സിപിഎം കോണ്‍ഗ്രസിന്റെ ബി ടീം: ഒ രാജഗോപാല്‍
കേന്ദ്രസര്‍ക്കാറിന്റെ സാമ്പത്തിക ഉദാരവത്കരണ നയങ്ങള്‍ക്കെതിരേ പ്രസംഗിക്കുകയും അതേ സമയം ധനകാര്യമന്ത്രി പ്രണബ് മുഖര്‍ജിയെ പിന്തുണയ്ക്കുകയും ചെയ്യുന്ന സിപിഎമ്മിന്റെ കപടരാഷ്ട്രീയ മുഖംമൂടി അഴിഞ്ഞ് വീണിരിക്കുന്നു. രാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ പ്രണബ് മുഖര്‍ജിക്കുവേണ്ടി രംഗത്തിറങ്ങിയതോടെ കോണ്‍ഗ്രസിന്റെ ബി ടീമാണ് സിപിഎമ്മെന്ന് വ്യക്തമായിരിക്കുകയാണ്.

വിലക്കയറ്റത്തിനെതിരേ ബിജെപി സംഘടിപ്പിച്ച ജയില്‍ നിറയ്ക്കല്‍ സമരം കോഴിക്കോട് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു ബിജെപി നേതാവ് ഒ രാജഗോപാല്‍. കോര്‍പ്പറേറ്റ് മേധാവികളുടെ വ്യാപകമായ അഴിമതിക്ക് കുടപിടിക്കുന്നത് സോണിയാ-മന്‍മോഹന്‍സിങ്-പ്രണബ് മുഖര്‍ജി കൂട്ടുകെട്ടാണ്. കള്ളപ്പണക്കാരുടെ സംരക്ഷകനാണ് പ്രണബ് എന്നാണ് അണ്ണാ ഹസാരെയടക്കമുള്ളവര്‍ ചൂണ്ടികാണിച്ചിട്ടുള്ളത്.
സിസ് ബാങ്കില്‍ കള്ളപ്പണം നിക്ഷേിപിച്ചവരുടെ പേരുവിവരം പുറത്തുവരാതെ സംരക്ഷിക്കുന്നത് പ്രണബ് മുഖര്‍ജിയാണെന്ന കാര്യം പരസ്യമായ രഹസ്യമാണ്. അഴിമതിക്കാരുടെ സംരക്ഷകനാണ് പ്രണബ് എന്ന് ബംഗാളിലെ മുന്‍ ധനകാര്യമന്ത്രി അശോക് മിത്ര പോലും പരസ്യമായി പ്രതികരിച്ചിട്ടുണ്ട്. എന്നിട്ടും ഈ കോണ്‍ഗ്രസ് നേതാവിന് പിന്തുണയ്ക്കാന്‍ സിപിഎം നേതാക്കള്‍ക്ക് ഒരു മനസ്സാക്ഷി കുത്തുമില്ല.
ഭരണാധികാരികള്‍ അഴിമതിയുടെ വക്താക്കളായി മാറുന്നു. കര്‍ഷകന് മെച്ചപ്പെട്ട വിലകിട്ടുന്നില്ല. ഉപഭോക്താക്കള്‍ വന്‍വിലകൊടുത്ത് സാധനങ്ങള്‍ വാങ്ങേണ്ടിയും വരുന്നു. ഇടത്തട്ടുകാര്‍ക്ക് ലാഭമുണ്ടാക്കാനാണ് രാഷ്ട്രീയ നേതാക്കള്‍ കരുനീക്കുന്നത്. ഇതിനെ ചെറുത്ത് തോല്‍പ്പിച്ചു കൊണ്ടു മാത്രമേ, ഭാരതത്തിലെ രൂക്ഷമായ വിലക്കയറ്റത്തില്‍ നിന്ന് പ്രായോഗികമായി രക്ഷപ്പെടാന്‍ കഴിയുകയുള്ളൂ.
പോസ്റ്റ് ഓഫിസ് ഉപരോധിച്ച ഒ രാജഗോപാല്‍ അടക്കമുള്ള നേതാക്കളെ പോലിസ് അറസ്റ്റ് ചെയ്തു നീക്കി. ജില്ലാ പ്രസിഡന്റ് പി രഘുനാഥ്, എം മോഹനന്‍, ടിപി സുരേഷ്, പി രമണിബായ്, എംപി രാജന്‍, എംസി ശശീന്ദ്രന്‍ എന്നിവര്‍ ഉപരോധ സമരത്തിന് നേതൃത്വം നല്‍കി.












Click it and Unblock the Notifications