കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മാലിന്യങ്ങളുടെ സ്വന്തം നാട് പനിച്ചുതുള്ളുന്നു

  • By ഷിബു ടി
Google Oneindia Malayalam News

Fever in Kerala
വടക്ക് മഞ്ചേശ്വരം മുതല്‍ തെക്ക് പാറശാല വരെയുള്ള കേരളനാട്ടിലെ ജനങ്ങള്‍ പെരുമഴയത്ത് പനിച്ചുവിറയ്ക്കുകയാണ്. സദാ പനിയും കടന്ന് വൈറല്‍, ഡെങ്കി, എലി, എച്ച് വണ്‍ എന്‍ വണ്ണിലെത്തി നില്‍ക്കുകയാണ് ദൈവത്തിന്റെ സ്വന്തം നാട്. ഇതൊടൊപ്പം മലേറിയ, മഞ്ഞപ്പിത്തം, വയറിളക്ക രോഗങ്ങള്‍ എന്നിവയും വ്യാപകമാണ്.

ഇപ്പോള്‍ എല്ലാ മഴക്കാലവും മലയാളിക്ക് പേടിക്കാലമാണ്. വെറും പനിയുടെ രൂപത്തില്‍ സാക്ഷാല്‍ മരണം വരെയെത്താം. പനിയില്‍ നിന്നും മറ്റ് പകര്‍ച്ച വ്യാധികളില്‍ നിന്നും രക്ഷനേടാന്‍ ഇപ്പോള്‍ സര്‍ക്കാര്‍ ആശുപത്രിയെന്നോ സ്വകാര്യാശുപത്രിയെന്നോ ഭേദമില്ലാതെ ജനങ്ങള്‍ ചികിത്സ തേടി ഒഴുകിയെത്തുകയാണ്. മഴക്കാലത്ത് പകര്‍ച്ച വ്യാധികളെത്തുമ്പോള്‍ മാത്രം ഉണര്‍ന്ന് പ്രവര്‍ത്തിക്കുന്ന സംവിധാനമായിക്കഴിഞ്ഞു ആരോഗ്യവകുപ്പ്. മഴയ്ക്ക് മുമ്പ് അത്യാവശ്യം സ്വീകരിക്കേണ്ട പ്രതിരോധ പ്രവര്‍ത്തനങ്ങളും മുന്‍കരുതലുകളും സ്വീകരിക്കാതെ, കതിരില്‍ വളം പ്രയോഗിക്കുന്നതുപോലെ പനിക്കുമേല്‍ പാരസെറ്റാമോള്‍ പ്രയോഗിക്കുകയാണ് സംസ്ഥാനത്തെ ആരോഗ്യസംവിധാനം. കഴിഞ്ഞ മഴക്കാലങ്ങളിലെല്ലാം നൂറുകണക്കിന് ജീവനുകളാണ് കേരളത്തില്‍ പനിയുടെ വകഭേദങ്ങളും മറ്റ് സാംക്രമിക രോഗങ്ങളും മൂലം നഷ്ടപ്പെട്ടത്.

കഴിഞ്ഞ ഒരു ദശകമായി കേരളത്തിലെ മഴക്കാലം പകര്‍ച്ച വ്യാധികളുടെ കാലമായിക്കൂടി മാറുന്നത് എന്തുകൊണ്ടാണ് എന്നതിനെക്കുറിച്ച് ഗൗരവതരമായ ചര്‍ച്ചകളോ നടപടികളോ ഉണ്ടാകുന്നില്ല. ഡോക്ടര്‍മാരുടെ സംഘടനയായ ഐ എം എ രണ്ടുമൂന്ന് വര്‍ഷങ്ങളായി മഴയ്ക്ക് മുമ്പ് ചില മുന്നറിയിപ്പുകളും പഠനറിപ്പോര്‍ട്ടുകളും പ്രസിദ്ധീകരിക്കാറുണ്ടെങ്കിലും ആരും ഇത് ശ്രദ്ധിക്കാറുപോലുമില്ല. മഴയോടൊപ്പമെത്തുന്ന അസുഖങ്ങളെ എങ്ങനെ നേരിടണമെന്നും പടര്‍ന്നുപിടിക്കാതെ ശ്രദ്ധിക്കണമെന്നും മറ്റുമുള്ള നിര്‍ദ്ദേശങ്ങളും ഇവരുടെ ഭാഗത്തുനിന്നും ഉണ്ടാകാറുണ്ട്, ആരും കേട്ടമട്ട് കാണിക്കില്ലെന്ന് മാത്രം.

