കേസ് അട്ടിമറിച്ചാല്‍ നോക്കിനില്‍ക്കില്ല: ആര്‍എംപി
ചന്ദ്രശേഖരനെ കൊലപ്പെടുത്തിയതില്‍ ഉന്നത സിപിഎം നേതാക്കളുടെ പങ്ക് കൂടുതല്‍ വ്യക്തമാവുകയാണ്. ഇതോടെ കേസ് അന്വേഷണം അട്ടിമറിക്കാനുള്ള നീക്കവും ശക്തമാകുന്നു. പോലിസ് പിടികൂടിയവരില്‍ സിപിഎമ്മുകാരോ അവരുടെ വാടക ഗുണ്ടകളോ ആണുള്ളത്. ഇവരെ അറസ്റ്റ് ചെയ്തതിന് വ്യക്തമായ തെളിവുകള്‍ പോലിസ് സംഘം ശേഖരിച്ചിട്ടുമുണ്ട്. എന്നിട്ടും ഈ അറസ്‌റ്റെല്ലാം ഭരണനേതൃത്വം ആസൂത്രണം ചെയ്ത കഥയാണെന്ന് സിപിഎം വാദിച്ചാല്‍ അത് വിശ്വസിക്കാന്‍ കേരളം ഒരു വെളളരിക്കാപട്ടണമല്ല. ഇതുവരെയുള്ള അന്വേഷണം തൃപ്തികരമാണ്. കൊന്നവരെ പിടിച്ചു. അവരുടെ സഹായികളെയും പിടിച്ചു. പക്ഷേ, കൊല്ലിച്ചവരെ പിടിക്കുമോ? പൊതുസമൂഹം കാത്തിരിക്കുന്നത് അത് അറിയാനാണ്. അധികാര രാഷ്ട്രീയ, വിലപേശലുകളുടെ മറവില്‍ കേസന്വേഷണം അട്ടിമറിയ്ക്കാനാണ് നീക്കമെങ്കില്‍ ഞങ്ങള്‍ കൈയും കെട്ടി നോക്കി നില്‍ക്കില്ല. ശക്തമായി പ്രതികരിക്കും-റവല്യൂഷണറി മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി ജനറല്‍ സെക്രട്ടറി കെ എസ് ഹരിഹരന്‍ വണ്‍ ഇന്ത്യക്ക് അനുവദിച്ച പ്രത്യേക അഭിമുഖത്തില്‍ പറഞ്ഞു.

ഓരോ മുന്നണിക്കുള്ളിലും മറുമുന്നണികളുടെ കുറുമുന്നണികള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. അതായത് എല്‍ഡിഎഫിനുള്ളില്‍ യുഡിഎഫിനു താല്‍പ്പര്യമുള്ള ഒരു വിഭാഗം. യുഡിഎഫിനുള്ളില്‍ എല്‍ഡിഎഫിന് താല്‍പ്പര്യമുള്ള ഒരു വിഭാഗം. ഈ കൂട്ടുകെട്ടാണ് കേരളത്തിലെ പ്രമാദമായ പലകേസുകളും അട്ടിമറിച്ചത്. മാറാട്, ഐസ്‌ക്രീം, കിളിരൂര്‍, കവിയൂര്‍, സൂര്യനെല്ലി, ലാവ്‌ലിന്‍, ഫ്രഞ്ച് ചാരക്കേസ് തുടങ്ങി പല കേസുകളും നിര്‍ണായക ഘട്ടത്തില്‍ അട്ടിമറിക്കപ്പെട്ടത് ഇവരുടെ ചരടുവലികള്‍ക്കനുസരിച്ചാണ്.
അതേ വിധത്തില്‍ ഉന്നത നേതാക്കളെ രക്ഷിക്കാന്‍ ടിപി വധവും അട്ടിമറിയ്ക്കാനാണ് നീക്കം നടക്കുന്നത്. കുഞ്ഞനന്തനിലും കാരായി രാജനിലും കൊടി സുനിയിലും കൂട്ടാളികളിലും മാത്രമായി കേസന്വേഷണം ഒതുക്കാന്‍ ഞങ്ങള്‍ സമ്മതിക്കില്ല. യഥാര്‍ത്ഥ പ്രതികളെ പിടികൂടുന്നതുവരെ ഞങ്ങള്‍ക്കു വിശ്രമമില്ല. അതിന് പൊതുസമൂഹത്തിന്റെ പിന്തുണ ഉണ്ടാകുമെന്ന് ഞങ്ങള്‍ക്ക് ഉറപ്പാണ്.
തീര്‍ച്ചയായും ഞങ്ങള്‍ ഒരു കൊച്ചുപാര്‍ട്ടിയാണ്. പക്ഷേ, ഈ വിഷയത്തില്‍ മാധ്യമലോകവും പൊതുസമൂഹവും നല്‍കിയ പിന്തുണ എടുത്തുപറയേണ്ടതാണ്. അവര്‍ നോക്കി നില്‍ക്കുകയായിരുന്നില്ല. ഇടപെടുകയായിരുന്നു. ഈ നിഷ്ഠൂര കൊലപാതകത്തില്‍ സൈബര്‍ ലോകത്തെ നവമാധ്യമങ്ങളും തീവ്രമായാണ് പ്രതികരിച്ചുകൊണ്ടിരിക്കുന്നത്. ചന്ദ്രശേഖരന്റെ വധം അവസാനത്തെ രാഷ്ട്രീയകൊലപാതകമാകണമെന്ന വികാരമാണ് കക്ഷി, രാഷ്ട്രീയമന്യെ ഉയര്‍ന്നുകൊണ്ടിരിക്കുന്നത്. ഇത്തരം പിന്തുണയും വികാരവുമാണ് നീതിക്കുവേണ്ടിയുള്ള പോരാട്ടത്തില്‍ ഞങ്ങള്‍ക്ക് കരുത്താകുന്നത്. അതുകൊണ്ടു തന്നെയാണ് ഞങ്ങള്‍ ഉറപ്പിച്ചുപറയുന്നത്, രാഷ്ട്രീയ കുതിരക്കച്ചവടം നടത്തി കേസ് അട്ടിമറിയ്ക്കാന്‍ ശ്രമിച്ചാല്‍ കേരളം ഇന്നോളം കാണാത്ത ജനകീയ പോരാട്ടം ഉയര്‍ന്നുവരിക തന്നെ ചെയ്യും.












Click it and Unblock the Notifications