കൊച്ചി: ഒരു കാലത്തും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ നിന്ന് പ്രതീക്ഷിക്കാത്ത മാറ്റമാണ് ഇപ്പോള്‍ സംഭവിച്ചു കൊണ്ടിരിക്കുന്നതെന്ന് ജസ്റ്റിസ് വിആര്‍ കൃഷ്ണയ്യര്‍. ടിപി വധത്തെ കുറിച്ചുള്ള തന്റെ പ്രതികരണം ഒരു മാധ്യമവുമായി പങ്കുവയ്ക്കവേയാണ് കൃഷ്ണയ്യര്‍ വികാരധീനനായി സംസാരിച്ചത്. എകെജിയും മറ്റും കഷ്ടപ്പെട്ട് ഉണ്ടാക്കിയ ഒരു പാര്‍ട്ടി പട്ടികയനുസരിച്ച് വധം നടത്തുന്നുവെന്നാണ് പത്രങ്ങളില്‍ നിന്ന് മനസ്സിലാക്കുന്നത്. ഇതു കേള്‍ക്കുമ്പോള്‍ തനിക്ക് സങ്കടം വരുന്നുവെന്നും കൃഷ്ണയ്യര്‍ കരഞ്ഞു കൊണ്ട് പറഞ്ഞു.
ടിപി ചന്ദ്രശേഖരന്റെ വധത്തിന് പിന്നില്‍ സി.പി.എം. ആണെന്ന് തിരിച്ചറിയുന്നത് സങ്കടകരമാണ്. പിണറായിയും വിഎസും പരസ്പരം കുരിശുയുദ്ധം നടത്തുകയാണ്. ഇവര്‍ തമ്മില്‍ വഴക്കടിയ്ക്കുന്നതാണ് പല പ്രശ്‌നങ്ങള്‍ക്കും കാരണം. ഒരാള്‍ ഒരു അഭിപ്രായം പറയുന്നു. മറ്റേയാള്‍ തിരിച്ചു പറയും. ഒറ്റക്കെട്ടായി നീങ്ങുന്നതാണ് ഇടതുപക്ഷത്തിന്റെ ശക്തി. ഇത് താന്‍ ഇരുവരുമായും പങ്കുവച്ചിട്ടുണ്ട്. എന്നാല്‍ ആ ശക്തിയെ നശിപ്പിക്കുന്ന രീതിയിലാണ് ഇരുവരും തമ്മില്‍ വാക് യുദ്ധത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നത്.
ഇങ്ങനെയൊക്കെയാണ് രാഷ്ട്രീയമെന്നു മനസ്സിലായിരുന്നെങ്കില്‍ താനിതില്‍ വരില്ലായിരുന്നുവെന്നും കൃഷ്ണയ്യര്‍ പറഞ്ഞു. ജനങ്ങളുടെ ക്ഷേമമാണ് രാഷ്ട്രീയമെന്നും അ്‌ദ്ദേഹം അഭിപ്രായപ്പെട്ടു.