സ്‌പെയിന്‍ ചരിത്രമെഴുതി,ഇറ്റലി നാണംകെട്ടു

  • Posted By:
Subscribe to Oneindia Malayalam
Euro Spain Champions
കീവ്: മുന്‍ ലോകകപ്പ് ചാംപ്യന്മാരായ ഇറ്റലിയെ ഏകപക്ഷീയമായ നാലുഗോളുകള്‍ക്ക് തോല്‍പ്പിച്ച് സ്‌പെയിന്‍ ഫുട്‌ബോളില്‍ പുതിയ ചരിത്രമെഴുതി. യൂറോകപ്പിന്റെ ഫൈനലില്‍ അസൂരികളെ നാണംകെടുത്തിയ കപ്പലോട്ടക്കാര്‍ തുടര്‍ച്ചയായി രണ്ടാം വട്ടവും ചാംപ്യന്മാരായി. ടൂര്‍ണമെന്റ് ചരിത്രത്തില്‍ ആദ്യമായാണ് ഒരു ടീം കിരീടം നിലനിര്‍ത്തുന്നതെന്ന പ്രത്യേകതയും ഈ വിജയത്തിനുണ്ടായിരുന്നു. യൂറോ ഫൈനലില്‍ ഇത്രയും ഉയര്‍ന്ന മാര്‍ജിനില്‍ ഒരു ടീം കിരീടമുയര്‍ത്തുന്നതും ആദ്യമായിട്ടാണ്.

തുടക്കം മുതല്‍ കളിയുടെ സമഗ്രമേഖലയിലും ആധിപത്യം സ്ഥാപിച്ച സ്‌പെയിന്‍ കാണികളെ വിസ്മയിപ്പിക്കുക തന്നെ ചെയ്തു. ഡേവിഡ് സില്‍വ (14ാം മിനിറ്റ്), ജോര്‍ഡി ആല്‍ബ (41) ആദ്യപകുതിയിലും ഫെര്‍ണാണേ്ടാ ടോറസ് (84), യുവാന്‍ മാട്ട (88) എന്നിവര്‍ രണ്ടാം പകുതിയിലും ലക്ഷ്യം കണ്ടു. ഇറ്റലി ഒറ്റപ്പെട്ട ചില നീക്കങ്ങള്‍ നടത്തിയെങ്കിലും ഗോള്‍കീപ്പറും നായകനുമായി ഐകര്‍ കസിയസിനെ മറികടക്കാന്‍ സാധിച്ചില്ല.

10ാം മിനിറ്റില്‍ തന്നെ സ്‌പെയിനിനു ലീഡ് ലഭിക്കേണ്ടതായിരുന്നു. സെക് ഫെബ്രഗാസില്‍ നിന്നു ലഭിച്ച പാസില്‍ നിന്നും സാവി ഷോട്ടുതിര്‍ത്തെങ്കിലും അത് പുറത്തേക്കാണ് പോയത്. ആദ്യ ഗോളിന് വഴിമരുന്നിട്ടത് ഇനിസ്റ്റയായിരുന്നു. ഡിഫന്റര്‍മാര്‍ക്കിടയിലൂടെ പകര്‍ന്നു നല്‍കിയ പന്ത് ഫെബ്രഗാസ് അല്‍പ്പം അഡ്വാന്‍സ് ചെയ്ത ഗോള്‍കീപ്പര്‍ ലൂയിജി ബഫുണിന്റെ തലയ്ക്കു മുകളിലൂടെ ക്രോസ് പായിച്ചു. തകര്‍പ്പന്‍ ഹെഡ്ഡറിലൂടെ ഡേവിഡ് സില്‍വ പന്ത് വലയിലെത്തിച്ചു.

ഒരു ലോങ് ക്ലിയറിങില്‍ നിന്നായിരുന്നു രണ്ടാമത്തെ ഗോള്‍. സാവി തള്ളി നല്‍കിയ പന്തുമായി ഓഫ് സൈഡ് ട്രാപ്പില്‍ പെടാതെ മുന്നേറിയ ആല്‍ബ ബഫണിനെ നിഷ്പ്രഭനാക്കി പന്ത് വലയിലെത്തിച്ചു. വെറ്ററന്‍ താരം ടോറസിന്റെ വകയായിരുന്നു മൂന്നാം ഗോള്‍. സാവി നല്‍കിയ പന്തുമായി മുന്നേറിയ താരം ഗ്രൗണ്ടി ഷോട്ടിലൂടെ വലകുലുക്കി. ഇടതുമൂലയില്‍ നിന്നു ടോറസ് നല്‍കിയ പാസ് യുവാന്‍ മാട്ട പോസ്റ്റിലേക്ക് ചെത്തിയിട്ടതോടെ ഗോള്‍പട്ടിക പൂര്‍ത്തിയായി.

English summary
Spain rout Italy 4-0 in Euro 2012 final, create history. The biggest victory margin in a World Cup or Euro final
Please Wait while comments are loading...