സുധീരന്‍ പ്രതിപക്ഷനേതാവാകുമ്പോള്‍

അതിനാല്‍ കേരളത്തില്‍ പ്രതിപക്ഷനേതാവിന്റെ സ്ഥാനം ഏറെസമയവും ഒഴിഞ്ഞുകിടക്കുകയാണ്. താനിരിക്കേണ്ടിടത്ത് താനിരുന്നില്ലെങ്കില്‍ മറ്റുവല്ലവരും അവിടെക്കയറിയിരിക്കുമെന്ന് പണ്ടാരോ പറഞ്ഞത് സത്യമായിരിക്കുകയാണ്. സാക്ഷാല്‍ വി എം സുധീരന്‍ ആ സ്ഥാനമങ്ങ് ഏറ്റെടുത്തു. സുധീരന്റെ വാക്ശരങ്ങള്‍ ഏല്‍ക്കാത്തവരില്ല യു ഡി എഫില്‍ എന്ന സ്ഥിതിയാണ് സംജാതമായിരിക്കുന്നത്.
യു ഡി എഫ് സര്‍ക്കാര്‍ അധികാരത്തിലെത്തിയ കാലം മുതല്‍ വി എം സുധീരന്‍ സര്‍ക്കാരിന്റെ കടുത്ത വിമര്‍ശകനാണ്. കരിമണല്‍ ഖനനം, മദ്യനയം, വൈദ്യുതി ചാര്‍ജ്ജ് വര്‍ദ്ധനവ്, സ്വാശ്രയ വിദ്യാഭ്യാസം, മുസ്ലീം ലീഗ് അടക്കമുള്ള ഘടകകക്ഷികളുടെ വിലപേശല്‍, വിലക്കയറ്റം എന്നിവയ്‌ക്കെതിരെ ശക്തമായ ഭാഷയിലാണ് സുധീരന്റെ പ്രതികരണങ്ങളുണ്ടായത്. സുധീരന്‍ പറയുന്നതില്‍ ന്യായമുള്ളതിനാല്‍ മാധ്യമങ്ങളും പൊതുജനങ്ങളും ഇത് ഏറ്റെടുക്കാറുമുണ്ട്. പ്രതിപക്ഷത്തുനിന്നുണ്ടാകുന്നതിനേക്കാളേറെ മൂര്‍ച്ചയുള്ള വാക്കുകള്‍ ഉമ്മന്‍ ചാണ്ടി നേതൃത്വം നല്‍കുന്ന യു ഡി എഫ് സര്‍ക്കാരിന് നേരെയുണ്ടായത് സുധീരനില്‍ നിന്ന് തന്നെയാണ്. ഇപ്പോഴിതാ സര്‍ക്കാരിനെ മാത്രമല്ല സാക്ഷാല്‍ രാഹുല്‍ ഗാന്ധിയുടെ പ്രവര്‍ത്തശൈലിയെയും വിമര്‍ശിക്കാന്‍ സുധീരന്‍ മടികാണിച്ചില്ല. മുറത്തില്‍കേറി കൊത്തുന്നതുപോലെയാകുമോ സുധീരന്റെ രാഹുല്‍ വിമര്‍ശനമെന്ന് അധികം വൈകാതെ കണ്ടറിയാം.
