സുധാകരനെ ഒറ്റപ്പെടുത്താമെന്ന് കരുതണ്ട: ചെന്നിത്തല

ഇപ്പോഴത്തെ സാഹചര്യത്തില്‍ സുധാകരനെ മാറ്റിനിര്‍ത്തേണ്ട കാര്യമില്ല. പാര്‍ട്ടി സ്ഥാനങ്ങളില്‍ നിന്നും ഒഴിവാക്കില്ല. എന്‍എസ്എസും എസ്എന്‍ഡിപിയും ഒന്നിക്കുന്നതില്‍ സന്തോഷമേയുള്ളൂ. എന്‍എസ്എസ് ഉന്നയിച്ച പ്രശ്‌നങ്ങള്‍ക്ക് ചര്‍ച്ച ചെയ്ത് പരിഹാരം കണ്ടെത്താന്‍ ശ്രമിക്കുമെന്നും ചെന്നിത്തല പറഞ്ഞു.
അതേസമയം പ്രശാന്ത് ബാബുവിന്റെ വെളിപ്പെടുത്തല്‍ അന്വേഷിക്കുമെന്ന് ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ അറിയിച്ചു. സംശയത്തിന്റെ പുകമറ സൃഷ്ടിക്കാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നില്ല. യു.ഡി.എഫ്. ആയാലും എല്‍ഡിഎഫ് ആയാലും സംശയത്തിന്റെ മുള്‍മുനയില്‍ നിര്‍ത്തി ഏതെങ്കിലും നേതാവിനെ താറടിക്കാന്‍ സര്‍ക്കാരോ പോലീസോ കൂട്ടുനില്‍ക്കില്ല.
ഏതന്വേഷണവും നേരിടാന്‍ തയാറെന്നാണു സുധാകരന്‍ പറഞ്ഞത്. കേസുമായി ബന്ധപ്പെട്ട് അദ്ദേഹം ഒരു സഹായവും ആവശ്യപ്പെട്ടിട്ടില്ല. സുധാകരനുമായി ബന്ധപ്പെട്ട കേസുകളില്‍ തനിക്കു സ്വന്തമായ നിഗമനങ്ങളും നിലപാടുകളുമുണ്ട്. അതു മാധ്യമങ്ങളുടെ മുന്നില്‍ വെളിപ്പെടുത്തില്ലെന്നും തിരുവഞ്ചൂര്‍ പറഞ്ഞു.
സി.പി.എം. കേന്ദ്രസമിതിയംഗം ഇ.പി. ജയരാജനെ വധിക്കാന്‍ കെ.പി.സി.സി. ജനറല്‍ സെക്രട്ടറികൂടിയായ സുധാകരന്‍ ഗൂഢാലോചന നടത്തിയെന്ന് വെള്ളിയാഴ്ച സുധാകരന്റെ മുന്‍ ഡ്രൈവര്‍ പ്രശാന്ത് ബാബു വെളിപ്പെടുത്തിയത് കോണ്‍ഗ്രസിനും യുഡിഎഫിനും വന്‍ തിരിച്ചടിയായിരുന്നു. 1992ലെ നാണു വധത്തിനു പിന്നിലും സുധാകരനാണെന്നു പ്രശാന്ത് ബാബു ആരോപിച്ചിരുന്നു.












Click it and Unblock the Notifications