മഴക്കാലം അസുഖങ്ങളുടെ കാലമാകാന്‍ പ്രധാനകാരണം മാലിന്യങ്ങള്‍ തന്നെയാണ്. നഗരങ്ങളും പട്ടണങ്ങളും, എന്തിന് ഗ്രാമപ്രദേശങ്ങളില്‍ പോലും മാലിന്യം വലിയൊരു ഭീഷണിയായിരിക്കുന്നു. മാലിന്യങ്ങള്‍ വേണ്ടവിധം സംസ്‌കരിക്കാന്‍ മാര്‍ഗമില്ലാതെ നിരത്തുകളിലും ഒഴിഞ്ഞ സ്ഥലങ്ങളിലും കിടന്ന് ചീഞ്ഞുനാറുകയാണ്. മഴ തുടങ്ങുമ്പോള്‍ ഇവ ഒഴുകിപ്പരക്കുകയും മണ്ണും ജലസ്രോതസുകളും അന്തരീക്ഷവും മലിനവും രോഗാതുരവുമാക്കുന്നു.

തിരുവനന്തപുരവും കൊച്ചിയും കോഴിക്കോടും അടക്കമുള്ള നഗരങ്ങളില്‍ മഴ പെയ്താല്‍ ദേശീയപാതകളില്‍ കൂടി പോലും പോകാനാകാത്ത സ്ഥിതിയാണ്. റോഡില്‍ ചീഞ്ഞളിഞ്ഞ മാംസാവശിഷ്ടങ്ങളും മറ്റ് മാലിന്യങ്ങളും ഒഴുകിയെത്തും. വെള്ളം വാര്‍ന്നുപോയാലും മാലിന്യങ്ങള്‍ അവിടെത്തന്നെ കിടന്ന് ചീഞ്ഞുനാറും. തിരുവനന്തപുരത്തും കോഴിക്കോടും ഇപ്പോള്‍ പേരിന് പോലും മാലിന്യനീക്കം നടക്കുന്നില്ല. വഴിവക്കുകളില്‍ ചാക്കുകളിലും പ്ലാസ്റ്റിക് കൂടുകളിലും കുത്തിനിറച്ച് തള്ളിയിരിക്കുകയാണ് ഇവ. ഇതുകൊണ്ട് തെരുവുപട്ടികളുടെയും എലിപ്പടകളുടെയും കൊതുകുകളുടെയും വിഹാരഭൂമി കൂടിയാണ് കേരളം. പാലക്കാട് പട്ടണത്തില്‍ കഴിഞ്ഞ ആഴ്ച പേപിടിച്ച തെരുവുനായ്ക്കള്‍ ഒരു ദിവസം കടിച്ചത് 72 പേരെയാണ്. ഒരു കാലത്ത് പ്ലേഗ് പോലെ യൂറോപ്പില്‍ പടര്‍ന്നിപിടിച്ച മാരകവ്യാധികള്‍ വൈകാതെ കേരളത്തിലെത്തുമെന്ന് കരുതിയിരിക്കുക തന്നെവേണം. എലികള്‍ ഉള്‍പ്പെടെയുള്ള ക്ഷുദ്രജീവികളുടെ അത്രയധികമാണ് ഇവിടെ പെരുകിയിരിക്കുന്നത്.

കേരളത്തില്‍ ഒരിടത്തുപോലും മാലിന്യം ശാസ്ത്രീയമായി സംസ്‌കരിക്കാന്‍ സംവിധാനമില്ലെന്നറിയുമ്പോഴാണ് ഈ നാട് എത്രവലിയ ദുരന്തത്തിന്റെ വക്കിലാണ് നില്‍ക്കുന്നതെന്നറിയുക. വളപ്പില്‍ശാലയും ലാലൂരും ബ്രഹ്മപുരവും ഞെളിയന്‍പറമ്പുമൊക്കെ മാലിന്യനിക്ഷേപകേന്ദ്രങ്ങളെന്ന നിലയില്‍ പ്രശസ്തമാണ്. എന്നാല്‍ ഈ കേന്ദ്രങ്ങള്‍ ശരിയായ രീതിയില്‍ മാലിന്യം സംസ്‌കരിക്കപ്പെടുന്നതിന്റെ പേരിലല്ല പ്രശസ്തമായത്. മറിച്ച് കൊടിയ ദുരിതമനുഭവിക്കുന്ന ഇവിടങ്ങളിലെ ജനങ്ങള്‍ നടത്തുന്ന പ്രതിഷേധ സമരങ്ങളുടെ പേരിലാണ് ഈ സ്ഥലങ്ങള്‍ അടയാളപ്പെടുത്തിയിരിക്കുന്നത്.