ഏറ്റവും അവസാനമായി ഉമ്മന്‍ ചാണ്ടി നയിക്കുന്ന യു ഡി എഫ് സര്‍ക്കാരിലെ മന്ത്രിമാര്‍ക്കെതിരെയാണ് സുധീരന്‍ കൂരമ്പുകള്‍ പ്രയോഗിച്ചത്. മന്ത്രിമാരില്‍ ചിലര്‍ കൊള്ളാത്തവരാണെന്ന് സുധീരന്‍ തുറന്നടിച്ചത് യൂത്ത് കോണ്‍ഗ്രസിന്റെ സംസ്ഥാന നേതൃക്യാമ്പിലാണ്. നാട്ടില്‍ എന്താ നടക്കുന്നതെന്ന് പോലും പല മന്ത്രിമാര്‍ക്കും മനസിലായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. പേഴ്‌സണല്‍ സ്റ്റാഫിന്റെ പിടിയിലാണ് ചില മന്ത്രിമാര്‍. മന്ത്രിമാരെ ഇരുത്തിക്കൊണ്ട് വരുന്നവര്‍ക്ക് പേഴ്‌സണല്‍ സ്റ്റാഫ് നിര്‍ദേശം കൊടുക്കുന്ന സംഭവങ്ങള്‍ ഉണ്ടെന്നും സുധീരന്‍ ആരോപിച്ചു. പ്രധാനമായും വിദ്യാഭ്യാസവകുപ്പുള്‍പ്പെടെ ലീഗ് മന്ത്രിമാര്‍ക്കെതിരെയാണ് സുധീരന്റെ വിമര്‍ശം. നെയ്യാറ്റിന്‍കരയിലെ വിജയത്തില്‍ അമിതമായ സന്തോഷിക്കാന്‍ വകയില്ലെന്ന് പറഞ്ഞ അദ്ദേഹം യു ഡി എഫിലും വോട്ടുചോര്‍ച്ച ഉണ്ടായെന്ന് ആരോപിച്ചു. കോണ്‍ഗ്രസിന്റെ അവസാനവാക്കായ രാഹുല്‍ ഗാന്ധിയുടെ പ്രചാരണ രീതിയെയും സുധീരന്‍ യൂത്ത് കോണ്‍ഗ്രസ് നേതൃയോഗത്തില്‍ വിമര്‍ശിച്ചു. കംപ്യൂട്ടറും ഇ-മെയിലും മാത്രം വെച്ചു രാഷ്ട്രീയ പ്രവര്‍ത്തനം നടത്തിയാല്‍ യു പി തെരഞ്ഞെടുപ്പ് തന്നെയാകും ഫലമെന്നായിരുന്നു സുധീരന്റെ വിമര്‍ശനം.
സാധാരണഗതിയില്‍ സുധീരന്റെ കടുത്ത വിമര്‍ശനങ്ങള്‍ ഉണ്ടാവുക പൊതുയോഗങ്ങളില്‍ വച്ചായിരിക്കും. കോണ്‍ഗ്രസ് നേതാക്കള്‍ അധികമില്ലാത്ത സാംസ്‌കാരിക പരിപാടികളായിരിക്കും അവയില്‍ ഏറെയും. എന്നാല്‍ ഇത്തവണ കോണ്‍ഗ്രസ് നേതാക്കളെ ഇരുത്തിക്കൊണ്ട് വിമര്‍ശനങ്ങളുടെ കെട്ടഴിച്ചുവിടാന്‍ സുധീരന്‍ ശ്രമിച്ചത് ശ്രദ്ധേയമാണ്. സംസ്ഥാനത്തെ യൂത്ത് കോണ്‍ഗ്രസുകാര്‍ പൊതുവേ മൂത്തകോണ്‍ഗ്രസ് വിരുദ്ധരാണ്. കോണ്‍ഗ്രസ് നേതൃത്വത്തെയും സംസ്ഥാന ഭരണത്തെയും വിമര്‍ശിക്കാന്‍ ഇത്രയും നല്ല വേദി ഇനി കിട്ടില്ലെന്ന് സുധീരന് നന്നായി അറിയാം. സുധീരന്‍ കത്തിക്കയറിയപ്പോള്‍ യൂത്തന്മാര്‍ക്കിടയില്‍ നിന്ന് സാമാന്യം ഭേദപ്പെട്ട കയ്യടിയും കിട്ടി.
