തര്‍ക്കം രണ്ടാമനെ ചൊല്ലിയല്ലെന്ന് എന്‍സിപി
ദില്ലി: കേന്ദ്രമന്ത്രിസഭയിലെ രണ്ടാമന്റെ പേരിലല്ല കോണ്‍ഗ്രസുമായി തര്‍ക്കമുണ്ടായതെന്ന് എന്‍സിപി നേതാവും മന്ത്രിയുമായ പ്രഫുല്‍ പട്ടേല്‍. ഏതെങ്കിലും ഒരു സ്ഥാനത്തിന് വേണ്ടി വിലപേശുന്ന വിലകുറഞ്ഞ നേതാവല്ല ശരത് പവാര്‍.
കോണ്‍ഗ്രസിനുള്ളിലെ ഒരു വിഭാഗം നേതാക്കളാണ് ഇത്തരം വാര്‍ത്തകള്‍ പുറത്തുവിടുന്നത്. എന്‍സിപിയെയും കോണ്‍ഗ്രസിനെയും ഭിന്നിപ്പിക്കാന്‍ മാധ്യമങ്ങളെ ഇവര്‍ ഉപയോഗിക്കുകയാണ്. ഇത്തരം വാര്‍ത്തകള്‍ പുറത്തുവിടുന്നവര്‍ സ്വയം മോശക്കാരാകുകയാണെന്നും പ്രഫുല്‍ പട്ടേല്‍ പറഞ്ഞു. ദില്ലിയില്‍ എന്‍സിപി നേതൃയോഗത്തിന് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
യുപിഎയിലെ പ്രശ്‌നങ്ങള്‍ മറ്റു പലതുമാണെന്ന് വ്യക്തമാക്കിയെങ്കിലും അതെ കുറിച്ച് കൂടുതല്‍ വിശദീകരിക്കാന്‍ പട്ടേല്‍ തയ്യാറായില്ല. ഇതെ കുറിച്ച് പാര്‍ട്ടി ചര്‍ച്ച ചെയ്ത് വരികയാണെന്നും അതിന് ശേഷം മാത്രമേ ഇതുമായി ബന്ധപ്പെട്ട കൂടുതല്‍ കാര്യങ്ങള്‍ വെളിപ്പെടുത്തുകയുള്ളൂവെന്നുമായിരുന്നു അദ്ദേഹം അറിയിച്ചത്. മുന്നണി വിടില്ലെന്നും യുപിഎയിലെ വിശ്വസ്തരായി തുടരുമെന്നും പട്ടേല്‍ അറിയിച്ചു. അഭിപ്രായഭിന്നതകള്‍ സംബന്ധിച്ച് പ്രധാനമന്ത്രിയുമായും കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുമായും ശരത് പവാര്‍ ചര്‍ച്ച നടത്തി. തിങ്കളാഴ്ച വരെ കാത്തിരിക്കാമെന്നും അതിന് ശേഷം തുടര്‍നടപടികളിലേയ്ക്ക് കടക്കാമെന്നുമാണ് എന്‍സിപിയുടെ തീരുമാനം.












Click it and Unblock the Notifications