നമ്മുടെ മാലിന്യസംസ്‌കരണകേന്ദ്രങ്ങളില്‍ മാലിന്യം നിക്ഷേപിക്കപ്പെടുക മാത്രമേയുള്ളൂ, സംസ്‌കരണം പേരിന് പോലും നടക്കുന്നില്ല. ചില കമ്പനികള്‍ ഇടയ്ക്ക് കോടികളുടെ പദ്ധതിയുമായെത്തി പണം പിടുങ്ങുന്നതും മാലിന്യസംസ്‌കരണത്തിന്റെ പേരില്‍ തന്നെയാണെങ്കിലും ഒരു കഴഞ്ച് മാലിന്യം പോലും ശരിയായ രീതിയില്‍ സംസ്‌കരിക്കപ്പെട്ടിട്ടില്ല. മാലിന്യങ്ങള്‍ സൃഷ്ടിക്കുന്ന ജനങ്ങളും ഇതേക്കുറിച്ച് ബോധവാന്മാരല്ല. തന്റെ വീട്ടില്‍നിന്ന് ഇവയൊന്ന് ഒഴിഞ്ഞുകിട്ടിയാല്‍ മതിയെന്ന് മാത്രമാണ് ഓരോ കേരളീയന്റെയും മാലിന്യനിര്‍മ്മാര്‍ജ്ജന ബോധത്തിന്റെ അടിസ്ഥാനം. റോഡും നാടും ചീഞ്ഞുനാറുന്നത് തന്റെ കൂടി ആരോഗ്യത്തിന് ഭീഷണിയാകുമെന്ന ചിന്ത ഒരാള്‍ക്ക് പോലുമില്ല.

മലേറിയ കേരളത്തില്‍ കൊണ്ടുവന്നത് അന്യസംസ്ഥാനക്കാരായ തൊഴിലാളികളാണെന്ന കുറ്റപ്പെടുത്തലാണ് ആരോഗ്യവകുപ്പ് അധികൃതരുടേത്. എന്നാല്‍ മലേറിയ ഇവിടെ പടരാനുള്ള സാഹചര്യങ്ങളെ പ്രതിരോധിക്കാന്‍ ഫലപ്രദമായ എന്തുമാര്‍ഗം സ്വീകരിച്ചുവെന്ന് ചോദിച്ചാല്‍ ഇവര്‍ക്ക് ഉത്തരമില്ല. അന്യസംസ്ഥാനക്കാരായ തൊഴിലാളികള്‍ക്ക് മെച്ചപ്പെട്ട ആരോഗ്യസുരക്ഷാ സംവിധാനങ്ങളും തൊഴില്‍ അന്തരീക്ഷവും ഉറപ്പാക്കുന്നതില്‍ സര്‍ക്കാരും മറ്റ് സംവിധാനങ്ങളും പൂര്‍ണപരാജയം തന്നെയാണ്. നൂറും ഇരുനൂറും പേര്‍ പ്രാഥമിക സൗകര്യങ്ങള്‍ പോലുമില്ലാതെ ഏതെങ്കിലും ഷെഡ്ഡുകളില്‍ തിങ്ങിക്കഴിയുന്ന സ്ഥിതിയാണ് വ്യാപകമായുള്ളത്.

കേരളത്തിന്റെ ആരോഗ്യ-വിദ്യാഭ്യാസ മാതൃക ഒരുകാലത്ത് രാജ്യത്താകമാനം ചര്‍ച്ച ചെയ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ അവ അടിസ്ഥാനമില്ലാത്ത വികസനമായിരുന്നുവെന്ന് ഇപ്പോഴാണ് ബോധ്യപ്പെടുന്നത്. കേരളത്തിലെ ആരോഗ്യമേഖല ഏറെക്കുറെ പൂര്‍ണമായും കച്ചവടവത്ക്കരിക്കപ്പെടുകയും ചെയ്തു. രാഷ്ട്രീയ ചര്‍ച്ചകള്‍ക്കും വിവാദങ്ങള്‍ക്കും സമയത്തിന്റെ മുക്കാല്‍ പങ്കും കളയുന്ന നേതാക്കളും സാധാരണക്കാരും ഇനിയെങ്കിലും അടിയന്തിരപ്രാധാന്യമുള്ള ഇത്തരം വിഷയങ്ങളിലേക്ക് ശ്രദ്ധ തിരിക്കേണ്ടിയിരിക്കുന്നു. കൊടിയൊരു ദുരന്തത്തിന്റെ വക്കിലാണ് കേരളം എന്ന തിരിച്ചറിവിലേക്കാണ് ഇനിയെങ്കിലും കേരളത്തിന്റെ പൗരബോധം ഉണരേണ്ടത്.

English summary
In Kerala diverse diseases like dengue, H1N1, malaria and jaundice across the state, caused by undisposed waste.A million people have been down with fever. Some 11 people have died
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X