ആദിവാസി ചത്താലെന്ത്? ജീവിച്ചാലെന്ത്?

സംസ്ഥാന ആരോഗ്യവകുപ്പിന്റെ അഭിമാനപ്രശ്‌നമാണ് ജനസംഖ്യാനിയന്ത്രണത്തിനുള്ള നടപടികള്‍ വിജയിപ്പിക്കുകയെന്നതും വന്ധ്യംകരണ ക്വാട്ട തികയ്ക്കുകയെന്നതും. ഇതിനവര്‍ ഇരകളായി കണ്ടെത്തിയത് പാവപ്പെട്ട ആദിവാസികളെയാണ്. കേരളത്തിലെ ഭൂരിപക്ഷ-ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കിടയില്‍ ജനസംഖ്യാ നിയന്ത്രണത്തിനായി വന്ധ്യംകരണം നടത്താനിറങ്ങിയാല്‍ വിവരമറിയുമെന്നറിയാവുന്നതിനാല്‍ ഊരും പേരുമില്ലാത്ത ആദിവാസികളെയാണ് ആണുപെണ്ണടക്കം വന്ധ്യംകരണത്തിനിരയാക്കിയത്. ആദിവാസികളില്‍ തന്നെ സംഘടിത വിഭാഗങ്ങളെ തൊടാതിരിക്കാന്‍ അധികൃതര്‍ ശ്രദ്ധ കാട്ടിയിട്ടുമുണ്ട്. വയനാട്ടിലെ ആദിവാസികളില്‍ ബഹുഭൂരിപക്ഷവും ആയിരം രൂപയ്ക്കും ബക്കറ്റിനും വേണ്ടി തങ്ങളുടെ ആണത്തവും പെണ്ണത്തവും ഇതിനകം നഷ്ടപ്പെടുത്തിക്കഴിഞ്ഞു. മാത്രമല്ല, അടുത്ത തലമുറയെ തന്നെയും.
ആരോഗ്യ വകുപ്പിലെ ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്‌സ്, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ എന്നിവര്‍ക്ക് ക്വാട്ട നിശ്ചയിച്ചാണ് വന്ധ്യംകരണ ക്യാമ്പിലേക്ക് ആളെ കൂട്ടിയിരുന്നത്. ക്വാട്ട തികയ്ക്കാന്‍ ഇവര്‍ കണ്ടെത്തിയതില്‍ 90 ശതമാനവും ആദിവാസികള്‍ക്കിടയില്‍ തന്നെ സാമൂഹികമായി പിന്നോക്കം നില്‍ക്കുന്നവരെയാണ്. പ്രാക്തനഗോത്ര വിഭാഗമായ കാട്ടുനായ്ക്കര്‍, ചോലനായ്ക്കര്‍, ഏറ്റവും പിന്നോക്കമുള്ള പണിയര്‍, അടിയര്‍ തുടങ്ങിയവരാണ് കൂടുതലായി നിര്‍ബന്ധിത വന്ധ്യംകരണത്തിന് വിധേയരായത്.
ബത്തേരി താലൂക്കില്‍ 2010 നവംബറില്‍ നടത്തിയ മെഗാ ക്യാംപില്‍ 43 ആദിവാസികളെ നിര്‍ബന്ധിത വന്ധ്യംകരണം നടത്തിയത് വിവാദമായിരുന്നു. പ്രാക്തന ഗോത്രവര്‍ഗക്കാര്‍ താമസിക്കുന്ന നാല് കോളനികളില്‍ നിന്നാണ് ഇത്രയും പേരെ ഒറ്റയടിയ്ക്ക് വന്ധ്യംകരിച്ചത്. ഇത് മാധ്യമങ്ങള്‍ ഏറ്റെടുത്ത് പുറംലോകത്തെത്തിച്ചതോടെ വിവാദമായി. ഈ സംഭവത്തിന് ശേഷം വയനാട്ടില്‍ ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ വന്ധ്യംകരണത്തിനായുള്ള മെഗാ ക്യാമ്പുകള്‍ നിര്‍ത്തിവെച്ചിരിക്കുകയാണെന്നാണ് ഔദ്യോഗിക വിശദീകരണം. എന്നാല്‍ ക്വാട്ട തികയ്ക്കാനുള്ള മിനി ക്യാമ്പുകള്‍ നടക്കുന്നുമുണ്ട്. ലോക ബാങ്ക് സഹായത്തോടെ നടപ്പാക്കിയ ഇന്ത്യാ പോപ്പുലേഷന്‍ പ്രോജക്ടിന്റെ നേതൃത്വത്തില്‍ 1980കളിലാണ് വയനാട്ടില്‍ ആദിവാസികള്‍ക്കിടയില്‍ സാര്‍വത്രിക വന്ധ്യംകരണം തുടങ്ങിവെച്ചത്. അത് ഇത്രകാലം തുടരുകയുമായിരുന്നു.
