Get Updates
Get notified of breaking news, exclusive insights, and must-see stories!

വിദ്യാഭ്യാസവായ്പയുടെ 'ആദ്യ രക്തസാക്ഷി' വയനാട്ടില്‍

Wayanad
കേരളത്തെ വരുകാലങ്ങളില്‍ വന്‍ പ്രതിസന്ധികളിലേക്ക് കൊണ്ടെത്തിക്കുന്ന വിദ്യാഭ്യാസ വായ്പയുടെ ആദ്യ 'രക്തസാക്ഷി' വയനാട് ജില്ലയില്‍. കേരളത്തില്‍ കര്‍ഷക ആത്മഹത്യകള്‍ക്ക് തുടക്കമിട്ട വയനാട് ജില്ലയില്‍ തന്നെയാണ് വിദ്യാഭ്യാസ വായ്പ തിരിച്ചടയ്ക്കാന്‍ നിവൃത്തിയില്ലാതെ യുവതി തൂങ്ങിമരിച്ചത്.

കാര്‍ഷിക തകര്‍ച്ചയും അതേത്തുടര്‍ന്ന് കടക്കെണി മരണങ്ങളും സര്‍വസാധാരണമായ വയനാട്ടില്‍ വിദ്യാഭ്യാസ വായ്പ തിരിച്ചടയ്ക്കാന്‍ കഴിയാതെ ബാങ്കിന്റെ നടപടി ഭയന്ന് അമ്പലവയല്‍ ആനപ്പാറ അമ്പലമൂല വട്ടമറ്റത്തില്‍ നാരായണന്‍-അംബിക ദമ്പതികളുടെ മകള്‍ ധന്യ(23)ആണ് കഴിഞ്ഞ ദിവസം വീടിനുള്ളില്‍ തൂങ്ങിമരിച്ചത്.

വായ്പ കിട്ടാതെ മക്കളുടെ വിദ്യാഭ്യാസം മുടങ്ങിയതില്‍ മനംനൊന്ത് മാതാപിതാക്കള്‍ ആത്മഹത്യ ചെയ്ത സംഭവവും വിദ്യാഭ്യാസ വായ്പ ലഭിക്കാതെ പഠനം മുടങ്ങുമെന്ന ഭീതിയില്‍ കുട്ടികള്‍ ആത്മഹത്യ ചെയ്ത സംഭവങ്ങളും സംസ്ഥാനത്ത് അടുത്ത കാലത്തുണ്ടായിട്ടുണ്ട്. എന്നാല്‍ വിദ്യാഭ്യാസ വായ്പ തിരിച്ചടയ്ക്കാന്‍ കഴിയാതെ ഒരാള്‍ ജീവനൊടുക്കുന്നത് സംസ്ഥാനത്ത് ആദ്യമാണ്.

സൗത്ത് മലബാര്‍ ഗ്രാമീണ്‍ ബാങ്കിന്റെ അമ്പലവയല്‍ ശാഖയില്‍ നിന്ന് മൂന്ന് ലക്ഷം രൂപ വിദ്യാഭ്യാസ വായ്പയെടുത്താണ് ധന്യ ബിഎസ്‌സി നഴ്‌സിംഗ് പഠനം പൂര്‍ത്തീകരിച്ചത്. പഠനം കഴിഞ്ഞിട്ടും കാര്യമായ വരുമാനമുള്ള ജോലി കിട്ടിയില്ല. മഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയില്‍ താല്‍ക്കാലികമായി ജോലി ലഭിച്ചെങ്കിലും വരുമാനം തുച്ഛമായിരുന്നു.

ജോലി ലഭിച്ചാല്‍ വായ്പയിലേക്ക് തിരിച്ചടവ് ആരംഭിക്കണം. എന്നാല്‍ ചെലവ് കഴിച്ച് കാര്യമായൊന്നും ബാക്കിയില്ലാത്തതിനാല്‍ അടവും നടന്നില്ല. ഇതിനിടെ വിവാഹാലോചന നടക്കുകയും ചെയ്തു. കാര്യമായ സാമ്പത്തിക സ്ഥിതിയില്ലാത്ത വീട്ടുകാര്‍ക്ക് ഭാരമാവുമെന്ന ചിന്തയാണ് ധന്യയെ ആത്മഹത്യയിലേക്ക് നയിച്ചതെന്ന് ബന്ധുക്കള്‍ പറയുന്നു.

ധന്യയുടെ വിദ്യാഭ്യാസ വായ്പയ്ക്ക് പുറമെ നാരായണന്റെ പേരില്‍ കാര്‍ഷിക വായ്പയായി 80,000 രൂപ വേറെയും ഉണ്ട്. വായ്പകള്‍ക്ക് ജാമ്യക്കാരനായ ആളോട് കഴിഞ്ഞ ദിവസം ബാങ്കില്‍ നിന്ന് പണം അടയ്ക്കാന്‍ ആവശ്യപ്പെട്ടിരുന്നു. ഇത് യുവതിയെ കൂടുതല്‍ വേവലാതിപ്പെടുത്തി. സ്വന്തമായുള്ള ഒരേക്കര്‍ കൃഷിയിടത്തില്‍ പകുതി വിറ്റ് ബാങ്ക് വായ്പ അടക്കമുള്ള ബാധ്യതകള്‍ തീര്‍ക്കാന്‍ നാരായണന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. സ്ഥലം വില്‍പന കൂടി മുടങ്ങിയപ്പോള്‍ പ്രതീക്ഷയാകെ നഷ്ടപ്പെട്ടാണ് ധന്യയുടെ മരണമെന്ന് നാട്ടുകാര്‍ പറയുന്നു.

