ടിപി വധത്തിലും രാജനെ ചോദ്യം ചെയ്യും
കോഴിക്കോട്: ടിപി ചന്ദ്രശേഖരന്‍ വധത്തിന്റെ ഗൂഢാലോചനയിലും പങ്കുണ്ടെന്ന് സംശയിക്കപ്പെടുന്ന സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടേറിയറ്റംഗം കാരായി രാജനെ പ്രത്യേകാന്വേഷണ സംഘം ചോദ്യംചെയ്യും. കേസില്‍ മുന്‍പ് പിടിയിലായ കൊടിസുനിയാണ് കാരായി രാജനെതിരെ മൊഴി നല്‍കിയത്.
ചന്ദ്രശേഖരനെ കൊല്ലുന്നതിനായി പാനൂര്‍ ഏരിയാ കമ്മിറ്റി അംഗം പികെ കുഞ്ഞനന്തനൊപ്പം തലശ്ശേരിയില്‍ വെച്ച് കാരായി രാജന്‍ ഗൂഢാലോചന നടത്തിയെന്നാണ് കൊടി സുനി പൊലീസിനോട് പറഞ്ഞത്. രാജന്റെ നിര്‍ദേശപ്രകാരമാണ് താന്‍ ദൗത്യമേറ്റെടുത്തത്. ചന്ദ്രശേഖരനെ കൊല്ലാനുള്ള ശ്രമങ്ങള്‍ പരാജയപ്പെടുന്നതിന്റെ കാരണവും രാജന്‍ തിരക്കിയിരുന്നു.
കൊലപാതക സംഘത്തിലുള്‍പ്പെട്ട സിജിത്തിനെ കൂത്തുപറമ്പ് സഹകരണ ആശുപത്രിയിലെത്തിച്ചതു രാജനാണ്. കൊലപാതകശ്രമത്തിനിടെയാണ് പരിക്കേറ്റതെന്ന് പുറത്തറിയാതിരിക്കാന്‍ ഒന്നും മിണ്ടരുതെന്ന് സിജിത്തിനോട് രാജന്‍ നിര്‍ദേശിക്കുകയും ചെയ്തു. അതുകൊണ്ടു തന്നെ ഗൂഢാലോചനയ്ക്ക് പുറമേ തെളിവ് നശിപ്പിക്കല്‍ ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തിയാവും രാജനെതിരെ കേസെടുക്കുക.
ചന്ദ്രശേഖരന്‍ വധത്തില്‍ പങ്കുള്ള ഉന്നതരെ കുറിച്ചും രാജന് അറിയാമെന്ന് അന്വേഷണ സംഘം കരുതുന്നു. അതുകൊണ്ടു തന്നെ രാജനെ പിടികൂടാനായി പൊലീസ് തിരച്ചില്‍ നടത്തിയിരുന്നു. ഫസല്‍ വധക്കേസില്‍ രാജന്‍ കീഴടങ്ങിയതോടെ അന്വേഷണ സംഘത്തിന് കാര്യങ്ങള്‍ കൂടുതല്‍ എളുപ്പമായി.












Click it and Unblock the Notifications