കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിജെപിയിലെ ചേരിപ്പോര് പരസ്യമായി

  • By Ajith Babu
Google Oneindia Malayalam News

BJP
തിരുവനന്തപുരം: സംഘടന തിരഞ്ഞെടുപ്പ് അടുത്തെത്തി നില്‍ക്കെ ബിജെപിയുടെ കേരളഘടകത്തില്‍ പോര് മുറുകുന്നു. കോര്‍ കമ്മിറ്റിക്കു പിന്നാലെ ബിജെപി സംസ്ഥാന നേതൃയോഗത്തില്‍ നിന്നും പ്രമുഖ നേതാക്കള്‍ ഉള്‍പ്പടെ ഒരുവിഭാഗം വിട്ടുനിന്നതോടെ പാര്‍ട്ടിയ്ക്കുള്ളിലെ ചേരിപ്പോര് പരസ്യമായി.

സംസ്ഥാന ഭാരവാഹികള്‍, മോര്‍ച്ച പ്രസിഡന്റുമാര്‍, മുന്‍ സംസ്ഥാന പ്രസിഡന്റുമാര്‍ എന്നിവരുള്‍പ്പെടെ 28പേര്‍ പങ്കെടുക്കേണ്ട നേതൃയോഗത്തില്‍ നിന്നു പത്തുപേരാണു വിട്ടുനിന്നത്. മുന്‍ പ്രസിഡന്റുമാരായ സി.കെ. പദ്മനാഭന്‍, പി.എസ്. ശ്രീധരന്‍ പിള്ള, കെ.വി. ശ്രീധരന്‍ മാസ്റ്റര്‍, പി.കെ. കൃഷ്ണദാസ്, സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍. രാധാകൃഷ്ണന്‍, ദേശീയ സമിതി അംഗം എം.ടി. രമേശ്, മഹിള മോര്‍ച്ച പ്രസിഡന്റ് ശോഭ സുരേന്ദ്രന്‍, ജനറല്‍ സെക്രട്ടറി കെ.പി. ശ്രീശന്‍ എന്നിവര്‍ പങ്കെടുത്തില്ല. ഔദ്യോഗികവിഭാഗത്തോടു ചേര്‍ന്നുനില്‍ക്കുന്ന വ്യക്തിയാണ് ശ്രീശന്‍. നിലവിലെ പ്രസിഡന്റ് വി. മുരളീധരനെതിരായ നീക്കങ്ങളുടെ ഭാഗമായാണ് ബഹിഷ്‌കരണമെന്നാണ് സൂചന.

പൊതുതിരഞ്ഞെടുപ്പിനു മുന്നോടിയായി സംഘടനാസംവിധാനത്തില്‍ പ്രസിഡന്റുമാര്‍ക്കു തുടര്‍ച്ചയായി ഒരു ടേം മാത്രമേ അനുവദിക്കാവൂ എന്ന പാര്‍ട്ടി ഭരണഘടനയിലെ നിബന്ധന ഭേദഗതി ചെയ്തിരുന്നു. ബിജെപി പ്രസിഡന്റ് നിതിന്‍ ഗഡ്കരിക്കു പദവിയില്‍ തുടരാന്‍ കൂടിയായിരുന്നു ഇത്. സംസ്ഥാന, ജില്ലാ പ്രസിഡന്റുമാര്‍ക്കും ഇതു ബാധകമാണ്.

കേരളത്തില്‍ വി. മുരളീധരനെ പ്രസിഡന്റ് പദവിയില്‍ തുടരാന്‍ അനുവദിക്കുമെന്ന് അടുത്തിടെ ആലുവയില്‍ ചേര്‍ന്ന ബിജെപി സംസ്ഥാന കോര്‍ കമ്മിറ്റിയുടെയും ആര്‍എസ്എസ് സംസ്ഥാന നേതാക്കളുടെയും സംയുക്ത യോഗത്തില്‍ ധാരണയായിരുന്നു. ഇതേത്തുടര്‍ന്നാണു പാര്‍ട്ടി നേതൃത്വത്തില്‍ പ്രശ്‌നങ്ങള്‍ രൂക്ഷമായത്.

സംസ്ഥാന പ്രസിഡന്റ് തുടരുന്നതിനെ തടയാന്‍ കഴിയില്ലെങ്കിലും ഭാരവാഹികളായി തങ്ങള്‍ക്കു താത്പര്യമുള്ളവരെ കൊണ്ടുവരാനുള്ള തന്ത്രത്തിന്റെ ഭാഗമാണു പുതിയ വിമത നീക്കം എന്നാണു സൂചന. വിമത പ്രവര്‍ത്തനം ഏകോപിപ്പിക്കുന്ന എം.ടി. രമേശിനെതിരേ അച്ചടക്ക നടപടിയെടുക്കണമെന്ന് വ്യാഴാഴ്ച ചേര്‍ന്ന യോഗത്തില്‍ ആവശ്യമുയര്‍ന്നു. നെയ്യാറ്റിന്‍കരയില്‍ എം.ടി. രമേശ് പ്രവര്‍ത്തനത്തില്‍ നിന്നു വിട്ടുനിന്നതായും ആരോപണമുയര്‍ന്നു.

നെയ്യാറ്റിന്‍കര ഉപതെരഞ്ഞെടുപ്പു സമയത്ത് ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനുമായി രഹസ്യ ചര്‍ച്ച നടത്തിയ പി.കെ. കൃഷ്ണദാസിന്റെ നടപടി അന്വേഷിക്കണമെന്നും ആവശ്യമുയര്‍ന്നതായി സൂചന.

English summary
The BJP will seek explanation from senior leaders of the party in the State on their absence at meetings of party’s core committee on Wednesday and State office-bearers on Thursday
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X