മുഖ്യമന്ത്രിയായി ഉമ്മന്‍ ചാണ്ടിയും കെ പി സി സി പ്രസിഡന്റായി രമേശ് ചെന്നിത്തലയും ഉള്ളിടത്തോളം കാലത്ത് കെ പി സി സി നിര്‍വ്വാഹക സമിതി അംഗം എന്നതിനപ്പുറത്തേയ്ക്ക് ഒന്നും പ്രതീക്ഷിക്കേണ്ടെന്ന് വി എം സുധീരന് നന്നായി അറിയാം.
ആലപ്പുഴ ലോക്‌സഭാ മണ്ഡലത്തിലെ പരാജയത്തിന് ശേഷം മത്സരരംഗത്തുനിന്ന് മാറിനില്‍ക്കുന്ന സുധീരനെ ഭരണത്തിന്റെ ഏഴയലത്ത് അടുപ്പിക്കാതിരിക്കാന്‍ പാര്‍ട്ടിയിലെ എല്ലാ ഗ്രൂപ്പുകളും യു ഡി എഫിലെ എല്ലാ കക്ഷികളും ആവുന്നത്ര ശ്രമിക്കുന്നുണ്ട്. ഇടക്കാലത്ത് കെ പി സി സി അധ്യക്ഷസ്ഥാനത്തേയ്ക്ക് പലതവണ സുധീരന്റെ പേര് ഉയര്‍ന്നുകേട്ടെങ്കിലും കോണ്‍ഗ്രസിലെ ഗ്രൂപ്പ് സമവാക്യങ്ങള്‍ സുധീരനെതിരെ ഒന്നിച്ചതിനാല്‍ ആ നീക്കങ്ങള്‍ പാളിപ്പോവുകയായിരുന്നു. വ്യത്യസ്തമായ അഭിപ്രായ പ്രകടനങ്ങള്‍ നടത്തുന്നതിനാല്‍ സ്ഥാനമൊന്നുമില്ലെങ്കിലും സംസ്ഥാന രാഷ്ട്രീയത്തില്‍ അദ്ദേഹം സജീവമായി നില്‍ക്കുന്നുണ്ട്. ചുമതലകള്‍ ഏറ്റെടുക്കാന്‍ തനിക്ക് ആഗ്രഹമുണ്ടെന്ന് കഴിഞ്ഞ ദിവസം അദ്ദേഹം തുറന്ന് പറഞ്ഞതോടെ ഒഴിവായ ശല്യം വീണ്ടും കേറിവരുന്നുവെന്ന വിചാരമാണ് കോണ്‍ഗ്രസ് നേതൃത്വത്തിനുണ്ടായിരിക്കുന്നത്.
ജനകീയ പക്ഷത്തുനിന്നുള്ള അഭിപ്രായ പ്രകടനങ്ങളാണ് സുധീരന്റെ വിമര്‍ശനങ്ങളില്‍ ഏറിയ പങ്കും എന്നതിനാല്‍ അദ്ദേഹത്തിന്റെ വാക്കുകള്‍ പലപ്പോഴും ഭരണകൂടത്തിന് അലോസരം സൃഷ്ടിക്കാറുണ്ട്. അടുത്തകാലത്ത് കെ പി സി സി ഉന്നതാധികാര സമിതിയില്‍ വച്ച് വി എം സുധീരന്റെ നിലപാടുകളെ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി കടുത്ത ഭാഷയില്‍ വിമര്‍ശിച്ചപ്പോള്‍ സുധീരന്‍ തിരിച്ചടിച്ചത് കെ കരുണാകരന്‍ മുഖ്യമന്ത്രിയായിരുന്ന കാലത്ത് ഉമ്മന്‍ ചാണ്ടി സ്വീകരിച്ച നിലപാടുകള്‍ ചൂണ്ടിക്കാട്ടിയായിരുന്നു. ഇതോടെ ഉമ്മന്‍ ചാണ്ടിയുടെ വായടഞ്ഞുവെന്നാണ് കേള്‍വിക്കാര്‍ പറയുന്നത്.












Click it and Unblock the Notifications