അദ്ദേഹം അറിയിച്ചതോടെ സാങ്‌മയെ പിന്തുണയ്‌ക്കാന്‍ തീരുമാനിക്കുകയായിരുന്നു ബിജെപി.












Click it and Unblock the Notifications