വയനാട് ജില്ലയില്‍ ആകെ കുടിശികയുള്ള വിദ്യാഭ്യാസ വായ്പയില്‍ മുപ്പത് കോടിയില്‍പ്പരം രൂപ നഴ്‌സിംഗ് പഠനത്തിന്റെ പേരിലാണ്. ഈ വായ്പക്കാരില്‍ മഹാഭൂരിപക്ഷത്തിനും ജോലി ലഭിച്ചിട്ടില്ല. മുള്ളന്‍കൊല്ലി പഞ്ചായത്തിലെ പാടിച്ചിറയിലുള്ള സൗത്ത് മലബാര്‍ ഗ്രാമീണ്‍ ബാങ്ക് ശാഖയില്‍ നിന്ന് മാത്രം നഴ്‌സിംഗ് പഠനത്തിന് കൊടുത്തിട്ടുള്ള വിദ്യാഭ്യാസ വായ്പ അഞ്ച് കോടിയോളമാണ്. നഴ്‌സിംഗ് മേഖലയില്‍ തൊഴില്‍ അവസരം കുറഞ്ഞതോടെ ഇതിനുള്ള വിദ്യാഭ്യാസ വായ്പയില്‍ ബാങ്കുകള്‍ കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

വിദ്യാഭ്യാസ വായ്പയെടുത്ത കുട്ടികളില്‍ ഭൂരിപക്ഷവും അന്യസംസ്ഥാനങ്ങളിലാണ് വിവിധ കോഴ്‌സുകള്‍ ചെയ്തത്. ഇവരില്‍ ബഹുഭൂരിപക്ഷത്തിനും വായ്പാത്തുക തിരിച്ചടയ്ക്കാന്‍ സാധിക്കുന്ന വിധത്തില്‍ വരുമാനമുള്ള തൊഴിലുകളൊന്നും ലഭിച്ചിട്ടില്ല.

വിദ്യാഭ്യാസ വായ്പയെടുത്ത് പഠനം നടത്തുന്ന കുട്ടികളുടെ മാതാപിതാക്കള്‍ ഒത്തുചേര്‍ന്ന് അടുത്തിടെ കോഴിക്കോട് കണ്‍വെന്‍ഷന്‍ നടത്തിയിരുന്നു. വായ്പ തിരിച്ചടയ്ക്കാന്‍ കഴിയാതെ ബാങ്ക് നടപടികള്‍ നേരിടുന്നവരാണ് ഇതില്‍ ഭൂരിപക്ഷവും. വായ്പയും പലിശയുമടക്കം ലക്ഷക്കണക്കിന് രൂപ ബാങ്കുകളില്‍ കുടിശികയുള്ള ആയിരക്കണക്കിന് കുടുംബങ്ങള്‍ ജപ്തി ഭീഷണിയിലും ആത്മഹത്യയുടെ വക്കിലുമാണ്.

നിലവാരമില്ലാത്തതും അംഗീകാരമില്ലാത്തതുമായ കോഴ്‌സുകളും ഒരു വിഭാഗം വിദ്യാര്‍ത്ഥികളെ കെണിയിലാക്കിയപ്പോള്‍ നഴ്‌സിംഗ് അടക്കമുള്ള മേഖലകളില്‍ പഠിച്ചിറങ്ങുന്നവര്‍ക്ക് നാമമാത്രമായ ശമ്പളം ലഭിക്കുന്നതാണ് വിദ്യാഭ്യാസ വായ്പ തിരിച്ചടയ്ക്കാന്‍ കഴിയാത്ത തരത്തില്‍ പ്രതിസന്ധി സൃഷ്ടിക്കുന്നത്. അന്യസംസ്ഥാനങ്ങളിലെ നഴ്‌സിംഗ് പഠനത്തിനാണ് ഭൂരിഭാഗം കുട്ടികളും വിദ്യാഭ്യാസ വായ്പയെടുത്തിരിക്കുന്നത്.

കാര്‍ഷികമേഖലയിലെ പ്രതിസന്ധി പോലെ തന്നെ രൂക്ഷമാണ് കേരളത്തിലെ വിദ്യാഭ്യാസ വായ്പയെടുത്ത ആളുകളുടെ സ്ഥിതിയും. വിദ്യാഭ്യാസ വായ്പയെടുത്ത് പെണ്‍കുട്ടികളെ പഠിപ്പിച്ച ശേഷം വിവാഹസമയത്ത് സ്ത്രീധനമടക്കം വന്‍തുക വേണ്ടിവരുന്നതും കേരളം നേരിടുന്ന പ്രതിസന്ധികളില്‍ പ്രധാനമാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+