കൊച്ചി മെട്രോയ്ക്ക് അനുമതി

ചെന്നൈ മെട്രോ മാതൃകയില്‍ 5181.79 കോടി രൂപ ചെലവുള്ള പദ്ധതിക്കാണ് കേന്ദ്ര സര്‍ക്കാര്‍ അംഗീകാരം നല്‍കിയിരിക്കുന്നത്. മൊത്തം നിര്‍മ്മാണ ചെലവിന്റെ 44 ശതമാനം തുക 2170 കോടി രൂപ ജപ്പാന്‍ ധനകാര്യ സ്ഥാപനമായ ജെയ്ക്കയില്‍ നിന്നു കണ്ടെത്തേണ്ടതുണ്ട്. ഇതിനുള്ള അനുമതി കേന്ദ്രസര്‍ക്കാര്‍ നല്‍കിയിട്ടുണ്ടെങ്കിലും വായ്പ ലഭ്യമാക്കുന്നതിനുള്ള നടപടികള്‍ നടപ്പിലാക്കേണ്ടത് കേരള സര്‍ക്കാരും കൊച്ചി മെട്രോ റെയില്‍ കോര്‍പ്പറേഷനുമാണ്.
മെട്രോ പദ്ധതി നടപ്പാക്കാന്‍ രണ്ടു സമിതികള്‍ രൂപവത്കരിക്കും. ക്യാബിനറ്റ് സെക്രട്ടറി അധ്യക്ഷനായി ഉന്നതാധികാര സമിതിയും സംസ്ഥാനത്ത് ചീഫ് സെക്രട്ടറി അധ്യക്ഷനായി പ്രത്യേക സമിതിയും ആണ് രൂപവത്കരിക്കുക. മൊത്തം 5181.79 കോടി കോടി രൂപയുടെ പദ്ധതിക്കാണ് അനുമതി ലഭിച്ചിരിക്കുന്നത്. പദ്ധതി 2016 ഓടെ പൂര്‍ത്തിയാക്കാനാവുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ആലുവ മുതല്‍ തൃപ്പൂണിത്തുറ പേട്ട വരെ 26 കിലോമീറ്റര്‍ ദൂരമാകും മെട്രോ ആദ്യം ഓടി തുടങ്ങുക. 23 സ്റ്റേഷനുകളുണ്ടാകും. ആദ്യം മൂന്നു കോച്ചുകളുള്ള ട്രെയിനും പിന്നീട് ആറ് കോച്ചുകളുള്ള ട്രെയിനും കൊച്ചിയില്‍ സര്‍വീസിനിറക്കും. പദ്ധതി നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നാലു വര്‍ഷം കൊണ്ട് പൂര്‍ത്തിയാക്കണമെന്നും കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശിച്ചിട്ടുണ്ട്.
കൊച്ചി മെട്രോ പദ്ധതിക്കു അംഗീകാരം നല്‍കിയ അടിസ്ഥാന വികസനത്തിനുള്ള മന്ത്രിസഭാ സമിതിയില്‍ കേരളത്തില്‍ നിന്നുള്ള കേന്ദ്രമന്ത്രിമാരായ വയാലാര്‍ രവിയും കെ.വി. തോമസും പങ്കെടുത്തു. പദ്ധതിയില്‍ കേന്ദ്ര പങ്കാളിത്തം വരുന്നതോടെ കെഎംആര്‍എല്‍ കേന്ദ്ര-സംസ്ഥാന പങ്കാളിത്തമുള്ള സംയുക്ത കമ്പനിയായി മാറും. ഈ കമ്പനിയുടെ ചെയര്‍മാനായി ഡിഎംആര്‍സി മുന്‍ എംഡി ഇ ശ്രീധരനെ നിയമിച്ചേക്കുമെന്നും റിപ്പോര്‍ട്ടുണ്ട്.
കൊച്ചി നഗരത്തിലെ യാത്രാപ്രശ്‌നം പരിഹരിക്കാന്‍ മെട്രോ നടപ്പാക്കുന്നത് സംബന്ധിച്ച വിശദമായ പ്രോജക്ട് റിപ്പോര്‍ട്ട് 2004ലാണ് തയ്യാറാക്കിയത്. അന്ന് കേന്ദ്രസര്‍ക്കാര്‍ ഇതിന്റെ പ്രായോഗികത അംഗീകരിക്കാന്‍ തയ്യാറായിരുന്നില്ല. സാമ്പത്തികച്ചെലവ് പങ്കിടാനും വിസമ്മതിച്ചു. എന്നാല്‍, സംസ്ഥാനത്ത് യു.ഡി.എഫ്. സര്‍ക്കാര്‍ അധികാരത്തിലേറിയശേഷം കേന്ദ്രത്തിന്റെ നിലപാടില്‍ മാറ്റംവന്നു.












Click it and Unblock the Notifications