Get Updates
Get notified of breaking news, exclusive insights, and must-see stories!

ടിപി ചന്ദ്രശേഖരന്‍ വധം: കുറ്റപത്രം സമര്‍പ്പിച്ചു

TP Chandrasekharan
കോഴിക്കോട്: ടിപി ചന്ദ്രശേഖരന്‍ വധക്കേസില്‍ പ്രത്യേക അന്വേഷണ സംഘം കുറ്റപത്രം സമര്‍പ്പിച്ചു. വടകര ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിലാണ് അന്വേഷണസംഘത്തിനുവേണ്ടി ഡിവൈഎസ്പി കെ വി സന്തോഷ്‌കുമാര്‍ കുറ്റപത്രം സമര്‍പ്പിച്ചത്. പകല്‍ 11 ന് മജിസ്‌ട്രേറ്റ് എം സുഹൈബ് മുമ്പാകെ 230 പേജുള്ള കുറ്റപത്രം സമര്‍പ്പിച്ചത്.

കൊലപാതകക്കേസും പ്രതികളെ ഒളിപ്പിച്ച സംഭവവും ഒറ്റ കുറ്റപത്രമായാണ് നല്‍കിയത്. ഇതുമൂലം പ്രതികളുടെ എണ്ണം 37ല്‍ നിന്ന് 76 ആയി ഉയര്‍ന്നിട്ടുണ്ട്. കൊലപാതകക്കേസില്‍ 37 പേരും പ്രതികളെ ഒളിപ്പിച്ച സംഭവത്തില്‍ 39 പേരുമാണ് പ്രതികള്‍.

സിപിഎമ്മിന്റെ രാഷ്ട്രീയപകപോക്കലാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് കുറ്റപത്രത്തില്‍ പറയുന്നു. വടകര ലോക്‌സഭാ മണ്ഡലത്തില്‍ സിപിഎമ്മിന്റെ പരാജയവും വടകരയിലും ഒഞ്ചിയത്തും സിപിഎമ്മിനെതിരായ ആര്‍എംപിയുടെ പ്രവര്‍ത്തനവും ഇരുകക്ഷികളിലെ പ്രവര്‍ത്തകരും തമ്മിലുള്ള ഏറ്റുമുട്ടലും കൊലപാതകത്തിന് കാരണമായെന്നും കുറ്റപത്രത്തിലുണ്ട്.

കേസില്‍ 76 പ്രതികളാണുള്ളത്. ഒന്നു മുതല്‍ ഏഴുവരെയുള്ള പ്രതികള്‍ക്കെതിരെ കൊലപാതവും എട്ടു മുതല്‍ 14 വരെയുള്ള പ്രതികള്‍ക്കെതിരെ ഗൂഡാലോചന കുറ്റവും 15 മുതല്‍ 37 വരെയുള്ള പ്രതികള്‍ക്കെതിരെ കൊലപാതകത്തിന് സഹായം ചെയ്തു നല്‍കി എന്ന കുറ്റവും 38 മുതല്‍ 76 വരെയുള്ള പ്രതികള്‍ക്കെതിരെ കൊലപാതകികളെ രക്ഷപ്പെടാന്‍ സഹായിച്ചുവെന്ന കുറ്റവുമാണ് ചുമത്തിയിരിക്കുന്നത്.

എം.സി അനൂപാണ് ഒന്നാം പ്രതി. കൊടി സുനി, കിര്‍മാണി മനോജ്, ടി.കെ. രജീഷ്, മുഹമ്മദ് ഷാഫി, സിജിത്ത്, ഷനോജ് എന്നിവരാണ് കൊലപാതക കുറ്റം നേരിടുന്ന പ്രതികള്‍. സിപിഎം കുന്നുമ്മക്കര ലോക്കല്‍ കമ്മിറ്റി അംഗം കെ.സി രാമചന്ദ്രനാണ് എട്ടാം പ്രതി. സി.എച്ച് അശോകന്‍ ഒന്‍പതാം പ്രതിയും പാനൂര്‍ ഏരിയ കമ്മിറ്റി അംഗം പി.കെ കുഞ്ഞനന്തന്‍ 13ാം പ്രതിയും കോഴിക്കോട് ജില്ലാ കമ്മിറ്റിയംഗം പി.മോഹനന്‍ 14ാം പ്രതിയുമാണ്. കൊലപാതികള്‍ക്ക് സഹായം ചെയ്ത കണ്ണൂര്‍ ജില്ലാ കമ്മിറ്റിയംഗം കാരായി രാജന്‍ 23ാം പ്രതിയും പ്രതികളെ രക്ഷപ്പെടാന്‍ സഹായിച്ച കെ.കെ രാഗേഷ് 65ാം പ്രതിയുമാണ്.

വ്യാജരേഖയുണ്ടാക്കി സിംകാര്‍ഡ് സംഘടിപ്പിച്ച കേസിലെ പ്രതികളെയും കൊലപാതകക്കേസിലാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്. വധശ്രമം വേറെ കേസായി രജിസ്റ്റര്‍ ചെയ്തത്‌കൊണ്ട് അതുമാത്രം വേറെ കുറ്റപത്രമായി പിന്നീട് കോടതിയില്‍ നല്‍കും. പ്രതികളുമായി നടത്തിയ ഫോണ്‍ കോളിന്റെ വിവരങ്ങളാണ് ഗൂഢാലോചനയില്‍ പങ്കെടുത്തവര്‍ക്കെതിരെ കുറ്റപത്രത്തിനൊപ്പം സമര്‍പ്പിക്കുന്ന പ്രധാന ശാസ്ത്രീയ തെളിവ്. ഇതിനു പുറമെ 326 സാക്ഷിമൊഴികളും പ്രതികളുടെ മൊഴികളും മറ്റ് ചില തെളിവുകളും അന്വേഷണസംഘം ശേഖരിച്ചിട്ടുണ്ട്.

എഴുപത്താറ് പ്രതികളുള്ള ആദ്യ കുറ്റപത്രം നല്‍കുന്നതോടെ കേസ് നിര്‍ണായകഘട്ടത്തിലെത്തിയിരിക്കുകയാണ്. കണ്ണൂരിലെ ചില സിപിഎം നേതാക്കള്‍ കൂടിയാലോചിച്ച് നടപ്പാക്കിയ കൊലപാതകമാണെന്ന് എം.സി. അനൂപ് ഉള്‍പ്പെടെയുള്ള പല പ്രതികളും മൊഴി നല്‍കിയിരുന്നു. എന്നാല്‍ ഇവരെ അറസ്റ്റ് ചെയ്യാനുള്ള ശക്തമായ തെളിവുകള്‍ ലഭിച്ചിട്ടില്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+