Get Updates
Get notified of breaking news, exclusive insights, and must-see stories!

കോണ്‍ഗ്രസിയും ഒസിയും ആര്‍സിയും വാഴുംകാലം

Chennithala-Oommen Chandy
ഉമ്മന്‍ ചാണ്ടിയെന്ന കേരള മുഖ്യമന്ത്രി സമപ്രായക്കാരായ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് ഒ സിയാണ്. കെ പി സി സി അധ്യക്ഷന്‍ രമേശ് ചെന്നിത്തലയെ ഇതുവരെ ആര്‍ സി എന്നാരും വിളിച്ച് കേട്ടിട്ടില്ല, വിളിച്ചിട്ട് പ്രത്യേകിച്ച് ഗുണവുമില്ല. സംസ്ഥാനത്തെ കോണ്‍ഗ്രസ് പാര്‍ട്ടിയെ ഒസിയും ആര്‍സിയും വീതം വെച്ചനുഭവിക്കുകയാണ്. പെട്ടിയെടുപ്പുകാര്‍ക്ക് ചില്ലറ ഗുണങ്ങളൊക്കെയുണ്ടെന്ന് തലസ്ഥാനത്തുചെല്ലുന്ന ആര്‍ക്കും ബോധ്യമാകും. ബാക്കിയുള്ളവരുടെ കാര്യം കട്ടപ്പുക.

ചില സാമുദായിക-സാമ്പത്തിക അഡ്ജസ്റ്റ്‌മെന്റുകളിലൂടെ ഒസി-ആര്‍സി കൂട്ടുകെട്ട് അജയ്യമായി തുടരുന്നതിനാല്‍ കോണ്‍ഗ്രസ് എന്ന മഹാപ്രസ്ഥാനത്തിലെ ലക്ഷോപലക്ഷം നേതാക്കളും പ്രവര്‍ത്തകരുടെയും രാഷ്ട്രീയഭാവി വഴിയാധാരമായിരിക്കുകയാണ്. ഉള്ളില്‍ പ്രതിഷേധത്തിന്റെ കനലെരിയുന്നവരാണേറെയും. എന്നാല്‍ പരസ്യമായോ രഹസ്യമായോ പ്രതിഷേധിക്കുന്നവന്റെ കാര്യം കട്ടപ്പൊകയാകുമെന്നതിനാല്‍ മൂത്ത കോണ്‍ഗ്രസുകാരില്‍ കെ മുരളീധരനൊഴികെ ആരും കമാ എന്നൊരക്ഷരം മിണ്ടില്ല.

അധികാരരാഷ്ട്രീയത്തിന്റെ ലോകത്ത് ഗതികിട്ടാപ്രേതമായി അലയുന്ന മുരളീധരനൊക്കെ എന്തുമാകാം, ബാക്കിയുള്ളോരുടെ കാര്യം അങ്ങനെയാണോ എന്നാണ് തലസ്ഥാനത്തെ ഖദറുകാരുടെ മുഖഭാവം തന്നെ. കാരുണ്യ ലോട്ടറി അടിക്കുന്നതുപോലെ എന്നെങ്കിലും എന്തെങ്കിലും വീണുകിട്ടിയാല്‍ ഈ കോണ്‍ഗ്രസ് ജീവിതം തന്നെ കൃതാര്‍ത്ഥമായി എന്നുകരുതി ദേഹം തൂവെള്ള ഖദറില്‍ പൊതിഞ്ഞ് വെളുത്ത തലയില്‍ കറുപ്പടിച്ച് സെക്രട്ടേറിയറ്റിലും ഇന്ദിരാഭവനിലുമായി ഷട്ടിലടിക്കുകയാണ് ബഹുഭൂരിപക്ഷവും.

