ഷുക്കൂര്‍ വധക്കേസില്‍ പി ജയരാജന്‍ അറസ്റ്റില്‍

ബുധനാഴ്ച രാവിലെ പി.കെ. ശ്രീമതി, ജയിംസ് മാത്യു എംഎല്‍എ, എം.വി. ജയരാജന്‍ തുടങ്ങിയവരുടെ നേതൃത്വത്തില്‍ നാനൂറോളം പ്രവര്‍ത്തകര്‍ പങ്കെടുത്ത പ്രകടനമായിട്ടാണ് ജയരാജന്‍ സിഐ ഓഫീസിലെത്തിയത്. രാഷ്ട്രീയ പ്രേരിതമായി യുഡിഎഫ് ഉണ്ടാക്കിയ കള്ളക്കേസാണിതെന്ന് ജയരാജന്‍ പറഞ്ഞു.
സംഘര്‍ഷപ്രദേശങ്ങള്‍ സന്ദര്‍ശിച്ച തങ്ങളെ അപായപ്പെടുത്താനുള്ള ശ്രമമാണ് ലീഗിന്റെ തീവ്രവാദ കേന്ദ്രത്തില്‍ നടന്നത്. ഇതിനിടെ പരിക്കേറ്റ് ആശുപത്രിയില്‍ കഴിഞ്ഞ തന്നെയും ടി.വി. രാജേഷിനെയും കാണാന്‍ ഒട്ടേറെ പേര്‍ എത്തിയിരുന്നു. ഇതിനിടെ എപ്പോഴാണ് ഗൂഢാലോചന നടത്താന്‍ സമയമെന്നും പി. ജയരാജന്‍ ചോദിച്ചു.
സംഘര്‍ഷസ്ഥിതിയുണ്‌ടെന്ന് തലേന്ന് വൈകിട്ടു തന്നെ താന്‍ ജില്ലയിലെ പോലീസ് മേധാവിയെ വിളിച്ച് അറിയിച്ചിരുന്നു. പോലീസിന്റെ എല്ലാ സംവിധാനവും അവിടെ ഒരുക്കിയിട്ടുണ്‌ടെന്നായിരുന്നു എസ്പി നല്‍കിയ മറുപടിയെന്നും ഇതിന്റെ അടിസ്ഥാനത്തിലാണ് പ്രദേശങ്ങളില്‍ സന്ദര്‍ശനത്തിന് മുതിര്‍ന്നതെന്നും ജയരാജന്‍ ചൂണ്ടിക്കാട്ടി.
ഇടയ്ക്ക് ചോദ്യങ്ങളുയര്‍ന്നപ്പോള്‍ ജയരാജന്‍ മാധ്യമപ്രവര്‍ത്തകരോട് കയര്‍ക്കുകയും ചെയ്തു. നിങ്ങള്‍ ചോദിക്കുന്നതിന് മാത്രമല്ല എനിക്ക് പറയാനുള്ളതു കൂടി കേള്‍ക്കാന്‍ സഹിഷ്ണുതയുണ്‌ടെങ്കില്‍ നിന്നാല്‍ മതിയെന്നായിരുന്നു പ്രതികരണം. ലീഗിന്റെ തിട്ടൂരത്തിന് അനുസരിച്ച് താളം തുള്ളുന്ന മുഖ്യമന്ത്രിയാണ് ഉമ്മന്‍ചാണ്ടിയെന്നും ജയരാജന്‍ കുറ്റപ്പെടുത്തി. ഷുക്കൂര്‍ കൊല്ലപ്പെട്ട് 25 ദിവസങ്ങള്‍ കഴിഞ്ഞാണ് പാര്‍ട്ടി കോടതിയാണ് ശിക്ഷ വിധിച്ചതെന്ന വാര്‍ത്ത വന്നത്. കേരള പോലീസിനകത്തെ സിപിഎം വിരുദ്ധ ലോബിയാണ് ഇതിനു പിന്നില്‍. അന്വേഷണം നടത്തിയ പോലീസിന് തെളിവും മറ്റും കിട്ടുകയാണെങ്കില്‍ അത് പറയേണ്ടത് കോടതിയിലാണെന്നും ജയരാജന്‍ പറഞ്ഞു.












Click it and Unblock the Notifications