മഹിയ്ക്ക് പിന്നാലെ അലിയേയും കുഴല്‍ക്കിണര്‍ ചതിച്ചു
ഹൗറ: കുഴല്‍ക്കിണറില്‍ വീണ് മരിച്ച അഞ്ചു വയസ്സുകാരി മഹി ഉപാദ്ധ്യായയ്ക്ക് പിന്നാലെ മറ്റൊരു യുവാവും കുഴല്‍ക്കിണര്‍ ദുരന്തത്തിന്റെ ഇരയായി. പശ്ചിമബംഗാളിലെ ഹൗറയില്‍ എക്‌സാര്‍ ഗ്രാമത്തിലെ റസൂന്‍ അലി മണ്ഡല്‍ ആണ് മുപ്പതടി താഴ്ചയുള്ള വിസ്താരം കുറഞ്ഞ കിണറിലേയ്ക്ക് വീണ് മരിച്ചത്.
20 കാരനായ റസൂന്‍ അലി മണ്ഡലിനെ പത്തു മണിക്കൂര്‍ നീണ്ട രക്ഷാപ്രവര്‍ത്തിനൊടുവില്‍ കിണറില്‍ നിന്നു പുറത്തെടുത്തെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഞായറാഴ്ച രാത്രി വൈകിയും തുടര്‍ന്ന രക്ഷാപ്രവര്‍ത്തനത്തിനൊടുവിലാണ് റസൂനിന്റെ മൃതദേഹം പുറത്തെടുത്തത്.
ഹരിയാനയിലെ മനേസറിനടുത്തുള്ള ഖോ ഗ്രാമത്തില്‍ കുഴല്‍ക്കിണറില്‍ വീണ മഹിയുടെ മരണവാര്‍ത്ത പുറത്തു വന്ന് മണിക്കൂറുകള്‍ക്കുള്ളിലാണു അലി അപകടത്തില്‍പ്പെട്ടത്.
കൂലിപ്പണിക്കാരനായ റസൂല്‍ കാല്‍വഴുതി കിണറില്‍ വീഴുകയായിരുന്നു. കിണറിന്റെ ഉള്‍ഭാഗത്തു കണ്‌ടെത്തിയ വാതകം ശ്വസിച്ചാണോ അതോ വീഴ്ചയുടെ ആഘാതം മൂലമാണോ അലി മരിച്ചത് എന്ന കാര്യം അറിവായിട്ടില്ല.
അഞ്ചു വയസ്സുകാരി മഹി പിറന്നാള്‍ ദിനത്തിന്റെ തലേ ദിവസമാണ് കുഴല്‍ക്കിണറില്‍ വീണത്. കുട്ടി വീണ കിണറിന് സമാന്തരമായി മറ്റൊരു കുഴി തീര്‍ത്താണ് കുട്ടിയെ പുറത്തെടുത്തത്.












Click it and Unblock the Notifications