സഹികെട്ടാണ് മഹിളാ കോണ്‍ഗ്രസും യൂത്ത് കോണ്‍ഗ്രസും കലാപമഴിച്ചുവിട്ടിരിക്കുന്നത്. കോണ്‍ഗ്രസ് തറവാടുകളില്‍ പെറ്റുവീണ് ബാലതരംഗത്തിലൂടെ കെ എസ് യുക്കാരായി കണ്ട എസ് എഫ് ഐക്കാരന്റെയെല്ലാം അടിയും തൊഴിയും കൊണ്ട് പത്രങ്ങളില്‍ നാല് ഫോട്ടോ അടിച്ചുവന്ന നേതാക്കളായി പിന്നെ യൂത്ത് കോണ്‍ഗ്രസിലെത്തി മൂത്തുമുരടിച്ച് നില്‍ക്കുകയാണ് നാല്‍പ്പതും അമ്പതും അറുപതും കഴിഞ്ഞ കോണ്‍ഗ്രസ് യുവത്വങ്ങള്‍. മഹിളാ കോണ്‍ഗ്രസുകാരുടെ ഗതിയും ഇതുതന്നെ.

ഒരു പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ പോലും ഇപ്പോള്‍ സീറ്റ് കിട്ടാന്‍ പഴയതുപോലെ ഗ്രൂപ്പുകളിയൊന്നും പോരാ. മറിച്ച് ജാതി-മത-സാമുദായിക നേതാക്കളുടെ നല്ലപിള്ള സര്‍ട്ടിഫിക്കറ്റ് തന്നെ വേണം. ഒസിയുടെയും ആര്‍സിയുടെയും സ്ഥാനത്ത് മുമ്പ് കെ കരുണാകരനും എ കെ ആന്റണിയും വാണരുളിയപ്പോള്‍ സീറ്റ് വീതംവയ്പ്പില്‍ ഗ്രൂപ്പായിരുന്നു മാനദണ്ഡം. അതിനാല്‍ എ ആയാലും ഐ ആയാലും തിരുത്തല്‍വാദിയായാലും നാലാംഗ്രൂപ്പായാലും വീതംവയ്പ്പില്‍ എന്തെങ്കിലുമൊക്കെ എല്ലാവര്‍ക്കും തടഞ്ഞിരുന്നു.

കെ കരുണാകരന്റെയും എ കെ ആന്റണിയുടെയും കാലത്ത് തന്നെ പാര്‍ട്ടിയിലെ ഗ്രൂപ്പുകളെ പൊളിച്ചടുക്കാന്‍ രണ്ടാംനിര നേതാക്കള്‍ ജാതി-മത-സാമുദായിക ശക്തികളുടെ കക്ഷത്തില്‍ തലയിട്ടു. ഇപ്പോള്‍ സംസ്ഥാന ഭരണം തന്നെ നടക്കുന്നത് പാണക്കാട്ടെയും പെരുന്നയിലെയും കണിച്ചുകുളങ്ങരയിലെയും പിന്നെ ചില അതിരൂപതകളിലെയും ആചാര്യന്മാരുടെ തിരുവിഷ്ടമനുസരിച്ചാണ്. ബാക്കിയെന്തെങ്കിലുമുണ്ടെങ്കില്‍ വലിയ ചില മുതലാളിമാരും വീതം വയ്ക്കും.

ജരാനര ബാധിച്ച പാര്‍ട്ടി നേതൃത്വം യയാതികളെപ്പോലെ തങ്ങളുടെ യുവത്വം ഊറ്റിയെടുക്കുകയാണെന്നാണ് യൂത്ത് കോണ്‍ഗ്രസ് നേതൃയോഗത്തിന്റെ മുഖ്യപ്രമേയം. ഇപ്പോള്‍ നിയമസഭയിലുള്ള മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളില്‍ ബഹുഭൂരിപക്ഷവും കുറഞ്ഞത് കാല്‍നൂറ്റാണ്ടെങ്കിലുമായിക്കാണും അവിടെ കയറിയിട്ട്. ഇവരൊന്ന് കസേരയൊഴിയാന്‍ യൂത്ത് കോണ്‍ഗ്രസുകാരും മഹിളാ കോണ്‍ഗ്രസുകാരും തലമുറകളായി കാത്തിരിക്കുകയാണ്.