വന്ധ്യംകരണം മൂലം നിലവില്‍ പല ആദിവാസി വിഭാഗങ്ങളും വംശഹത്യയുടെ വക്കിലാണ്. ചില പ്രാക്തന ഗോത്രങ്ങളുടെ അംഗസംഖ്യം കേരളത്തില്‍ നൂറില്‍ താഴെ മാത്രമാണ്. ഔദ്യോഗിക കണക്കുകള്‍ അനുസരിച്ച് 36 ആദിവാസി വിഭാഗങ്ങളാണ് കേരളത്തിലുള്ളത്. ഇതില്‍ ഏറ്റവും കൂടുതല്‍ ആദിവാസികളും ആദിവാസി വിഭാഗങ്ങളുമുള്ളത് വയനാട്ടിലാണ്. പണിയര്‍, കുറിച്യര്‍, കാട്ടുനായ്ക്കര്‍, മുള്ളുക്കുറുമ്പര്‍, അടിയര്‍, തച്ചനാടര്‍, കനലാടി, തുടങ്ങിയ ആദിവാസി വിഭാഗങ്ങളാണ് വയനാട്ടില്‍ കൂടുതലുള്ളത്. ഇതില്‍ തന്നെ പണിയരും കുറിച്യരുമാണ് എണ്ണത്തില്‍ കൂടുതല്‍. മറ്റുള്ള വിഭാഗങ്ങള്‍ അതിജീവനഭീഷണിയിലാണ്.
ആദിവാസികള്‍ക്കിടയില്‍ നിന്നും സംസ്ഥാനം ഭരിക്കാന്‍ ഒരു മന്ത്രിതന്നെ ഉണ്ടായിട്ടും ആദിവാസികളില്‍ ബഹുഭൂരിപക്ഷവും അതിജീവനഭീഷണിയിലാണ്. ആദിവാസികളില്‍ ഏറെക്കുറെ സംഘടിതരായ കുറിച്യ വിഭാഗത്തെയാണ് മന്ത്രി ജയലക്ഷ്മി പ്രതിനിധീകരിക്കുന്നത്. 2001ലെ സെന്‍സസ് അനുസരിച്ച് ജില്ലയിലെ മൊത്തം ജനസംഖ്യയില്‍ 19 ശതമാനമായിരുന്നു ആദിവാസികളുടെ എണ്ണം. 2011ലെ സെന്‍സസ് അനുസരിച്ച് വയനാട്ടില്‍ ആദിവാസികളുടെ ജനസംഖ്യ 17.29 ശതമാനമായി കുറഞ്ഞു. കാട്ടുനായ്ക്കര്‍, പണിയര്‍, അടിയര്‍ എന്നീ ആദിവാസികളുടെ ശരാശരി ആയുര്‍ദൈര്‍ഘ്യം 50 വയസായും കുറഞ്ഞിട്ടുണ്ട്. രോഗങ്ങളും പട്ടിണിയും മൂലം ചത്തൊടുങ്ങിക്കൊണ്ടിരിക്കുന്ന ആദിവാസി വിഭാഗങ്ങളുടെ അതിജീവനത്തെ നിര്‍ബന്ധിത വന്ധ്യംകരണം കൊണ്ട് നിശേഷം ഇല്ലാതാക്കാനാണ് ഇപ്പോള്‍ അധികൃതരുടെ ശ്രമം.












Click it and Unblock the Notifications