ബസ്സിനുള്ളിലെ കൂട്ടക്കൊല; ആട് ആന്റണിയെ തിരയുന്നു

ആന്ധ്ര സ്വദേശിയായ സാംബയ്യ എന്ന മാനസികരോഗിയാണ് കൊലയാളിയെന്ന് സംശയിക്കുന്നതായി കേസ് അന്വേഷിക്കുന്ന സൂലൂര്‍പേട്ട പൊലീസ് പറഞ്ഞു. 25ഓളം കൊലക്കേസുകളില്‍ പ്രതിയായ ഇയാള്‍ കഴിഞ്ഞയാഴ്ച പൊലീസിനെ വെട്ടിച്ച് കടന്നിരുന്നു. കേരളത്തില്‍ പൊലീസുകാരനെ കുത്തിക്കൊന്ന കേസിലെ പ്രതി ആട് ആന്റണിയെയും ആന്ധ്ര പൊലീസ് സംഭവവുമായി ബന്ധപ്പെട്ട് തിരയുന്നുണ്ട്. ഇയാള്‍ ആന്ധ്രിയിലെ ചിറ്റൂരിലും നെല്ലൂരിലുമായി കഴിയുന്നുണ്ടെന്നാണ് സൂചനകള്‍.
ഭദ്രാചലത്തുനിന്ന് വ്യാഴാഴ്ച രാത്രി ഒരു മണിക്ക് പുറപ്പെട്ട ബസില്‍ 24 യാത്രക്കാരാണ് ഉണ്ടായിരുന്നത്. യാത്രക്കാരും കണ്ടക്ടറും ഉറക്കത്തിലായിരുന്ന നേരത്താണ് കൂട്ടക്കൊല അരങ്ങേറിയത്. ഓംഗോള്‍ എന്ന സ്ഥലത്തു നിന്നും കയറിയ കൊലയാളിയാണ് അക്രമം നടത്തിയതെന്ന് യാത്രക്കാര്‍ പറയുന്നു.
പുലര്‍ച്ചെ നാലു മണിയോടെ ബസ് സൂലൂര്‍പേട്ടക്ക് സമീപമുള്ള തടായില്‍ എത്തിയപ്പോള്‍ യാത്രക്കാരുടെ നിലവിളികേട്ട് കണ്ടക്ടര്‍ ബള്‍ബുകള്‍ ഓണാക്കി. ചോരയില്‍ കുളിച്ച് പിടയുന്ന യാത്രക്കാരെയാണ് കണ്ടത്. ഓംഗോളില്‍ നിന്ന് കയറിയ അക്രമി മൂര്‍ച്ചയുള്ള ആയുധം കൊണ്ട് യാത്രക്കാരുടെ കഴുത്തറുക്കുകയും നെഞ്ചില്‍ കുത്തുകയുമായിരുന്നെന്ന് സഹയാത്രികര്‍ പറഞ്ഞു.
സംഭവമുണ്ടായ ഉടനെ ബസ് റോഡരികില്‍ നിര്‍ത്തിയതോടെ അക്രമിയായ യുവാവ് വാതില്‍ തുറന്ന് ഓടിരക്ഷപ്പെട്ടു. കഴുത്തറുക്കപ്പെട്ട രണ്ട് യുവാക്കള്‍ സംഭവസ്ഥലത്തുതന്നെ മരിച്ചു. മറ്റൊരു സീറ്റില്‍ കഴുത്തറുക്കപ്പെട്ട നിലയില്‍ രണ്ട് യാത്രക്കാരെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ഒരാള്‍ വഴിമധ്യേ മരിച്ചു.
ഒഡിഷ സ്വദേശിയായ അജയ് വിശ്വാസ് (25), ആന്ധ്രയിലെ ഓങ്കോല്‍ സ്വദേശിയും കോളജ് അധ്യാപകനുമായ നിരഞ്ജന്‍ (35), ഓങ്കോല്‍ സ്വദേശി രാംപ്രഭു (58) എന്നിവരാണ് മരിച്ചത്. ചെന്നൈയിലെ സ്വകാര്യ കമ്പനിയില്‍ സോഫ്‌റ്റ്വെയര്‍ എന്‍ജിനീയറായ ആന്ധ്ര സ്വദേശി രമേഷ് (25) ആണ് സൂലൂര്‍പേട്ട ഗവ. ആശുപത്രിയില്‍ ഗുരുതരനിലയില്‍ ചികിത്സയില്‍ കഴിയുന്നത്.
ബസിലെ ജീവനക്കാരും യാത്രക്കാരും നല്‍കിയ വിവരങ്ങളനുസരിച്ച് കൊലയാളിയുടെ രേഖാചിത്രം പൊലീസ് തയാറാക്കിയിട്ടുണ്ട്. കൊലയാളിയെ കണ്ടെത്താന്‍ പ്രത്യേക സ്‌ക്വാഡുകള്‍ രൂപവത്കരിച്ച് ആന്ധ്ര പൊലീസ് അന്വേഷണം തുടങ്ങി.












Click it and Unblock the Notifications