പുതുപ്പള്ളി നിയോജക മണ്ഡലത്തിലെ കോണ്‍ഗ്രസുകാരുടെ സ്ഥിതി ഒന്നാലോചിച്ചുനോക്കിയാല്‍ തന്നെ കാര്യങ്ങളുടെ കിടപ്പ് വ്യക്തമാകും. 1970ല്‍ പുതുപ്പള്ളിയില്‍ മത്സരിക്കാനിറങ്ങിയതാണ് ഉമ്മന്‍ ചാണ്ടി. പുതുപ്പള്ളി ഇപ്പോള്‍ സ്വന്തം തറവാടുപോലെയായി. നാല്‍പ്പത്തിരണ്ട് കൊല്ലമായി അദ്ദേഹം പുതുപ്പള്ളിയിലെ നിത്യഹരിത എം എല്‍ എയാണ്. ഇതിനിടെ പലപ്രാവശ്യം മന്ത്രിയും ഇത്തവണത്തേതുകൂട്ടി രണ്ടുതവണ മുഖ്യമന്ത്രിയുമായി. ഇതുപോലെതന്നെയാണ് മറ്റ് പല കോണ്‍ഗ്രസ് നേതാക്കളും. മരിക്കുംവരെ ഭരിക്കാനും നയിക്കാനും പിറന്നവരാണവര്‍.

മുപ്പതും നാല്‍പ്പതും വര്‍ഷമായി കസേരയൊഴിയാതെ ജരാനരകള്‍ ഏല്‍ക്കാതെ യയാതിമാരെപ്പോലെ സുഖിക്കുകയാണ്. പാര്‍ട്ടിക്കും അധികാരത്തിനും മേല്‍ പൊരുന്നക്കോഴികളെപ്പോലെ അടയിരിക്കുകയാണവര്‍. പാര്‍ട്ടിയും പാര്‍ട്ടിക്ക് കിട്ടുന്ന അധികാരവും കുടുംബസ്വത്തുപോലെ വച്ചനുഭവിക്കുകയാണ്. ഇവിടെ മഹിളാ കോണ്‍ഗ്രസുകാര്‍ ആത്തേമ്മാരെപ്പോലെയും യൂത്ത്‌കോണ്‍ഗ്രസുകാര്‍ അഫ്ഫന്മാരെപ്പോലെയും ഗതികിട്ടാതലയുന്നു.

അവര്‍ നേതൃയോഗങ്ങളിലും കണ്‍വെന്‍ഷനുകളിലും വിഷമങ്ങള്‍ പ്രമേയരൂപത്തില്‍ കരഞ്ഞുതീര്‍ക്കും. ഷാഫി പറമ്പിലിനെയും വി ടി ബല്‍റാമിനെയും ഹൈബി ഈഡനെയും പോലെ കാര്യം തിരിഞ്ഞ കൊച്ചുമിടുക്കന്മാര്‍ ഫ്‌ളൈറ്റ് പിടിച്ച് ഡല്‍ഹിക്ക് പോയി കടല്‍ക്കിഴവന്മാരുടെ തലയ്ക്ക് മുകളിലൂടെ സീറ്റും വാങ്ങി വരുന്നത് കണ്ട് അന്തം വിട്ടിരിക്കുകയാണ് കോണ്‍ഗ്രസിലെ അഭിനവ ആത്തേമ്മാരും അഫ്ഫന്മാരും. അവര്‍ ഇനിയും പതിറ്റാണ്ടുകളോളം കരയുക തന്നെ ചെയ്യും. സാക്ഷാല്‍ വി എം സുധീരന്‍ പോലും ഒരു സീറ്റിന് വേണ്ടി കെഞ്ചുന്ന ഈ കാലത്ത് യയാതിമാരുടെ ജരാനരകള്‍ ഏറ്റുവാങ്ങാന്‍ തന്നെയാണ് യൂത്ത് കോണ്‍ഗ്രസുകാരുടെയും മഹിളാ കോണ്‍ഗ്രസുകാരുടെയും യോഗം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+