ഉരുള്‍പ്പൊട്ടല്‍: ഒരു മൃതദേഹം കൂടി കണ്ടെടുത്തു

കൊച്ചിയില്‍ നിന്നെത്തിയ നാവികസേനാ സംഘവും ഫയര്‍ഫോഴ്‌സും ചേര്‍ന്ന് നടത്തിയ തിരച്ചിലിലാണ് ഐപ്പിന്റെ മൃതദേഹം കണ്ടെത്തിയത്. രാവിലെ ഏഴ് മണി മുതല്‍ തിരച്ചില്‍ തുടങ്ങിയിരുന്നു.
കോതമംഗലം, മൂവാറ്റുപുഴ, തൊടുപുഴ എന്നിവിടങ്ങളില്‍ നിന്നെത്തിയ ഫയര്‍ഫോഴ്‌സ് സംഘമാണ് തിരച്ചില്‍ നടത്തുന്നത്. രാവിലെ ചെറിയ ചാറ്റല്‍ മഴയുണ്ടായിരുന്നെങ്കിലും കനത്ത തോതില്‍ മഴയില്ലാത്തത് രക്ഷാപ്രവര്‍ത്തകര്‍ക്ക് സഹായകരമായി. ഐപ്പിന്റെ മൃതദേഹം കണ്‌ടെടുത്ത പ്രദേശത്തിന്റെ 50 മീറ്റര്‍ ചുറ്റളവിലാണ് തെരച്ചില്‍ കേന്ദ്രീകരിച്ചിരിക്കുന്നത്.
പൈങ്ങോട്ടൂര്‍ പഞ്ചായത്തിലെ കടവൂര്‍ ഒടിയപാറ നാലാംബ്ലോക്കില്‍ വെള്ളിയാഴ്ച ഉച്ചയ്ക്ക് മൂന്നരയോടെയാണ് ഉരുള്‍പൊട്ടലുണ്ടായത്. ഏഴുവീട് പൂര്‍ണമായും മണ്ണിനടിയിലായി. രണ്ടു വീട് ഭാഗികമായി തകര്‍ന്നു. വട്ടക്കുന്നേല്‍ ജോസഫ് (78), കടുവാക്കുഴിയില്‍ മധു, മാടയ്ക്കാപ്പിള്ളി ഐപ്പിന്റെ ഭാര്യ ലീല (54) എന്നിവരുടെ മൃതദേഹങ്ങളാണ് മണ്ണിനടിയില്‍ നിന്ന് വെള്ളിയാഴ്ച രാത്രിയോടെ കണ്ടെടുത്തത്. ഉരുള്‍കണ്ട് ഹൃദയാഘാതമുണ്ടായാണ് താന്നിക്കുഴിയില്‍ നാരായണന്‍(53) മരിച്ചത്.
കുഞ്ചലക്കാട്ട് ബിനോയി, കടുവാക്കുഴിയില്‍ മധു, മണിക്കുന്നേല്‍ ഗോപാലന്‍, വട്ടക്കുന്നേല്‍ ജോസ്, വട്ടക്കുന്നേല്‍ ജോസഫ്, മാടയ്ക്കാപ്പള്ളില്‍ കുഞ്ഞൂഞ്ഞ് എന്ന ഐപ്പ്, കിഴക്കേടത്ത് മീരാന്‍ എന്നിവരുടെ വീടുകളാണ് ഒലിച്ചുപോയത്.












Click it and Unblock the Notifications