ലോറി കുലുങ്ങി;തലയിടിച്ചു വീണ ആന ചരിഞ്ഞു
കോട്ടയം: ഹംപില്‍ കയറി കുലുങ്ങിയ ലോറിയില്‍ നിന്നും വീണ് പരിക്കേറ്റ ആന ചരിഞ്ഞു. തോട്ടയ്‌ക്കാട് കാര്‍ത്തികേയന്‍ എന്ന ആനയ്‌ക്കാണ് ഈ ദാരുണമായ അന്ത്യം. അമിത വേഗതയില്‍ പോയ ലോറി ഹമ്പില്‍ തട്ടി കുലുങ്ങിയപ്പോള്‍ ആന താഴെ വീഴുകയും ഗുരുതരമായി പരിക്കേല്‍ക്കുകയും ആയിരുന്നു.
പതിമൂന്നു മണിക്കൂറിലേറെ നീണ്ട ചികിത്സയ്‌ക്കൊടുവില്‍ ആണ് ആന ചരിഞ്ഞത്. ഇത്രയും നേരം കടുത്ത വേദന സഹിച്ചാണ് ആന ചികിത്സയ്‌ക്ക് വിധേയനായത്. പരിക്കേറ്റ ആന ആറു മണിക്കൂറോളം ലോറിയില്‍ തന്നെ കിടന്നു. 65 കുപ്പി ഗ്ലൂക്കോസും പ്രോട്ടീനും എല്ലാം നല്‍കിയിട്ടും അനങ്ങാന്‍ കഴിയാതിരുന്ന ആനയെ ക്രെയിന്‍ ഉപയോഗിച്ചാണ് നിലത്തു കിടത്തിയത്.
കാലിനും തുമ്പിക്കൈയ്‌ക്കുമായിരുന്നു ഗുരുതരമായ പരിക്കേറ്റത്. പരിക്കേറ്റ് മൂന്നു മണിക്കൂറുകള്‍ക്ക് ശേഷം മാത്രമാണ് ആനയ്‌ക്ക് ആവശ്യമായ വൈദ്യസഹായം എത്തിക്കാനായത്. ആനയ്‌ക്ക് ചികിത്സ വൈകിയത് നാട്ടുകാരുടെ പ്രതിഷേധത്തിന് കാരണമായി.
നാട്ടാന പരിപാലന നിയമം ലംഘിച്ചതിനും ലോറി അലക്ഷ്യമായി ഓടിച്ചതിനും ഡ്രൈവര്‍ക്കെതിരെ വനം വകുപ്പ് കേസ് എടുത്തു.












Click it and Unblock the Notifications