റോമാ സാമ്രാജ്യ കാലത്തെ കപ്പല്‍ കണ്ടെത്തി
റോം: റോമാ സാമ്രാജ്യ കാലത്തെ കപ്പലിന്റെ അവശിഷ്ടങ്ങള്‍ ഇറ്റലിയില്‍ നിന്ന് കണ്ടെത്തി. ഇറ്റാലിയിലെ ഗരമായ വരാസിയ്ക്ക് അടുത്തുള്ള തീരപ്രദേശത്തു നിന്നാണ് രണ്ടായിരം വര്‍ഷം പഴക്കമുള്ള കപ്പല്‍ കണ്ടെത്തിയത്. പ്രദേശത്തെ മീന്‍പിടുത്തക്കാരുടെ സഹായത്തോടെയാണ് ഗവേഷകര്‍ കപ്പല്‍ കണ്ടെത്തിയത്.
കപ്പല്‍, ആ കാലഘട്ടത്തിലെ വ്യാപാര, വാണിജ്യ പ്രവര്‍ത്തനങ്ങളെ കുറിച്ചുള്ള വ്യക്തമായ സൂചന നല്‍കുമെന്ന പ്രതീക്ഷയിലാണ് ഗവേഷകര്‍. സ്പെയിനിനും ഇന്നത്തെ മദ്ധ്യ ഇറ്റലിയ്ക്കും ഇടയിലുള്ള പാതയിലാണ് കപ്പല്‍ സഞ്ചരിച്ചിരുന്നതെന്നാണ് ഗവേഷകരുടെ നിഗമനം. കപ്പലിനുള്ളില്‍ നിന്ന് 200ഓളം മണ്‍കുടങ്ങള്‍ കണ്ടെടുത്തിട്ടുണ്ട്. മീന്‍, വൈന്‍, എണ്ണ എന്നിവ നിറയ്ക്കാനുപയോഗിച്ചിരുന്ന മണ്‍കുടങ്ങളാണിവയെന്ന് വിലയിരുത്തപ്പെടുന്നു.
കടലിന്റെ അടിത്തട്ടില്‍ ചെളിയില്‍ പൂണ്ടു കിടക്കുന്ന കപ്പലിന് ഏകദേശം പൂര്‍ണ്ണ രൂപമാണുള്ളത്. കപ്പലിന് മുകളില്‍ അടിഞ്ഞു കൂടിയ ചെളിയാണ് അതിന് അധികം കേടുപാടുകള്‍ ഏല്‍ക്കാതെ സംരക്ഷിച്ചത്. എന്നാല്‍ കപ്പലിനെ പൂര്‍ണ്ണരൂപത്തില്‍ ഉയര്‍ത്തിക്കൊണ്ടു വരിക എന്നത് പ്രയാസമേറിയ കാര്യമാണെന്ന് ഗവേഷണത്തിനു നേതൃത്വം നല്‍കുന്ന ലഫ്. കേണല്‍ ഫ്രാന്‍സെസ്‌കോ ഷിലാര്‍ദി പറഞ്ഞു.
കപ്പല്‍ കണ്ടെത്തിയ ഭാഗത്തിന് പ്രത്യേകം സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഈ ഭാഗത്ത് മീന്‍പിടുത്തം താത്കാലികമായി നിരോധിച്ചിട്ടുണ്ട്.












Click it and Unblock the Notifications